കീവ്: ഉക്രെയിനിയന്‍ പോലീസ് കീവ് ഇന്റിപെന്റഡന്‍സ് സ്ക്വയറില്‍ പ്രക്ഷോഭകാരികളുടെ താല്‍ക്കാലിക ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റി. യൂറോപ്യന്‍ യൂണിയനുമായി വ്യാപാരക്കരാര്‍ ഒപ്പിടണമെന്നാവശ്യപ്പെട്ടാണ് ഉ്രകെയിനില് പ്രക്ഷോഭം ആരംഭിച്ചത്. ആയിരക്കണക്കിന് കലാപ നിയന്ത്രണ സേനാ അംഗങ്ങള്‍ ഇന്റിപെന്റഡന്‍സ് സ്ക്വയര്‍ വളഞ്ഞു കഴിഞ്ഞു. ഒരാഴ്ച്ചയോളമായി പ്രക്ഷോഭകാരികള്‍ തമ്പടിച്ചിരുന്ന സ്ഥലത്തുനിന്നും അവര്‍ ഒഴിയണമെന്ന് പോലീസ് അന്ത്യശാസനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് 200 ഓളം പ്രക്ഷോഭകാരികള്‍ പോലീസിനു നേരെ തിരിഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. പോലീസ് ലാത്തി വീശുകയും ജലപീരങ്കികള്‍ ഉപയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് ഷെഡ്ഡുകള്‍ പൊളിച്ച് നീക്കി തീയിട്ടു.
യൂറോപ്യന്‍ യൂണിയനുമായി വ്യാപാരക്കരാര്‍ ഒപ്പിടണമെന്നത് അംഗീകരിക്കാത്ത പ്രസിഡന്റ് വിക്ടര്‍ യനുകോവിച്ച് രാജിവയ്ക്കണമെന്ന് ഉന്നയിച്ച് രണ്ടുലക്ഷത്തിലേറെ ജനങ്ങളാണ് സെന്‍ട്രല്‍ കീവിലെ തെരുവുകളില്‍ പ്രക്ഷോഭം നടത്തിയത്. പ്രധാന സര്‍ക്കാര്‍ ഓഫീസുകളെല്ലാം പ്രക്ഷോഭകര്‍ ഉപരോധിച്ചിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനുമായി വ്യാപാരക്കരാര്‍ ഒപ്പിടാതെ റഷ്യന്‍ നേതൃത്വത്തിലുള്ള കസ്റ്റംസ് യൂണിയനില്‍ ചേരാനുള്ള പ്രസിഡന്റ് വിക്ടര്‍ യനുകോവിച്ചിന്റെ നീക്കത്തിനെതിരെയാണ് ഉക്രെയിനില്‍ പ്രക്ഷോഭം ആരംഭിച്ചത്. ലക്ഷക്കണക്കിന് പേര് അണിനിരന്ന കൂറ്റന്‍ റാലികളും പ്രകടനങ്ങളും നടന്നു.
പ്രശ്ന പരിഹാരത്തിനായി അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറിയുള്‍പ്പെടെയുളള പടിഞ്ഞാറന്‍ നയതന്ത്ര പ്രതിനിധികള്‍ ഉക്രൈന് തലസ്ഥാനമായ കീവിലെത്തി. പ്രസിഡന്റ് വിക്ടര്‍ യനുകോവിച്ചുമായും പ്രക്ഷോഭകരുമായും പ്രതിനിധികള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഉക്രെയിനില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാതെ ഒതുക്കി തീര്‍ക്കുകയാണ് ലക്ഷ്യം. അടുത്തിടയായികണ്ട ബഹുജന പ്രക്ഷോഭങ്ങളിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാതിരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രസിഡന്റ് നടത്തുന്നതിന്റെ സൂചനയാണ് നിലവിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. പ്രക്ഷോഭകാരികള്‍ക്കെതിരെ തിരിയാതെ അവരുടെ ഷെഡ്ഡുകള്‍ മാത്രം പൊളിച്ച് നീക്കുകയും തുടര്‍ന്ന് സമരം നടത്തുന്നത് തടയാതെ പോലീസ് പിന്മാറിയതും ഈ നിലപാടിന്റെ ഭാഗമാണെന്നു തന്നെ കരുതണം.
ഡിസംബര്‍ എട്ടിന് ഞായറാഴ്ച്ച പ്രക്ഷോഭകാരികള്‍ കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്റെ കൂറ്റന്‍ പ്രതിമ തകര്‍ത്തു. ഗ്രാനൈറ്റ് നിര്‍മിത പ്രതിമ സ്ത്രീകളുള്‍പ്പെടെയുള്ള പ്രക്ഷോഭകാരികളാണ് തച്ചു തകര്‍ത്തത്. 11 അടി ഉയരമുള്ള പ്രതിമയുടെ മുകളില്‍ ഏണി ഉപയോഗിച്ചും അല്ലാതെയുമായി മുകളില്‍ കയറി കഴുത്തില്‍ കയര്‍ കൊണ്ടുള്ള കുരുക്കിടുകയായിരുന്നു. തുടര്‍ന്ന് ഉക്രെയിനിന്റെ തലസ്ഥാനമായ കീവിലെ ലെനിന്റെ പ്രതിമയെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കയറില്‍ പിടിച്ച് വലിച്ച് താഴേക്ക് തള്ളിയിടുകയായിരുന്നു. പ്രതിമ തകര്‍ത്ത പ്രക്ഷോഭക്കാര്‍ ആര്‍പ്പുവിളികളോടെ പ്രതിമ സ്ഥാപിച്ചിരുന്ന പീഠത്തില്‍ കയറി അവിടെ ഉക്രെയിന്റേയും യൂറോപ്യന്‍ യൂണിയന്റെയും പതാകകള്‍ ഉയര്‍ത്തി. എന്നിട്ടും അരിശം തീരാതെ കൂടം ഉപയോഗിച്ച് പ്രതിമയുടെ ഭാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തു. 1946 ല്‍ ഉക്രൈന്, സോവ്യറ്റ് യൂണിയനു കീഴിലായിരുന്നപ്പോള്‍ സ്ഥാപിച്ചതാണ് ഈ പ്രതിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: