കൊച്ചി: നാവിക വാരാഘോഷത്തിന്റെ ഭാഗമായി ഇന്നലെ കൊച്ചിയില്‍ നടന്ന നാവിക അഭ്യാസപ്രകടനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നഗരത്തെ അത്ഭുതപ്പെടുത്തി. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി നാവിക സേനയുടെ കീഴില്‍ സുരക്ഷിതമാണെന്ന് തെളിയിക്കുന്നതായിരുന്നു പ്രകടനങ്ങള്‍.
സ്വയംപര്യാപ്തതയിലൂടെ സമുദ്ര സുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഇത്തവണത്തെ വാരാഘോഷം. എറണാകുളം രാജേന്ദ്രമൈതാനിയില്‍ നാവിക സേനയും കുടുംബാംഗങ്ങളും ഒത്തു ചേര്‍ന്ന് നടത്തിയ ചടങ്ങില്‍ സംസ്ഥാന ഗവര്‍ണര്‍ നിഖില്‍ കുമാറും പത്നിയും മുഖ്യാതിഥിയായി പങ്കെടുത്തു. കൊച്ചി നാവികാസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കിയ നാവികരാണ് അഭ്യാസപ്രകടനങ്ങളില്‍ പങ്കെടുത്തത്. തീരങ്ങളിലെ ശത്രുസൈനികരെ എങ്ങനെ നേരിടുന്നുവെന്നതിന്റെ പ്രകടനമായിരുന്നു ഫൈബര്‍ ബോട്ടിലെത്തിയ സൈനികരുടെ പ്രകടനം.
റബര്‍ ബോട്ടിലെത്തി കായല്ത്തിട്ട ചാടിക്കടന്ന കമാന്റോ രാജേന്ദ്രമൈതാനിയില്‍ സന്നിഹിതനായ കേരള ഗവര്‍ണര്‍ നിഖില്‍ കുമാറിന് തങ്ങളുടെ ശത്രുക്കളെ കീഴടക്കിയതിന്റെ ഔദ്യോഗിക അറിയിപ്പ് കൈമാറി. ഈ ബോട്ടുകള്‍ മടക്കി സൂക്ഷിക്കവുന്നവയാണ്. വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടേയും നീണ്ട നിരതന്നെ കൊച്ചികായലിന്റെ ആകാശം കീഴടക്കി. അന്തര്‍വാഹിനികളില്‍ പ്രാധാന്യം വഹിക്കുന്ന സീക്കിംഗ് ഹെലിക്കോപ്റ്റര്‍, മികച്ച ഇലക്ട്രോണിക് സംവിധാനങ്ങളുള്ള ഡോണിയര്‍ വിമാനങ്ങള്‍, ഐഎന്‍എസ് ഗരുഡയുടെ ചേതക്ക് ഹെലികോപ്റ്ററുകളുടെ പ്രകടനങ്ങള്‍ ആവേശകരമായിരുന്നു.
മാലാഖമാര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന ചേതക് ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പെട്ടവരെ കടലില്‍ നിന്നും രക്ഷിക്കുന്നത്. ഹെലികോപ്റ്ററുകളില്‍ നിന്നും മറൈന്‍ കമാന്റോകള്‍ കായലിലേക് ചാടുകയും തുടര്‍ന്ന് ചേതക് എത്തി തിരിച്ച് കയറ്റുന്നതും കാണികള്‍ക്ക് കൗതുകയമായി.
കടല്‍ കൊള്ളക്കാരുടെ പിടിയിലായ ഐഎന്‍എസ് സമീര്‍ എന്ന ബോട്ടിനെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്പീഡ് ബോട്ടുകളില്‍ പാഞ്ഞടുക്കുന്ന കമാന്റോകള്‍ തലങ്ങും വിലങ്ങും പാഞ്ഞടുത്ത് ശ്രദ്ധതിരിക്കുന്നതിനിടയില് ബിഡിഎസ് കമാന്റോകള്‍ തന്ത്രത്തില്‍ ബോട്ടില്‍ കയറി 25ഓളം കടല്‍കൊള്ളക്കാരെ കീഴടക്കുകയും ചെയ്യുന്നു. ഐഎന്‍എസ് കാബ്രയും ചേതക് ഹെലികോപ്റ്ററുകളും ഈ ഓപ്പറേഷനില്‍ പങ്കെടുത്തു.
സീക്കിംഗ് ഹെലികോപ്റ്റര്‍ ഐഎന്‍എസ് ഗരുഡയിലേക്ക് ജീപ്പ്പ് വഹിച്ച് കൊണ്ടുപോകുന്നതും ഐഎന്‍എസ് തരംഗിണി എന്ന പായ്കപ്പലും, നേവി ചില്‍ഡ്രന്‍സ് സ്കൂളിലെ രണ്ട് പെണ്‍കുട്ടികളുടെ സ്പീഡ് ബോട്ടിന് പിന്നിലെ ബാലന്‍സിംഗ് സ്കിഡും ജനങ്ങള്‍ക്ക് ഹരമേകി. ശത്രുക്കളുടെ എണ്ണപ്പാടം ബോംബിട്ട് തകര്‍ക്കുന്നത് പുതിയ അനുഭവമായി. തുടര്‍ന്ന് ഐഎന്‍എസ് ദ്രോണാചാര്യയിലെ നാവികരുടെ വൈവിദ്യങ്ങളായ പ്രകടനങ്ങള്‍ രാജേന്ദ്രമൈതാനിയില്‍ നടന്നു. ഐഎന്‍എസ് തേ, ഐഎന്‍എസ് ശാരദ, ഐഎന്‍എസ് സുജാത, ഐഎന്‍എസ് കാബ്ര, ഐഎന്‍എസ് തരംഗിണി എന്നിവയും നാവികാഭ്യാസത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് 16-ാം നൂറ്റാണ്ട് മുതല്‍ അനുഷ്ടിച്ച് വരുന്ന സൈനിക ചടങ്ങായ ബീറ്റിംഗ് സ്ട്രീറ്റും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: