തിരുവനന്തപുരം: തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പുറത്താക്കാന്‍ ജനം ചൂലെടുക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല ക്ലിഫ്ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ കേസില്‍ വ്യക്തമായ അന്വേഷണം നടത്തുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും വിഎസ് വ്യക്തമാക്കി. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും സരിതയും ചേര്‍ന്നാണ് കള്ളക്കമ്പനി നടത്തിയത്.
ഏതോ ഒരു റിട്ടയേര്‍ഡ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്താമെന്ന കള്ളക്കളി നടക്കില്ല വിഎസ് പറഞ്ഞു. അഴിമതിക്കാരെ ജനം വച്ചുപൊറുപ്പിക്കില്ല. നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അതിന്റെ തെളിവാണെന്നും വിഎസ് വ്യക്തമാക്കി.
അതിനിടെ സെക്രട്ടറിയേറ്റ് ഉപരോധം പെട്ടെന്ന് അവസാനിപ്പിച്ചതില്‍ ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് സിപിഐ നേതാവ് സി ദിവാകരന് പറഞ്ഞു. സോളാര്‍ കേസിലെ അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞുപറ്റിക്കുമെന്ന് കരുതിയില്ലെന്നും സി ദിവാകരന് പറഞ്ഞു.
ഉപരോധം പ്രതീകാത്മകമായിരിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉപരോധം അതിശക്തമായി മുന്നോട്ടുകൊണ്ടുപോകും. അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സോളാര്‍ സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍ ആരംഭിക്കുന്ന ഉപരോധ സമരത്തിന്റെ പ്രധാന ആവശ്യം മുഖ്യമന്ത്രിയുടെ രാജിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: