അങ്കമാലി: ആഫ്രിക്കയിലെ ടോഗോയിലെ ജയിലില്‍ ചെയ്യാത്ത തെറ്റിന് ആരുടെയും സഹായം ലഭിക്കാതെ അഞ്ചു മാസം നരകജീവിതം തള്ളിനീക്കിയ വിജയന് മോചിതനായി നാട്ടില്‍ എത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ആഫ്രിക്കയിലെ ടോഗോയിലെ ജയിലില്‍നിന്നും പുലര്‍ച്ചെ 2.30ന് മോചിതനായ വിജയന് ഇന്നലെ ഉച്ചയോടെ ദല്‍ഹിയില്‍ എത്തിയതിനുശേഷം വൈകീട്ട് നാലരയോടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് ദല്‍ഹിയില്‍നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
കടല്‍കൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അഞ്ച് മാസം മുമ്പ് ജയില്‍ അടയ്ക്കപ്പെട്ട വിജയന് മോചനം തേടി നാട്ടിലെത്തിയത് എല്ലാ നഷ്ടപ്പെട്ട് തീരെ അവശനായിട്ടാണ്. തുടര്‍ന്ന് ടോകൊയില്നിന്നും ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയ വിജയന് വളരെ ക്ഷീണിതനായിരുന്നതുകൊണ്ട് എത്രയും പെട്ടെന്ന് പാലക്കാടുള്ള ജന്മഗൃഹത്തിലെത്താന് എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. ജയില്‍ ജീവിതം നരകതുല്യമായിരുന്നുവെന്ന് വിജയന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എങ്കിലും ജയിലിലെ പട്ടാളക്കാരുടെ കനിവോടെ നാട്ടിലേക്ക് വല്ലപ്പോഴും ബന്ധപ്പെടുവാന്‍ കഴിയുമായിരുന്നു. തുടര്‍ന്ന് വിവരം അറിഞ്ഞ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര പ്രതിരോധമന്ത്രി എ. കെ. ആന്റണി, കേന്ദ്ര പ്രവാസമന്ത്രി വയലാര്‍ രവി എന്നിവര്‍ക്ക് സംഭവം വിവരിച്ച് നിവേദനം നല്‍കിയെങ്കിലും ഒരു മറുപടി നല്കുവാന് പോലും ആരും തയ്യാറായില്ല.
25 വര്‍ഷത്തെ സര്‍വ്വീസിനുള്ളില്‍ ആദ്യമായിട്ടാണ് ആഫ്രിക്കയിലേക്ക് പോയത്. അമേരിക്കയിലേക്കും യൂറോപ്പിലേക്കും ആണ് കപ്പല്‍ മാര്‍ഗം പോകാറുള്ളത്. പ്രമോഷന്റെ ഭാഗമായിട്ടാണ് ആഫ്രിക്കയിലേക്ക് പോകേണ്ടി വന്നത്. ഇനി ഒരിക്കലും ആഫ്രിക്കയിലേക്ക് പോകുകയില്ലെന്നും വിജയന് പറഞ്ഞു. കേരള സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഞങ്ങളുടെ രക്ഷയ്ക്കായി ഒന്നും തന്നെ ചെയ്തില്ല. നേരത്തെ തന്നെ ആരെങ്കിലും ഇടപെട്ടിരുന്നെങ്കില്‍ അഞ്ചു മാസം ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നില്ല. ഒരിക്കലും കിട്ടില്ലായെന്ന് വിചാരിച്ചിരുന്ന ജീവിതമാണ് തിരിച്ചു കിട്ടിയിരിക്കുന്നത്. ജയിലില്‍ കിടന്ന അഞ്ചു മാസക്കാലം ജീവിതത്തിലെ മോശം സമയമായിട്ടാണ് കാണുന്നത്. ഒരിക്കലും തിരിച്ചു വരാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. നാട്ടില്‍ മടങ്ങിയെത്താനായതില്‍ സന്തോഷമുണ്ടെന്നും വിജയന് വ്യക്തമാക്കി.
2012 നവംബറില്‍ നാട്ടിലെത്തി മടങ്ങിയ വിജയന്, കഴിഞ്ഞ ആഗസ്റ്റ് 10ന് നാട്ടില്‍ വരാനിരിക്കയെയാണ് ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടിവന്നത്. ജൂലൈ 16ന് ആണ് വിജയന് ജീവനക്കാരനായ ഓഷ്യന്‍ സെഞ്ചൂറിയന്‍ കപ്പലില്‍ കടല്‍കൊള്ളക്കാരെ ആക്രമിച്ചത്. തുടര്‍ന്നാണ് ജയിലിലായത്. കപ്പലില്‍ ഉണ്ടായ 28 പേരില്‍ ക്യാപ്റ്റന്‍ സുനില്‍ ജെയിംസ് അടക്കം മൂന്ന് മലയാളികളാണ് കൂട്ടത്തില്‍ ഉണ്ടായിരുന്നത്. പാലക്കാട് കുന്നത്തൂര്‍ സ്വദേശിയായ വിജയനെ സ്വീകരിക്കാന്‍ ഭാര്യ സജിത, മക്കളായ രോഹിത്, രോഷ്ണി, സഹോദരന് സുകുമാരന്‍ എന്നിവരാണ് വിമാനത്താവളത്തില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: