കൊച്ചി: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിനോട് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. 2012ല്‍ തൃക്കാക്കര സ്വദേശി ഗിരീഷ് ബാബു അഡ്വ.ജോസഫ് റോണിജോസ് മുഖേന ഫയല്‍ ചെയ്ത പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഒരു കൊല്ലത്തിനുശേഷവും എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായില്ല. തുടര്‍ന്നാണ് എതിര് സത്യവാങ്മൂലം നാലാഴ്ച്ചയ്ക്കുള്ളില്‍ ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയത്.
2010-ല്‍ ഹര്ജിക്കാരന് എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച നിരവധി രേഖകള്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന് കോടതിയില്‍ ഹാജരാക്കി. ഭൂമി കയ്യേറ്റം നടന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം ലാന്റ് ബാങ്ക് അസി.കമ്മീഷണര്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കയച്ച കത്തിലും നടപടിയുണ്ടായില്ല.
ലാന്റ് ബാങ്കിലെ സ്പെഷല്‍ ഓഫീസര്‍ കയ്യേറ്റം നടന്നതായിട്ടും സ്വകാര്യവ്യക്തികള്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചുവെന്നും ഫയല്‍ ലാന്റ് റവന്യു കമ്മീഷണറേറ്റിലേക്ക് അയച്ചുകൊടുത്തുവെന്നും അറിയിച്ചിരുന്നു. എന്നാല്‍ കടുത്ത സ്ഥലദാരിദ്ര്യമുള്ള എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തികാണിക്കുന്നില്ലെന്നു അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചു.
ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ്.എ.എം.ഷെഫീക് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: