ശബരിമല: പുല്ലുമേട്ടില്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യവും മറ്റും ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ നടപടികള്‍ സ്വീകരിക്കാത്തത് തീര്‍ത്ഥാടകരോട് കാണിക്കുന്ന അനീതിയാണെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ ബന്ദാരു ദത്താത്രയ പറഞ്ഞു.
ഇതുവരെ ഇതില്‍മേല്‍ ഉള്ള ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരത്തതും ആശങ്കാജനകമാണ് . ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ദിനം പ്രതി വര്‍ദ്ധനവ് ഉണ്ടാകുമ്പോഴും അവര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം ,വൈദ്യസഹായം, യാത്രാ സൗകര്യം, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം എന്നിവ ലഭ്യമാക്കണം. തീര്‍ത്ഥാടകര്‍ സന്നിധാനത്തെ നടപാതകള്‍ക്ക് അരുകിലും തുറസ്സായ സ്ഥലങ്ങളിലും മഴയും മഞ്ഞും വെയിലുമേറ്റാണ് വിരി വെച്ച് കിടക്കുന്നത്.ഇവര്‍ക്ക് ആവശ്യമായ വിരിപന്തലുകള്‍ നിര്‍മ്മിക്കണം ,ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായവും തേടണം. സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളില്‍ നിന്നും പമ്പയ്ക്ക് സ്പെഷ്യല്‍ സര്‍വീസും കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകളും നിലവിലുള്ള ട്രെയിനുകള്‍ക്ക് കൂടുതല്‍ ബോഗികളും അനുവദിക്കണം. ഇത് സംബന്ധിച്ചുള്ള വിഷയങ്ങള്‍ അടിയന്തരമായി കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ചചെയ്യും. വിമാനത്താവളത്തിന്റെ പേരില്‍ ആറന്മുള ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെയും കൊടിമരത്തിന്റെയും ഉയരം കുറയ്ക്കണമെന്ന ആവശ്യം ഹിന്ദു വികാരം വൃണപ്പെടുത്തുന്നതാണ്. ഈ ആവശ്യത്തിന് പിന്നില്‍ ഗൂഢാലോചന നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി ഉടലെടുത്ത സാഹ്യചരത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണോ വേണ്ടയോ എന്ന് ജനം തിരുമാനിക്കും. ഇനിയും ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അത് ബി.ജെ.പിയെ ഭരണത്തില്‍ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: