കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും എല്‍ഡിഎഫിന്റെ ശക്തി മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിക്കായി കണ്ണൂരിലെത്തുമ്പോള്‍ അറിയാമെന്നുളള സിപിഎം നേതാക്കളുടെ ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ നഗരം കടുത്ത സംഘര്‍ഷ ഭീതിയിലാണ്.
കഴിഞ്ഞ മാസം സംസ്ഥാന പോലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങില്‍ സംബന്ധിക്കാന്‍ മുഖ്യമന്ത്രി കണ്ണൂരിലെത്തിയപ്പോള്‍ അദ്ദേഹത്തിനു നേരേയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലം കൂടി മുന്നിലുളളതിനാല്‍ എല്‍ഡിഎഫിന്റെ പ്രതിഷേധം വീണ്ടും അക്രമാസക്തമാവുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.് പരിപാടി നടക്കുന്ന സ്റ്റേഡിയത്തിലും സമീപ പ്രദേശങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി മൂവായിരത്തിലധികം പോലീസ് സേനയേയാണ് വിന്യസിച്ചിരിക്കുന്നത്. പരിപാടി നടക്കുന്ന ഭാഗത്തേക്കുളള നഗരത്തിലെ വഴികളെല്ലാം ബാരിക്കേഡുകള്‍ തീര്‍ത്ത് ഇന്നലെ തന്നെ ഭാഗികമായി അടച്ചു. സംശയാസ്പദമായി കണ്ടെത്തുന്നവരെയെല്ലാം പോലീസ് പ്രത്ര്യേകം നിരീക്ഷിച്ചു വരുന്നുണ്ട്. ജനസമ്പര്ക്കത്തിനെത്തുന്നവരെ നിരീക്ഷിക്കാന്‍ 32 സിസി ടിവി ക്യാമറകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. 32 വീഡിയോ ക്യാമറകള്‍ ചിത്രങ്ങള്‍ പകര്‍ത്തും. മെറ്റല്‍ ഡിറ്റക്റ്ററുകള്‍ ഉപയോഗിച്ച് പരിശോധനകള്‍ നടത്തിയതിനുശേഷം മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവരെ അകത്തേക്ക് കടത്തിവിടൂ. ഏതെങ്കിലും രീതിയില്‍ അക്രമം ഉണ്ടായാല്‍ കടുത്ത നടപടികളെടുക്കാന്‍ പോലീസ് സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായറിയുന്നു. ഇന്നലെ ഇന്റലിജന്റസ് എഡിജിപി ടി.പി.സെന്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഓഫീസര്‍മാരുടെ യോഗം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. നഗരത്തില്‍ കര്‍ശനമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ മറ്റ് ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവര്‍ ഏറെ ബുദ്ധിമുട്ടും. സ്റ്റേഡിയവും പരിസരവും സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജന സമ്പര്‍ക്ക പരിപാടിയിലേക്ക് രാവിലെ 6മണി മുതല്‍ പരാതിക്കാരെ പ്രവേശിപ്പിക്കും. അകത്ത് പ്രവേശിക്കുന്നവര്‍ അറിയിപ്പു കാര്‍ഡും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാര്‍ഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി കടന്നു പോവുന്ന കവാടത്തില്‍ ഏല്‍പ്പിക്കണം. ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡി, ഐജി സുരേഷ് രാജ് പുരോഹിത്, എസ്പിമാരായ രാഹുല്‍ ആര് നായര്‍, ഡി.സാലി, കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.വി.വേണുഗോപാല്‍, തൃശൂര്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് കമാണ്ടന്റ് പി.എ.വല്സലന് തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സുരക്ഷ കൈകാര്യം ചെയ്യുന്നത്.
സാധാരണക്കാരുടെ കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ വേണ്ടിയും ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ വക ധനസഹായം വിതരണം ചെയ്യാനുമായി ജില്ലകള്‍ തോറും നടത്തിയ ജനസമ്പര്‍ക്ക പരിപാടികള്‍ ധൂര്‍ത്തിന്റെ പര്യായമായി മാറിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി കണ്ണൂരിലെ ജനസമ്പര്‍ക്ക മേള മാറുകയാണ്. മറ്റു ജില്ലകളില്‍ ചെലവായ തുകയുടെ നാലിരട്ടിയാണ് സുരക്ഷാ സംവിധാനങ്ങള്‍ക്കടക്കം കണ്ണൂരിലെ ജനസമ്പര്‍ക്ക മേളക്ക് പൊതുഖജനാവില്‍ നിന്ന് വിനിയോഗിക്കപ്പെടാന്‍ പോകുന്നതെന്നാണ് കണക്കുകകളും മുന്നൊരുക്കങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇത്രയും വലിയ തുക സംസ്ഥാനത്തെ നൂറുകണക്കിന് പട്ടിണിപ്പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കാമെന്നിരിക്കെ ഉത്സവ മാമാങ്കം പോലെ ജനസമ്പര്ക്കമേള നടത്തുന്ന ഗവണ്മെന്റ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന എല്‍ഡിഎഫ് തീരുമാനവും ഇതിനെ പ്രതിരോധിക്കാനായി ആഭ്യന്തര വകുപ്പ് എടുത്തിരിക്കുന്ന നടപടികളും സമാധാന കാംക്ഷികളായ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: