ശബരിമല: ഗുരുസ്വാമി പട്ടത്തിന്റെ പ്രതീകമായ തെങ്ങ് വഴിപാടിന്റെ ധന്യതയില്‍ ശബരീശ സന്നിധാനം. തുടര്‍ച്ചയായി പതിനെട്ട് വര്‍ഷം മലചവിട്ടി തിരുസന്നിധിയില്‍ എത്താന്‍ അനുഗ്രഹാശിസുകള്‍ നല്കി കാനനവാസന് തെങ്ങിന് തൈ കാണിക്കയര്‍പ്പിച്ച് ഗുരുസ്വാമിപ്പട്ടം സ്വീകരിക്കാന്‍ എത്തുന്ന പെരിയസ്വാമിമാരുടെ തിരക്ക് സന്നിധാനത്ത് വര്‍ദ്ധിച്ച് വരികയാണ്. കലിയുഗവരദനായ അയ്യപ്പ സ്വാമിയുടെ ഇരുമുടിക്കെട്ട് നിറയ്ക്കാനുള്ള നിയോഗം സ്വായത്തമാക്കാന്‍ വേണ്ടിയാണ് കാതങ്ങള്‍താണ്ടി പെരിയസ്വാമികള് സന്നിധാനത്ത് എത്തുന്നത്. ഗുരുസ്വാമിപ്പട്ടം ലഭ്യമായാല്‍ മാത്രമെ അയ്യപ്പസ്വാമിയുടെ ഇരുമുടികെട്ട് നിറയ്ക്കാനുള്ള നിയോഗം ലഭ്യമാവുകയുള്ളൂ എന്നാണ് വിശ്വാസം. അയ്യപ്പസ്വാമിയുടെ മുന്നില്‍ ഇറക്കിവയ്ക്കാനുള്ള പതിനെട്ടാമത്തെ ഇരുമുടിക്കെട്ടും തെങ്ങിന് തൈകളുമായി ശ്രീധര്‍മ്മ ശാസ്താവിനെയും മാളികപ്പുറത്തമ്മയെയും വണങ്ങിയ ശേഷം ഭസ്മക്കുളത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് തൈകള്‍ നടുന്നത്. വിഷു ദിവസം കുളികഴിഞ്ഞ് ഈറനോടെ ഗുരുസ്വാമിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശരണ മന്ത്രങ്ങളോടെ വീടിന്റെ കിഴക്കോ വടക്കോ ഉള്ള തൊടിയില്‍ സ്ഥലം ശുദ്ധിവരുത്തിയ ശേഷമാണ് നാളികേരം പാകുന്നത്. തുളസിമാലയിട്ട് 41 ദിവസം കഠിനവ്രതം നോറ്റ ശേഷം കെട്ടു നിറ സമയത്ത് പ്രത്യേകം പൂജ ചെയ്ത് ശരണ മന്ത്രങ്ങള്‍ ഉരുവിട്ടാണ് തൈ പിഴുതെടുക്കുന്നത്. കെട്ടു നിറ പന്തലില്‍ നിന്നും തെങ്ങിന് തൈ സഞ്ചിയിലാക്കി തോളിലും ഇരുമുടിക്കെട്ട് ശിരസിലേറ്റിയുമാണ് ശബരിമല യാത്ര. പരമ്പരാഗത ആചാരനുഷ്ഠാനങ്ങള്‍ പിന്തുടര്ന്ന് മണ്ഡലകാലയളവില്‍ ദിനംപ്രതി ഒട്ടേറെ ഭക്തരാണ് ശബരിമലയില്‍ എത്തുന്നത്. കാനനവാസന് കല്പ്പവൃക്ഷവും കാടും മരങ്ങളും ഏറെ ഇഷ്ടമാണെന്ന് സ്വാമി ഭക്തര്‍ പണ്ടെ മനസിലാക്കിയിരുന്നത്രേ. തലമുറകള്‍ വാമൊഴിയായി കൈമാറിയ ഈ അറിവിന്റെ പശ്ചാത്തലത്തിലാണ് കേരളക്കാരുടെ കല്പ്പ വൃക്ഷമായ തെങ്ങിന് തൈകള്‍ അയ്യപ്പസ്വാമിയുടെ പൂങ്കാവനത്തില്‍ പ്രതിഷ്ഠിച്ച് ഗുരുസ്വാമിപ്പട്ടം സ്വീകരിച്ച് മലയിറങ്ങാന്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ സന്നിധാനത്ത് പ്രവഹിക്കുന്നത്. കേരളീയരെ അപേക്ഷിച്ച് തമിഴ്നാട്, ആന്ധ്രാ, കര്‍ണ്ണാടക തുടങ്ങിയ അയല്‍സംസ്ഥാന തീര്‍ത്ഥാടകരാണ് കൂടുതലായി തെങ്ങിന്‍തൈകളുമായി മലകയറുന്നത്. ഒരുതീര്ത്ഥാടന കാലത്ത് അരലക്ഷത്തില്‍ മേല്‍ തൈകള്‍വരെ ഇവിടെ ഭക്തര്‍ നടാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: