പള്ളുരുത്തി: ഫോര്‍ട്ടുകൊച്ചി പൈതൃക നഗരിയില്‍ വിദേശ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഭക്ഷണശാലയുണ്ട്. ആസ്പിന്‍വാള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ആനന്ദ്ഭവന്, വെജിറ്റേറിയന്‍ ഹോട്ടലിലേക്ക് ഒന്ന് എത്തിനോക്കിയാല്‍ ആരും ആത്ഭുതപ്പെടും. വിദേശിയരും, സ്വദേശീയരും ഒരേപോലെ സന്ദര്‍ശിക്കുന്ന തൃപ്പൂണിത്തുറക്കാരന് പി.ഗംഗാധരന് പിള്ള നടത്തുന്ന തീര്‍ത്തും വെജിറ്റേറിയന്‍ മാത്രം വിളമ്പുന്ന ഒരു ഭക്ഷണശാല.
കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദേശികള്‍ വര്‍ഷം മുഴുവന്‍ സന്ദര്‍ശനം നടത്തുന്ന പൈതൃകനഗരത്തിന്റെ വ്യത്യസ്തമായ പലകാഴ്ചകളില് ഒന്നാണ് ഗംഗാധരന് പിള്ളയുടെ ന്യു ആനന്ദ്ഭവന് ഹോട്ടല്‍ വിവിധ രുചിഭേദങ്ങളില്‍ തനിനാടന്‍ ഭക്ഷണങ്ങള്‍ ഒരുക്കിലോക സഞ്ചാരികളെ തന്റെ കൊച്ചുകടയിലേക്ക് ഗംഗാധരന്‍പിള്ള ആകര്‍ഷിക്കുകയാണ്. പലര്‍ക്കും ഗംഗാധരന് പിള്ളയുടെ ശരിയായ പേര് അറിയില്ല. വിദേശികള്‍ പോലും സ്വാമിയെന്ന് വിളിച്ചാണ് സംബോധനചെയ്യുന്നതെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ 45 വര്‍ഷമായി ഇവിടെ സ്വാമിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നു. പുലര്‍ച്ചെ 5.30ന് തുറക്കുന്ന കട രാത്രി വൈകിയും തുറന്നിരിക്കുന്നു. തന്റെ സ്ഥാപനം കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളോട് അടുക്കുമ്പോഴും ഇന്നേവരെ ഒരാളുടേയും അസംതൃപ്തിക്ക് കാരണമായിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്ന് സ്വാമി പറയുന്നു. ഇവിടെ തുശനിലയിട്ട് തനിനാടന്‍ വിഭവം വിളമ്പുന്നകടകളും അപൂര്വ്വമായേയുള്ളുവെന്ന് ഇദ്ദേഹം പറയുമ്പോഴും ലോകരാജ്യങ്ങളിലെ സഞ്ചാരകേന്ദ്രങ്ങളെ വിവരിക്കുന്ന ലോണ്‍ലി- പ്ലാനറ്റ് പുസ്തകത്തില്‍ സ്വാമിയുടെ കടയെക്കുറിച്ച് വിവരണമുണ്ട്.
ഭാരതത്തിലെ സഞ്ചാര കേന്ദ്രങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് വിഭവ സമൃദ്ധമായ സദ്യയൊരുക്കുന്ന വിശ്വാസിക്കാവുന്ന സ്ഥാപനമെന്നും പുസ്തകം വിശേഷിപ്പിക്കുന്നു. ബ്രിട്ടനില്‍നിന്നും, ജര്മ്മനിയില്നിന്നുമൊക്കെതന്നെ സ്ഥിരമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന നല്ലവരായ അതിഥികളേയും സ്വാമി സ്മരിക്കുന്നു. സ്വാമിയുടെ കടയിലെത്തി ഭക്ഷണം കഴിച്ചു പോകുന്നവരില്‍ ചിലസഞ്ചാരികള് ഇദ്ദേഹത്തിന്റെ ചിത്രം എടുക്കുന്നു. പല ചിത്രങ്ങളും സ്വാമിയുടെ വിലാസം തേടിയെത്താറുമുണ്ട്.
രാവിലെ പൂരിയും, ദോശയും, മറ്റുമായി സ്വാമിയുടെ കട ഉണരുകയാണ്. കഴിഞ്ഞ നാലരപതിറ്റാണ്ടായി സ്ഥാപനം നടത്തുന്ന സ്വാമിയുടെ വാക്കുകളിലെ സങ്കടം പുറത്തേക്കൊഴുകുന്നു. പഴയകൊച്ചി ഇന്ന് സ്വപ്നമാണ്. ആസ്പിന്‍വാള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ പലതും അടച്ചുപൂട്ടി. മട്ടാഞ്ചേരി ബസാറും തകര്‍ന്നു.
കൊച്ചിയുടെ നാലരപതിറ്റാണ്ടു മുന്‍പത്തെ സമ്പന്നത ആര്ക്കുതിരിച്ചുതരാന് പറ്റും സ്വാമിയുടെ വാക്കുകള്‍ മുറിയുകയാണ്. സ്വാമിയുടെ കടയിലെ മസാലദോശയും, പൂരിയും ഇഷ്ടപ്പെടുന്ന പഴമക്കാരും, സഞ്ചാരികളും ഇപ്പോഴും ഇവിടെയെത്തുന്നു. മട്ടാഞ്ചേരിയുടെ പഴയ ഓര്‍മ്മകളെ പാടിയുണര്‍ത്തിയ എച്ച് മെഹബൂബ് ഭായിയുടെ തട്ടിന്‍പുറം ഓര്‍ക്കസ്ട്ര സ്വാമിയുടെ കടയ്ക്കുമുകളിലാണ്. മെഹബൂബ് ഭായിയുടെ ഓര്‍മ്മയുമായി കുടുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ന്യൂ ആനന്ദ് ഭവനിലെ നിത്യസന്ദര്‍ശകരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: