തിരുവനന്തപുരം : കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന ഏഴാമത് തിരുവനന്തപുരം അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് 4ന് സ്പീക്കര്‍ ജി. കാര്ത്തികേയന് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ അധ്യക്ഷത വഹിക്കും. ഡോ. എന്‍. ജയരാജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഡോ.എം.ആര്. തമ്പാന് രചിച്ച ‘കുട്ടികളുടെ ലോകം’, സത്യജിത് റേ രചിച്ച് എം. ചന്ദ്രപ്രകാശ് വിവര്‍ത്തനം ചെയ്ത ‘അംബര്‍സെന്നിന്റെ തിരോധാനം’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം സ്പീക്കര്‍ നിര്‍വഹിക്കും.
യോഗത്തില്‍ മലയാള മിഷന് ഡയറക്ടര്‍ തലേക്കുന്നില്‍ ബഷീര്‍, ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറി സതീഷ് ബാബു പയ്യന്നൂര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ കലാസന്ധ്യ അരങ്ങേറും. എല്ലാദിവസവും രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് പുസ്തകപ്രദര്ശനം. 2000ലേറെ പ്രസാധകര് പങ്കെടുക്കും. ആകര്‍ഷകമായ വിലക്കുറവില്‍ പുസ്തകങ്ങള്‍ കരസ്ഥമാക്കാം.
നാളെ വൈകിട്ട് 5ന് ‘എന്റെ പുസ്തകം’ എന്ന വിഷയത്തില്‍ സുഗതകുമാരി പുനരാഖ്യാനം നിര്‍വഹിച്ച മഹാഭാരതത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം നടക്കും. തുടര്‍ന്ന് ‘മഹാഭാരതത്തിന്റെ ധാര്‍മിക ചൈതന്യം’ എന്ന വിഷയത്തില്‍ സെമിനാര്‍ ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. എം. നന്ദകുമാര്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും.
23ന് വൈകിട്ട് 5ന് ‘ദേശീയ സ്വാതന്ത്ര്യ സമരചരിത്രം കുട്ടികള്‍ക്ക്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ‘ദേശീയതയുടെ മാറുന്ന സൂചകങ്ങള്‍’ എന്ന സെമിനാറിന്റെ ഉദ്ഘാടനവും സാംസ്കാരികമന്ത്രി കെ.സി. ജോസഫ് നിര്‍വഹിക്കും. ഗാന്ധിസ്മാരകനിധി ചെയര്മാന് പി. ഗോപിനാഥന് നായര്‍ പുസ്തകം ഏറ്റുവാങ്ങും. രാജു കാട്ടുപുനം പുസ്തക പരിചയം നടത്തും. പന്ന്യന്‍ രവീന്ദ്രന്, കെ. മോഹന്‍കുമാര്‍, റാണി ജോര്‍ജ്ജ്, ഡോ. ഡി. ബഞ്ചമിന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
24ന് 3ന് ‘ജലസുരക്ഷ’ എന്ന വിഷയത്തില്‍ സെമിനാര്‍ സുഭാഷ് ചന്ദ്രബോസ് നയിക്കും. 5ന് ‘ റഷ്യന്‍ നാടോടിക്കഥകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നാടോടിക്കഥകളും കുട്ടികളും എന്ന സെമിനാറിന്റെ ഉദ്ഘാടനവും കാവാലം നാരായണപ്പണിക്കര്‍ നിര്‍വ്വഹിക്കും. റോസ്മേരി പുസ്തകം ഏറ്റുവാങ്ങും.
25ന് 2ന് സര്‍ഗ്ഗോത്സവത്തിന്റെ ഉദ്ഘാടനവും കുട്ടികള്‍ രചിച്ച പുസ്തകങ്ങളുടെ പ്രാകാശനവും മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിക്കും. വൈകിട്ട് 4ന് ‘കുട്ടികളുടെ രചന’ എന്ന വിഷയത്തിലുള്ള സെമിനാറിന്റെ ഉദ്ഘാടനം ജഗദീഷ് നിര്‍വ്വഹിക്കും.
പത്രസമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍, ഭരണസമിതി അംഗങ്ങളായ ജി.വി. ഹരി, എം. ചന്ദ്രപ്രകാശ്, അജിത് വെണ്ണിയൂര്‍, ഷാജു പുത്തൂര്‍, കോ-ഓര്‍ഡിനേറ്റര്‍ ടി.ആര്. രാധികാദേവി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: