ന്യൂദല്‍ഹി: വിവിധ നിയമസഭാ തെരഞ്ഞടുപ്പുകളിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായി. മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയാക്കിയതാണ് കോണ്‍ഗ്രസ്സിനു പറ്റിയ ഏറ്റവും വലിയ തെറ്റെന്ന് വിളിച്ചുപറഞ്ഞ് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ രംഗത്തു വന്നിട്ടുണ്ട്. പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചില്ലെന്ന് ദല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാദീക്ഷിത് പറഞ്ഞതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരായ മണിശങ്കര്‍ അയ്യരുടെ പ്രതിഷേധം.
കോണ്‍ഗ്രസ് പാര്‍ട്ടി അടിയന്തിരമായി പുന:സംഘടിപ്പിക്കണം. പ്രതിപക്ഷത്തിരുന്നുകൊണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ജനങ്ങള്‍ നല്കിയ മുന്നറിയിപ്പ് അവഗണിച്ചു കൊണ്ട് മുന്നോട്ടുപോയാല്‍ പാര്‍ട്ടി ഗുരുതരമായ പ്രതിസന്ധിയിലെത്തുമെന്നും മണിശങ്കന്‍ അയ്യര്‍ പറഞ്ഞു. 2009ല്‍ അധികാരത്തിലെത്തിയപ്പോള്‍ മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയാക്കരുതെന്ന് താന്‍ പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞതാണ്. എന്നാല്‍ അന്ന് അതാരും കേള്‍ക്കാന്‍ തയ്യാറായില്ല. നിലവിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ കോണ്‍ഗ്രസിനു സാധിക്കണമെന്നും മണിശങ്കര്‍ അയ്യര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്വം മുഴുവന്‍ മന്‍മോഹന്‍സിങ്ങിന്റെ മേല്‍ ചാര്‍ത്തി രാഹുല്‍ഗാന്ധിയേയും സോണിയാഗാന്ധിയേയും രക്ഷിക്കാനുള്ള പതിവു തന്ത്രമാണ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയെന്നാണ് മന്‍മോഹന്‍സിങ്ങിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
രാഹുല്‍ഗാന്ധിയുടെ അനുചര വൃന്ദമായി മാറിയ കേന്ദ്രമന്ത്രിമാരില്‍ പലര്‍ക്കും തങ്ങളുടെ സ്വന്തം സ്ഥലങ്ങളില്‍ അടിത്തറയില്ലെന്ന ആരോപണത്തിനു ശക്തി പകരുന്ന വിവരങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം പുറത്തു വന്നിട്ടുണ്ട്. സച്ചിന് പെയിലറ്റിന്റ് അജ്മീര്‍ പാര്‍ലമെന്റ് സീറ്റിലെ പത്ത് നിയോജകമണ്ഡലങ്ങളും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കേന്ദ്രമന്ത്രി ചന്ദ്രേഷ് കുമാരി കച്ചോടിന്റെ ജോധ്പൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെലോട്ട് മത്സരിച്ച മണ്ഡലം ഒഴികെയുള്ള 9 സീറ്റുകളും നഷ്ടമായി. എഐസിസി സെക്രട്ടറി സി.പി ജോഷിയുടെ ഭില്‍വാരയിലെ എട്ട് മണ്ഡലങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് കോണ്‍ഗ്രസിനു ലഭിച്ചത്.
രാഹുലിന്റെ വലംകയ്യായ മീനാക്ഷി നടരാജന്റെ മാണ്ട്സര് ലോക്സഭാ സീറ്റിലെ 8 നിയോജകമണ്ഡലങ്ങളും ബിജെപിക്കൊപ്പമായി. കേന്ദ്രമന്ത്രി കമല്‍നാഥിന്റെ ചിന്ദ്വാരയിലെ 7ല്‍ അഞ്ചും ബിജെപി വിജയിച്ചിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമായ ഗുണയില്‍ പകുതിയിലധികം മണ്ഡലങ്ങളും കോണ്‍ഗ്രസിനു നഷ്ടമായതോടൊപ്പം കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ ഗ്വാളിയോര്‍,ചമ്പല്‍ പ്രദേശങ്ങളിലെ മണ്ഡലങ്ങളെല്ലാം ബിജെപിക്കൊപ്പമായി.
രാഹുല്‍ഗാന്ധിയുടെ അടുത്ത അനുയായികളായി നിന്ന് കോണ്‍ഗ്രസിലെ തീരുമാനങ്ങളെടുക്കുന്ന പ്രധാന നേതാക്കളുടെയെല്ലാം ജനപിന്തുണ നഷ്ടമായെന്ന് വ്യക്തമാക്കുന്ന കണക്കുകളുമായി പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് വലിയ വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: