പിട്ടോറിയ: വിമോചന നായകന് അന്തരിച്ച നെല്‍സണ്‍ മണ്ടേലക്ക് ജന്മനാട്ടില് പൈതൃകാചാരങ്ങളോടെ അന്ത്യ വിശ്രമം. മാഡിബയുടെ അന്തിമ സംസ്കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിരവധി ലോക നേതാക്കളാണ് എത്തിയത്. ഗോത്രാചാര പ്രകാരം മണ്ടേലയുടെ ജന്മനാടായ ഖുനുഗ്രാമത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. സംസ്കാര ചടങ്ങുകളുടെ ഭാഗമായി ബഹുമത പ്രാര്‍ത്ഥന നടന്നു. പ്രാര്‍ത്ഥനാ ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ്ബ് സുമയുള്പ്പടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസത്തെ ചടങ്ങില്‍ മഹാനായ കര്‍മയോഗിയെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡനൃ ജേക്കബ് സുമ പ്രസ്താവിച്ചു. ‘അദ്ദേഹം നമ്മുടെ പിതാവും രക്ഷകനുമായിരുന്നു. ആര്‍ക്കുമില്ലാത്ത ഏതോ സവിശേഷതയാല്‍ അദ്ദേഹം അനുഗ്രഹിക്കപ്പെട്ടിരുന്നു. പ്രിയ നേതാവേ അങ്ങയെ ഞങ്ങള്‍ നിത്യവും ഹൃദയത്തില്‍ സൂക്ഷിക്കും’ സുമയുടെ വാക്കുകള്‍ വിതുമ്പലോടെയായിരുന്നു സദസ്സ് ശ്രവിച്ചത്.
സംസ്കാരചടങ്ങുകളില്‍ ബന്ധുക്കള്ക്കുമാത്രമായിരുന്നു പ്രവേശനം. കുടുംബാംഗങ്ങളും ഗോത്രനേതാക്കളും മൃതദേഹത്തെ അനുഗമിച്ചു. പൂര്‍വികര്‍ക്കു സമീപമാണു മണ്ടേലയെ അടക്കം ചെയ്തത്. പ്രത്യേകമായി തീര്‍ത്തിരുന്ന വലിയ വെളുത്ത കൂടാരത്തിലാണു തെബു ആചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍ നടന്നത്.
ഏറെ പ്രത്യേകതകളോടെയാണ് സംസ്കാരം നടന്നത്. ക്സോസ വംശീയ വിഭാഗത്തിലെ തെബു ഗോത്രത്തിന്റെ നേതാവാണ് അദ്ദേഹം. ജൊഹാന്നസ്ബര്‍ഗില്‍ മരിച്ച മണ്ടേലയുടെ ആത്മാവിനെ പൂര്‍വിക ഭവനമായ ഖുനുവിലേക്ക് ആനയിക്കുന്ന ചടങ്ങാണ് ആദ്യം നടന്നത്. സംസ്കാരസമയത്ത് ആത്മാവ് മൃതദേഹവുമായി ഒരുമിച്ചുചേരണമെന്നാണ് ഗോത്രവര്‍ഗത്തിന്റെ അനുശാസനം. ഇല്ലെങ്കില്‍ ആത്മാവ് ഗതികിട്ടാതെ അലഞ്ഞു നടക്കും. അനിഷ്ട സംഭവങ്ങള്‍ക്ക് അതു കാരണമാകുമെന്നും ഗോത്രവര്‍ഗക്കാര്‍ വിശ്വസിക്കുന്നു. ആത്മാവിനെ മടക്കിവിളിക്കുന്ന ചടങ്ങ് ഗോത്രത്തിലെ മുതിര്‍ന്ന വ്യക്തിയാണു നിര്‍വഹിച്ചത്.
സംസ്കാരത്തിനു മുന്നോടിയായി ക്സോസ വിഭാഗം മുതിര്‍ന്നവരുടെ ഭവനങ്ങളില്‍ ഒരുമിച്ചു ചേര്‍ന്ന് കാലികളെ ബലിനല്കുന്ന ചടങ്ങുണ്ടായിരുന്നു. ഗോത്രത്തിന്റെ പരമ്പരാഗതമായ കുന്തം വഹിക്കുന്നയാളാണ് ബലികര്‍മം അനുഷ്ഠിച്ചത്. മണ്ഡേല ഗോത്ര നേതാവ് ആയതിനാല്‍ അദ്ദേഹത്തിന്റെ ശവപ്പെട്ടി മൃഗത്തോലുകൊണ്ടു പൊതിഞ്ഞിരുന്നു. ഗോത്രനേതാക്കള്‍ മൃതദേഹത്തിന് അകമ്പടി സേവിച്ചു. മണ്ടേലയുടെ ഗോത്രപ്പേരുകള്‍ ഉച്ചരിക്കുകയും അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍ പ്രകീര്‍ത്തിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: