തിരുവനന്തപുരം: അരങ്ങില്‍ ശത്രുതയും അണിയറയില്‍ മൈത്രിയുമാണ് ഇടത്-വലതു മുന്നണികളുടെ രാഷ്ട്രീയമെന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് പരിഹസിച്ചു. അതുകൊണ്ടുതന്നെ ഇടതു പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് ബദലാകാനല്ല വെറും വാലാകാനേ സാധിക്കൂ എന്ന് കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. ബിജെപി സമ്പൂര്‍ണ്ണ സംസ്ഥാനസമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കില്ലെന്ന് പ്രഖ്യാപിക്കാന്‍ സിപിഎമ്മിന് കഴിയുമോ? സിപിഎമ്മിന്റെ സഹായം തേടില്ലെന്ന് പറയാന്‍ കെപിസിസിക്ക് സാധിക്കുമോ? 2004ല്‍ പരസ്പരം മത്സരിച്ച ഇടതു-വലതു പാര്‍ട്ടികള്‍ യോജിച്ച് യുപിഎ സര്‍ക്കാരുണ്ടാക്കി. ജനങ്ങളെയും അണികളെയും വഞ്ചിച്ച ഇരുപാര്‍ട്ടികളുടെയും രാഷ്ട്രീയം സുതാര്യമല്ല. ഒത്തുകളിയാണവരുടെ ഇപ്പോഴത്തെ ധര്‍മ്മം. സോളാര്‍ സമരത്തില്‍ അത് കണ്ടു. അഴിമതി കേസുകളുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. ലാവ്ലിന് കേസില്‍ നിന്നും പിണറായിയെ രക്ഷിച്ച പ്രോസിക്യൂഷന് നടപടി ഒത്തുകളിയുടെ ഭാഗമാണ്. കെ.റ്റി.ജയകൃഷ്ണന് മാസ്റ്ററുടെയും ടിപി ചന്ദ്രശേഖരന് വധവും സിബിഐ അന്വേഷണത്തിലെത്താതാക്കാന് ഇരുകൂട്ടരും ഒത്തുകളിക്കുകയാണ്. ഈ അഭിനയം ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
കേരളം ബിജെപിക്ക് അനുകൂലമായി പാകപ്പെട്ടിരിക്കുന്നു. നരേന്ദ്രമോദിയുടെ പ്രഭാവം കേരളം കണ്ടു. അദ്ദേഹം പങ്കെടുത്ത രണ്ട് പരിപാടികളിലും ജനങ്ങളുടെ പങ്കാളിത്തം അതിന്റെ തെളിവാണ്. സര്‍ദാര്‍പട്ടേല്‍ പ്രതിമാസംരംഭവുമായി ജനങ്ങളുടെ സഹകരണവും അത്ഭുതാവഹമാണ്. രാഷ്ട്രീയത്തിനതീതമായ സഹായവും സഹകരണവും ബിജെപിക്ക് ലഭിക്കുന്നു. ബിജെപിയോടുള്ള രാഷ്ട്രീയ അയിത്തം നീങ്ങിക്കഴിഞ്ഞു. ഒരുമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ മുന്നണിയെയാണ് ബിജെപി ആഗ്രഹിക്കുന്നത്. മോദിയുടെ വികസന അജണ്ട സ്വാഗതം ചെയ്യുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവരുടെ കൂട്ടായ്മ ഉരുത്തിരിയാന്‍ പോകുന്നതായും കൃഷ്ണദാസ് സൂചിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് അധ്യക്ഷനായിരുന്നു. തീവ്രവാദ കേസില്‍ തടവില്‍ കഴിയുന്ന മദനിക്കുവേണ്ടി കൈകോര്‍ക്കുന്നവരുടെ മദനിസത്തെ വരുന്ന തെരഞ്ഞെടുപ്പില്‍ ജനം തള്ളിക്കളയുമെന്ന് മുരളീധരന് അഭിപ്രായപ്പെട്ടു.
ഫിബ്രുവരി രണ്ടിന് നരേന്ദ്രമോദി വീണ്ടും തിരുവനന്തപുരത്തെത്തുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ മുന്നണി ബന്ധങ്ങള്‍ തന്നെ മാറ്റിമറിക്കപ്പെടും. മോദിയെ നേരിടാന്‍ രാഹുലിന്റെ നേതൃത്വത്തില്‍ മതേതര കൂട്ടായ്മ വേണമെന്ന ചിലരുടെ പ്രഖ്യാപനങ്ങളെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
നെല്‍സണ്‍ മണ്ടേല, ഉത്രാടം തിരുനാള്‍, സി.എന്‍.കരുണാകരന്, പി.ടി.റാവു തുടങ്ങിയവരുടെ ദേഹവിയോഗത്തില്‍ അനുശോചനം പ്രകടിപ്പിച്ചാണ് നടപടികള്‍ ആരംഭിച്ചത്. കെ.പി.ശ്രീശന് അനുശോചന പ്രമേയം അവതരിപ്പിച്ചു. ദേശീയ സഹ സംഘടനാ സെക്രട്ടറി വി.സതീശ്, ഒ.രാജഗോപാല്‍, സി.കെ.പത്മനാഭന്, കെ.വി.ശ്രീധരന്മാസ്റ്റര്, പി.എസ്.ശ്രീധരന്‍പിള്ള, കെ.ആര്.ഉമാകാന്ത്, കെ.സുരേന്ദ്രന്, എം.ടി.രമേശ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: