കൊച്ചി: കെപിഎംഎസിലെ ഭിന്നത മുതലെടുത്ത് പുന്നല ശ്രീകുമാറിനെ മുന്നില്‍നിര്‍ത്തി നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം. പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എറണാകുളത്ത് സംഘടിപ്പിച്ച യുഗസ്മൃതി ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്ജിയെതന്നെ പങ്കെടുപ്പിച്ചത്. രാഷ്ട്രപതിയെ കൂടാതെ മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ് തുടങ്ങിയവരും വേദിയില്‍ നിറഞ്ഞുനിന്നു. ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ നഷ്ടമാകുന്ന യുഡിഎഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് കെപിഎംഎസിലെ ഒരു വിഭാഗത്തെ കയ്യിലെടുക്കാനുള്ള തന്ത്രമാണ് ഇപ്പോള്‍ പയറ്റുന്നത്. രാഷ്ട്രപതിയെ പരിപാടിക്ക് ക്ഷണിച്ചതും എത്തിച്ചതും താനാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലതന്നെ സമ്മേളനത്തില്‍ തുറന്നുപറയുകയും ചെയ്തു.
വേദിയിലെപ്പോലെ സദസിലും കോണ്‍ഗ്രസ് നേതാക്കളുടെ അതിപ്രസരമായിരുന്നു. ജില്ലയില്‍നിന്നുള്ള എംഎല്‍എമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന്, മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി തുടങ്ങിയവരെല്ലാം സജീവമായി സദസില്‍ ഉണ്ടായിരുന്നു. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പുന്നല ശ്രീകുമാറിന് വേദിയില്‍ എത്താന്‍ കഴിഞ്ഞില്ല. സദസ്സിലിരുന്ന ശ്രീകുമാറിനെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ അടുത്തെത്തി അഭിനന്ദിച്ചു. സിപിഐ നേതാവ് സി. ദിവാകരന് പങ്കെടുക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല.
പ്രതിപക്ഷത്തുനിന്ന് പങ്കെടുത്ത ഏക നേതാവ് ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനായിരുന്നു. പുന്നല ശ്രീകുമാറിനെ മുന്നില്‍നിര്‍ത്തി കെപിഎംഎസിലെ അസംതൃപ്ത വിഭാഗത്തെ വരുതിയിലാക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. സാമുദായിക സംഘടനകളുടെ പിന്തുണ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മറ്റൊരു നീക്കമായാണ് ഇതിനെ കാണുന്നത്.
എന്‍എസ്എസിന് പുറമെ പിന്നോക്ക സമുദായ സംഘടനയായ കെപിഎംഎസിന്റെ കൂടി പിന്തുണ ലഭിക്കുന്നതോടെ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള ദൂരം കുറയുമെന്നും ചെന്നിത്തല കണക്കുകൂട്ടുന്നു. പാര്‍ട്ടിക്കുള്ളിലും പാര്‍ട്ടിക്ക് പുറത്തും പുന്നല വിഭാഗത്തിന്റെ പിന്തുണ നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: