കൊച്ചി: രാഷ്ട്രപതി പ്രണബ്മുഖര്‍ജി കൊച്ചിയിലെത്തുന്നതു കാത്തിരിക്കുകയാണ് കടവന്ത്ര ശാസ്ത്രിനഗര്‍ സ്വദേശി വിശ്വനാഥന് നായര്‍. ഇനി പരാതി പറയാനല്ല. പരാതികള്‍ പറഞ്ഞുമടുത്തു. കഴിഞ്ഞ 31 വര്‍ഷമായി കേന്ദ്ര ഭരണകൂടം കാഴ്ചയില്ലാത്ത തന്നോട് കാണിക്കുന്ന ക്രൂരത പരാതിയായി ജില്ലാ കളക്ടര്‍ മുതല്‍ രാഷ്ട്രപതിമാര്വരെയുള്ളവര്ക്ക് മുന്നില്‍ എത്തിച്ചുകഴിഞ്ഞു. ഇനി പ്രണബ് മുഖര്‍ജിയെ കണ്ട് ആവശ്യപ്പെടാനുള്ളത് മരിക്കാനുള്ള അവകാശമാണ്. അതേ, മേഴ്സി കില്ലിംഗ്. ഇന്ത്യയില്‍ മേഴ്സി കില്ലിംഗ് നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ട് മരിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി വേണം. ഇതുമാത്രമാണ് ഇനി വിശ്വനാഥന്‍നായര്‍ക്ക് അധികൃതരോട് ആവശ്യപ്പെടാനുള്ളത്.
കരളലിയിക്കുന്നതാണ് വിശ്വനാഥന്‍നായരുടെ ജീവിതകഥ. ഇപ്പോള്‍ വയസ് 70 കഴിഞ്ഞു. ജീവിതം ഇരുട്ടില്‍ തന്നെ. കഴിഞ്ഞ 31 വര്‍ഷമായി നീതിക്കുവേണ്ടി ഇദ്ദേഹം കയറിയിറങ്ങാത്ത വാതിലുകളില്ല. ഡെറാഡൂണില്‍ കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ ക്വാളിറ്റി കണ്ട്രോളര് ആയി 1979 ല്‍ ജോലിയില്‍ പ്രവേശിച്ചതാണ് അന്ധനായ വിശ്വനാഥന്‍നായര്‍. കാഴ്ചയില്ലാത്തവരുടെ ക്വാട്ടയിലാണ് ജോലി കിട്ടിയത്. റെയില്‍വേ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാര പരിശോധന നടത്തുകയായിരുന്നു ജോലി. കാഴ്ചയില്ലാത്തതുകൊണ്ട് പലതും ഇദ്ദേഹം കാണില്ലെന്ന് ധരിച്ചവര്‍ക്ക് തെറ്റി. സര്‍വീസില്‍ കയറി അധികം വൈകും മുമ്പ് വിശ്വനാഥന്‍നായര്‍ പലരുടെയും കണ്ണിലെ കരടായി മാറുകയായിരുന്നു. ഈ മേഖലയില്‍ നടക്കുന്ന കോടികളുടെ അഴിമതിക്കഥകള്‍ വിശ്വനാഥന്‍നായര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അതോടെ അധികാരത്തിന്റെ ഉന്നത ശ്രേണികളില്പ്പോലും ഇദ്ദേഹത്തിന് ശത്രുക്കളുണ്ടായി.
1981 ഏപ്രില്‍ 15 ന് ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. വ്യക്തമായ കാരണമൊന്നും കാണിക്കാതെയായിരുന്നു സസ്പെന്ഷന്. പിന്നീട് അധികം വൈകാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവും ലഭിച്ചു. അന്താരാഷ്ട്ര വികലാംഗ വര്‍ഷമായി ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും ആചരിച്ച 1981 തന്നെയാണ് വിശ്വനാഥന്നായരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്തതെന്നതും കൗതുകം. അന്നുമുതല്‍ നീതിക്കായി പോരാടുകയാണ് ഈ മനുഷ്യന്. യോഗ്യതയില്ലെന്ന് മാത്രമാണ് ഓരോ തവണയും മറുപടി.
മേലുദ്യോഗസ്ഥര്‍ക്ക് മുന്നിലും കോടതികള്‍ക്ക് മുന്നിലും ആയിരം തവണ നിവേദനങ്ങളും ഹര്‍ജികളുമായി വിശ്വനാഥന്‍നായര്‍ കയറിയിറങ്ങി. പിരിച്ചുവിട്ടത് എന്തിനാണ് എന്നെങ്കിലും പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ നിവേദനങ്ങളും ഹര്‍ജികളും ബധിര കര്‍ണങ്ങളിലാണ് പതിച്ചത്. ഒടുവില്‍ സുപ്രീംകോടതി വിശ്വനാഥന്നായരെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ വിധിച്ചെങ്കിലും അധികാരത്തിന്റെ ഇടനാഴികളിലെ അഴിമതിയുടെ പങ്കുപറ്റുന്നവരുടെ സ്വാധീനം എല്ലാ നിയമസംഹിതകള്‍ക്കും മുകളിലാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. സുപ്രീംകോടതി ഉത്തരവ് പോലും അവഗണിക്കപ്പെട്ടു.
ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ താന്‍ എല്ലാ പ്രധാനമന്ത്രിമാര്‍ക്കും ഇക്കാര്യങ്ങള്‍ വിശദമാക്കി കത്തയക്കാറുണ്ടെന്ന് വിശ്വനാഥന്‍നായര്‍ പറയുന്നു. അടല്‍ബിഹാരി വാജ്പേയി മാത്രമാണ് പ്രശ്നം പരിഗണിക്കാം എന്ന് മറുപടി നല്‍കിയത്. പ്രതിപക്ഷ നേതാവായിരിക്കെ വാജ്പേയി ഈ പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഒരു ഫലവുമുണ്ടായില്ല.
ജീവിതത്തിന്റെ വസന്തം തുടങ്ങുന്ന കാലത്ത് 26-ാമത്തെ വയസിലാണ് വിശ്വനാഥന്‍നായര്‍ക്ക് കാഴ്ച നഷ്ടമാവുന്നത്. റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന രോഗമായിരുന്നു. ചികിത്സയില്ലാത്ത ഈ രോഗം കാഴ്ചശക്തി കവര്‍ന്നെടുത്തെങ്കിലും തളരാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അങ്ങനെയാണ് ഡെറാഡൂണിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വിഷ്വലി ഹാന്റികാപ്പ്ഡ് എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ലൈറ്റ് എഞ്ചിനിയറിംഗ് ഡിപ്ലോമ നേടിയത്.
തുടര്‍ന്നാണ് വികലാംഗ ക്വാട്ടയില്‍ ജോലി ലഭിച്ചത്. വികലാംഗര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ മറ്റീവ്ക്കുന്ന കോടികള്‍ ചെന്നെത്തുന്നത് അധികാരത്തിന്റെ ഇടനാഴികളില്‍ സ്വാധീനമുള്ള ചില കേന്ദ്രങ്ങളിലേക്കാണെന്നും ഉന്നതരായ രാഷ്ട്രീയനേതാക്കള്‍ പോലും ഇതിന്റെ പങ്ക് പറ്റുന്നുണ്ടെന്നും വിശ്വനാഥന്‍നായര്‍ പറയുന്നു. ഡെറാഡൂണിലെ അക്കാദമിയില്‍ പരിശീലനം നേടിക്കൊണ്ടിരുന്നപ്പോള്തന്നെ ഇത്തരം നിലപാടുകള്‍ വിശ്വനാഥന്നായരെ പലരുടെയും ശത്രുവാക്കിയിരുന്നു.
ഇന്ത്യന്‍ റെയില്‍വേക്ക് വേണ്ടി ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്കുന്നതില് വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് മൊറാര്‍ജി ദേശായി സര്‍ക്കാരിന് തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് നല്‍കിയതാണ് ഇദ്ദേഹത്തെ പലര്‍ക്കും അനഭിമതനാക്കിയത്. തുടര്‍ന്ന് വന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് പിരിച്ചു വിട്ടത്. മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആ ശത്രുക്കള്‍ സജീവമായി തുടരുന്നതാണ് 70-കാരനായ ഈ വൃദ്ധനെ അത്ഭുതപ്പെടുത്തുന്നത്.
നാളെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ രണ്ട് വരിയുള്ള ഒരു നിവേദനം ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. I cant’t bear this injustice anymore. Kindly allow my mercy killing. അതേ, 70 കഴിഞ്ഞ അന്ധനായ ഈ വൃദ്ധന് ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രഥമപൗരനോട് അപേക്ഷിക്കുന്നു. തന്നെയൊന്ന് കൊന്നുതരാന്‍.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: