ആത്മവിജ്ഞാനമൊന്നാണ് മോക്ഷ ഹേതു. ഈ ആത്മബ്രഹ്മൈക്യജ്ഞാനമാണ് വേദാന്തത്തിന്റെ മുഖ്യവിഷയം. എന്നാല്‍ വേദാന്തം കേവലം ഈ ലക്ഷ്യതലത്തെ, പരമമായ വിജ്ഞാനത്തെ, മാത്രമല്ല വര്‍ണ്ണിക്കുന്നത്. സാധനയ്ക്ക്, ഉപാസനയ്ക്ക് വലിയ പ്രാധാന്യമാണ് ഉപനിഷത്ത് നല്‍കുന്നത്. ഉപായം കൂടാതെ ഉപേയ പ്രാപ്തി സാധ്യമല്ല തന്നെ. ഉപനിഷദ് വിചാരയജ്ഞം അമ്പത്തിയൊന്നാം ദിവസം കൈവല്യോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമികള്‍.
മേറ്റ്ല്ലാ വ്യവഹാരങ്ങളില്‍നിന്നും വിട്ടുമാറി ഏകാന്തദേശത്ത് സുഖാസനസ്ഥനായി ശുചിയായ സാധകന് സൂക്ഷ്മമായ ഉപാസന അനുഷ്ഠിക്കുന്നതിന് ഉപനിഷത്ത് മാര്‍ഗദര്‍ശനം ചെയ്യുന്നു. സ്വതവേ ഏകാന്തവും ശുദ്ധവുമായ പ്രദേശത്ത് സ്ഥിരവും സുഖവുമായ ആസനത്തെ ശീലിക്കണം. പര്‍വ്വത-വന-നദീതീരങ്ങളെല്ലാം ഈവിധം ആശ്രയിക്കപ്പെടാം. ബാഹ്യാഭ്യന്തര ശൗചത്തോടെ, പറഞ്ഞ വാക്കുപാലിക്കുന്ന നിഷ്ഠയോടെ കഴിയുന്നയാളാവണം സാധകന്. ശരീരത്തെ സമമാക്കി, സകലേന്ദ്രിയങ്ങളേയും നിരോധിച്ച് ഭക്തിപൂര്‍വ്വം സ്വഗുരുവന്ദനം ചെയ്ത് സന്യാസി സൂക്ഷ്മസാധനകളില് വ്യാപരിക്കണം. വിരജവും വിശുദ്ധവുമായ ഹൃത്പുണ്ഡരീകത്തില് വിശോകമായ ആത്മസ്വരൂപത്തെ ധ്യാനിച്ചു കഴിയണം. തന്റെ സ്വരൂപം തന്നെയാണ് അചിന്ത്യവും അവ്യക്തവും അനന്തവും ശിവവും പ്രശാന്തവും അമൃതവും സര്‍വ്വമായ കാര്യങ്ങള്‍ക്കും മൂലകാരണവുമായ ശിവസ്വരൂപം എന്നറിയണം. ആദിമദ്ധ്യാന്തവിഹീനമായ ചിദാനന്ദരൂപമാണ് താനെന്നും അതു തന്നെയാണ് ഉമാസഹായനായ പരമേശ്വരനെന്നുമുള്ള അഭിന്നബോധത്തെ വിചാരത്താല്‍ സാക്ഷാത്കരിക്കണം. ഈ ഏകത്വബോധസാക്ഷാത്കാരത്താല് സ്യവിധ അജ്ഞാനത്തിനുമുപരി വിദ്വാന് മുക്തനായി ഭവിക്കുന്നു. ഈശ്വരന് ഏകനും അദ്വിതീയനുമാണ്. സകല ദേവതകളും ആ ഈശവരന് തന്നെ. ജീവേശ്വരജഗദ്ഭേദങ്ങളൊന്നും പാരമാര്‍ത്ഥികമല്ല. ഈ തത്ത്വബോധംതന്നെ പാരമാര്‍ത്ഥികമായ മുക്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: