കല്‍പ്പറ്റ : മലപ്പുറം-വയനാട് അതിര്‍ത്തിയിലെ മേപ്പാടി വനത്തില്‍ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് വനപാലകര്‍ കടുവാ കണക്കെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്നലെ രാവിലെ 11.45 ഓടു കൂടി മേപ്പാടി മുണ്ടക്കൈ വെള്ളരിപ്പാറയിലാണ് സംഭവം. മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിലെ ഗാര്‍ഡുമാരായ കെ.അനൂപ്കുമാര്‍, വിജയന്, വാച്ചര്‍ രാജു എന്നിവരാണ് ഈ മേഖലയില്‍ കടുവാ സെന്‍സസിന്റെ ഭാഗമായി വനത്തിലെത്തിയത്. വെള്ളരിപ്പാറയില്‍ വച്ച് ഏകദേശം 500 മീറ്റര്‍ അകലെയായി ആകാശത്തേക്കു വെടിയുതിര്‍ത്തതു പോലുള്ള ശബ്ദമാണ് കേട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഈ വനത്തിന്റെ ഭാഗമായ നിലമ്പൂര്‍ പോത്തുകല്ലില്‍ വനപാലകര്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളെ കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വെടിയൊച്ച കേട്ടത് മാവോയിസ്റ്റ് സംഘത്തില്‍ നിന്നാണെന്ന നിഗമനത്തില്‍ വനപാലക സംഘം സെന്‍സസ് അവസാനിപ്പിക്കുകയായിരുന്നു.
വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളാണോ വേട്ടക്കാരാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മേപ്പാടി പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. വിവരം വനംവകുപ്പ് ഉന്നതോദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. മേലധികാരികളുമായി കൂടിയാലോചിച്ച് നിലമ്പൂര്‍ വനമേഖലയില്‍ കടുവാ സെന്‍സസ് പുനരാരംഭിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജില്ലയില്‍ വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നും വേണ്ടത്ര ആയുധങ്ങളോ മറ്റു സുരക്ഷാ ഉപകരണങ്ങളോ ഇല്ലാത്ത സാഹചര്യത്തില്‍ കടുവാസെന്സസ് ദുഷ്ക്കരമാണെന്ന് വനം വകുപ്പിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജില്ലാതല ഉദ്യോഗസ്ഥര്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഈ സാഹചര്യത്തിലാണ് വനത്തില്‍ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് സെന്‍സസ് നിര്‍ത്തി വെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: