കല്‍പ്പറ്റ : ഗോത്രവര്‍ഗക്കാരുടെ അന്യംനിന്ന് പോകുന്ന പാരമ്പര്യ കലകളും സംസ്ക്കാരവും പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യാനെന്ന പേരില്‍ വയനാട്ടില്‍ നടത്തുന്ന പൈതൃകോത്സവത്തില്‍ ക്രിസ്തുമസ് കരോള്‍ ഉള്‍പെടുത്തിയത് പ്രതിഷേധത്തിനിടയാക്കുന്നു.
പട്ടികവര്‍ഗ്ഗ-ജാതി വികസന വകുപ്പ്, കിര്‍ത്താഡ്സ്, യുവജനക്ഷേമ ബോര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പനമരം ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പരിസരത്ത് ഇന്ന് പൈതൃകോത്സവത്തിന് തിരിതെളിയും. പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മിയും, എംഎല്‍എ ഐ.സി.ബാലകൃഷ്ണനും പരിപാടിയുടെ നേതൃനിരയിലുണ്ട്. വയനാട്ടില്‍ ക്രിസ്തീയ മിഷണറിസംഘം ഗോത്രവിഭാഗങ്ങളെ ലക്ഷ്യമിട്ട് മതപരിവര്‍ത്തന ശ്രമം നടത്തുകയാണെന്ന് ആക്ഷേപമുണ്ട്. അതിനിടെ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന പൈതൃകോത്സവത്തില്‍ ക്രിസ്തുമസ് കരോള്‍ പരിപാടി ആസൂത്രണം ചെയ്തത് മതംമാറ്റ സംഘടനകളുടെ പ്രവര്‍ത്തനത്തിന് ആക്കംകൂട്ടിയിരിക്കുകയാണ്.
ക്രിസ്തുമസ് കരോളിന്റെ സംഘാടകരായിട്ടുള്ള തുടി ഏച്ചോം ഈശോ സഭയുടെ കീഴിലുള്ള പ്രവര്‍ത്തനമാണെന്നാണ് അറിയുന്നത്. പണിയ ഗോത്രവിഭാഗങ്ങളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്നാണ് ഇവര്‍ പറയുന്നതെങ്കിലും ലക്ഷ്യം മതപരിവര്‍ത്തനമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിലേക്കായി വര്‍ഷാവര്‍ഷം വലിയൊരു ഫണ്ടും ഇവര്‍ക്ക് ബിനാമി പേരില്‍ ലഭിക്കാറുണ്ടത്രെ.
സംസ്ഥാന പൈതൃകോത്സവത്തില്‍ ക്രിസ്തുമസ് കരോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ആദിവാസികള്‍ക്കിടയില്‍ ക്രൈസ്തവസംഘടനകള്‍ നടത്തികൊണ്ടിരിക്കുന്ന മതപരിവര്‍ത്തനത്തെ സര്‍ക്കാര്‍തന്നെ പരിപോഷിപ്പിക്കുന്നതിന് തുല്ല്യമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. മതംമാറ്റത്തിന് പ്രേരണ ചെലുത്തികൊണ്ടുള്ള ലഘുലേഖകളും വാഗ്ദാനങ്ങളുമായി വയനാട്ടിലെ ആദിവാസി കോളനികള്‍തോറും കയറിയിറങ്ങുന്ന ക്രൈസ്തവ സംഘടനാ വിഭാഗക്കാരുടെ എണ്ണം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധിക്കുകയാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുകളും വിദേശ ഫണ്ടുകളും ഉപയോഗിച്ച് പലവിധ പ്രോജക്ടുകളും മറ്റുമായി ആദിവാസി ഗോത്രവിഭാഗങ്ങളെ സമീപിച്ച് അവരുടെ പ്രീതി സമ്പാദിച്ചശേഷം മതപരിവര്‍ത്തനമാണ് ഇവരുടെ ലക്ഷ്യം.
ആദിവാസികളുടെ പൈതൃക കലയല്ലാത്ത കരോള്‍ഗാനം സര്‍ക്കാര്‍ ചെലവില്‍ നടത്തുന്നത് അംഗീകരിക്കാനാവില്ല. അതിനാല്‍ ഇത് പിന്‍വലിക്കണം. ഇതിനെതിരെ ജില്ലാ കലക്ടര്‍, മന്ത്രി ജയലക്ഷ്മി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് സി.പി.വിജയന്, ജനറല്‍ സെക്രട്ടറി എ.എം.ഉദയകുമാര്‍, പി.കെ.മുരളീധരന്, പി.കെ.നാരായണന് എന്നിവര്‍ അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: