തിരക്കേറിയ കാലത്ത് ഒട്ടും തിരക്കില്ലാതെ ഒരു മനുഷ്യന്. ആദ്യകാഴ്ചയില്‍ ഒരു പ്രത്യേകതയും തോന്നാത്ത രൂപവും ഭാവവും. ഇയാള്‍ ചിത്രകലയുടെ രാജാവായ സി.എന്‍.കരുണാകര നാണെന്ന് അപരിചിതര്‍ക്ക് ഊഹിച്ചെടുക്കാന്‍ ഒരുവഴിയുമില്ല. സാധാരണക്കാരിലും സാധാരക്കാരന്. വിനയം, ലാളിത്യം എന്നിവ മുഖമുദ്രയാക്കിയ കലാകാരന്. അംഗീകാരങ്ങള്‍ക്കും പ്രശസ്തി പത്രങ്ങള്‍ക്കും പിന്നാലെ ഭ്രാന്തവേഗത്തില്‍ പായുന്ന കൂട്ടങ്ങളിലൊന്നും ഈ കലയുടെ ചക്രവര്‍ത്തിയെ ആര്‍ക്കും കാണാനാകില്ല.
തന്റെ കര്‍മ്മ രംഗമായ ചിത്രമെഴുത്തില്‍ മാത്രമായിരുന്നു അദ്ദേഹത്തിന് താത്പര്യം. ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ നാലുകെട്ടില്‍ നിന്നും ആധുനികതയുടെ നടവഴികളിലേക്ക് ചിത്രകലയെ കൈപിടിച്ചു നടത്തിയവരുടെ കൂട്ടത്തില്‍ സി.എന്‍.കരുണാകരനുമുണ്ടായിരുന്നു. ഒരു അവകാശവാദങ്ങളും ഇല്ലാതെ.
ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ ആചാര്യനായ കെ.സി.എസ്.പണിക്കര്‍ തന്നെയാണ് സി.എന്‍.കരുണാകരനെയും ചിത്രകലയുടെ നേര്‍വഴികളിലേക്ക് നയിച്ചത്. സിഎന്റെ ആദ്യകാല ചിത്രങ്ങള്‍ കെസിഎസിന്റെ നിഴല്‍ വീണ് കിടക്കുന്നു. ഏറെകഴിയും മുമ്പ് കെസിഎസിന്റെ വരവഴികളില്നിന്ന് ചുവടുമാറിനടന്നു സിഎന്‍. സ്വന്തമായി രചനാ വഴികള്‍ തെരഞ്ഞെടുത്ത സിഎന്റെ ചായക്കൂട്ടുകള്‍ക്ക് എന്നും പ്രിയങ്കരം ചുറ്റുപാടുമുള്ള ജീവിത രൂപങ്ങളായിരുന്നു. സങ്കീര്‍ണ്ണമായ ഭാവപ്രപഞ്ചം ഉള്‍ക്കൊള്ളുന്ന രൂപങ്ങളാണ് സിഎന്റെ ക്യാന്‍വാസില്‍ വിരിഞ്ഞത്.
ജീവന്റെ പ്രകൃതിയുമായുള്ള ബന്ധമാണ് സിഎന്‍ ചിത്രങ്ങളുടെ മൗലികധാര. ജൈവപ്രകൃതിയുടെ ഊര്‍ജ്ജം നിറയുന്ന വര്‍ണ്ണലോകമാണ് സിഎന്‍ തന്റെ ചിത്രങ്ങളിലൂടെ സൃഷ്ടിച്ചത്. ജീവന്റെയും പ്രകൃതിയുടെയും അതിജീവനത്തിന്റെ നിറക്കുട്ടുകള്കൂടിയായിരുന്നു സിഎന്‍ ചിത്രങ്ങള്‍. കെസിഎസ് സ്കൂളിന്റെ ചുവട് പിടിച്ച് പ്രകൃതിയുടെ വൈവിധ്യതയാര്‍ന്ന അനേകം ചിത്രങ്ങള്‍ ആദ്യകാലത്ത് സിഎന്‍ ഒരുക്കിയിട്ടുണ്ട്. ഗ്രാമപ്രകൃതിയുടെ മനോഹരമായ നിഴല്‍ കാഴ്ച്ചകളാണ് ഇവയില്‍ പലതും. ഇന്ത്യന്‍ ചിത്രകലയുടെ മൗലിക വഴികളിലൊന്നായ മ്യൂറല്‍ പെയിന്റിംഗിന്റെ വിദൂര സാന്നിധ്യവും സിഎന്‍ ചിത്രങ്ങളെ വ്യത്യസ്തതയാര്ന്നതാക്കുന്നു.
പാരമ്പര്യത്തിന്റെ മൗലികതയും ആധുനികതയുടെ ഭാവപരിവര്ത്തനവും സമാനമായ അളവില്‍ സിഎന്‍ ചിത്രങ്ങളെ സ്വാധിനിച്ചിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ആധുനിക സമൂഹത്തിന്റെ പാരിസ്ഥിതികവും മാനുഷികവുമായ ആകുലതകളെ വരഞ്ഞിടുന്നതില്‍ സിഎന്റെ ബ്രെഷുകളും ചായക്കുട്ടുകളും ഒരിക്കലും പിശുക്ക് കാണിച്ചിരുന്നില്ല. വര്‍ത്തമാനത്തിന്റെ വെല്ലുവിളികളേറ്റ ജീവന്റെയും പ്രകൃതിയുടെയും പിടച്ചിലുകളാണ് സിഎന്‍ ചിത്രങ്ങളില്‍ ഏറെയും നിഴലിച്ചത്.
വര്‍ണ്ണങ്ങളുടെ ലോകത്ത് രാജകുമാരനായിരുന്നുവെങ്കിലും സ്വന്തം ജീവിതത്തില്‍ സിഎന്‍ എന്നും ഒരു സാധാരണക്കാരന് മാത്രമായിരുന്നു. പുരസ്ക്കാരങ്ങള്‍ തന്നെ തേടിയെത്തിയപ്പോഴും പലപ്പോഴും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ വഴിമാറിപ്പോയപ്പോഴും തെല്ലും കലഹിക്കാതെ ആരോടും അപ്രിയം പുലര്‍ത്താതെ അമിതമായ ആഹ്ലാദമോ ആകുലതകളോ ഇല്ലാതെ സിഎന്‍ തത്വജ്ഞാനിയേപ്പോലെ വഴിമാറി നടന്നു. കലയുടെ ആഹ്ലാദങ്ങള്‍ക്കുമപ്പുറം സിഎന്‍ കരുണാകരന്റെ മനസ്സ് യഥാര്‍ത്ഥത്തില്‍ ഈ തത്ത്വജ്ഞാനിയുടേതായിരുന്നു. ബാല്യത്തിലെ സങ്കീര്‍ണ്ണമായ രോഗാവസ്ഥകളും ഇല്ലായ്മകളും ഏകാന്തതയുമാണ് പിന്നീട് ഈ തത്ത്വജ്ഞാനിയുടെ മനസ്സ് തനിക്ക് നല്‍കിയതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
മഴവില്‍ വര്‍ണ്ണങ്ങള്‍കൊണ്ട് മനോഹരമായ ചിത്രങ്ങള്‍ തീര്‍ക്കുമ്പോഴും എന്തിനുവേണ്ടിയെന്നറിയാതെ ആകുലപ്പെട്ടുകൊണ്ടിരുന്ന ഒരു വലിയ മനസ്സുള്ള കലാകാരനായിരുന്നു സിഎന്‍ കരുണാകരന്.
ടി.എസ്.നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: