നിരഞ്ജനഭാരതം; അധ്യായം – 5
നാട്ടിലെ കൂട്ടആത്മഹത്യകള്‍ക്ക് പിന്നിലെ വലിയ വില്ലന്‍ മിക്കപ്പോഴും സാമ്പത്തിക പരാധീനതയാകാറുണ്ട്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കടം വാങ്ങി പലിശയും പലിശയ്്ക്ക് പലിശയുമായി വലഞ്ഞ്, നില്ക്കാന് പറ്റാതാകുമ്പോള്‍ അവസാനമാര്‍ഗമാണ് പലര്‍ക്കും സ്വയം ജീവനൊടുക്കല്‍. പണം കടം കൊടുക്കുന്നതിനും പലിശ സ്വീകരിക്കുന്നതിനും ഒരുവിധ മാനദണ്ഡവുമില്ലാതാകുന്ന സമൂഹത്തില്‍ വാങ്ങുന്നവന്റെ കണക്കുകൂട്ടലുകള്‍ തെറ്റുകയും കൊടുക്കുന്നവന്റെ കണക്കുകള്‍ പെരുകുകയും ചെയ്യുമ്പോള്‍ ധാര്‍മ്മികത എന്ന വാക്ക് തീര്‍ത്തും അപ്രസക്തമാകുന്നു.
പൂര്‍വ്വികരുടെ നിയമങ്ങള്‍ക്ക് ആധികാരികതയും കാലികപ്രസക്തയും ഇന്നും നഷ്ടമാകാതിരുന്നിട്ടും ഇവയൊന്നും ധനതത്വശാസ്ത്രത്തിന്റെ ഒരു പാഠത്തിലും പരാമര്‍ശിക്കപ്പെടുന്നില്ല. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ജാതിയുടെയും വരേണ്യതയുടെയും പേരില്‍ അതിര്‍വരമ്പുകള്‍ കല്‍പ്പിച്ച് നിര്‍ത്തിയിരുന്ന അത്രയൊന്നും പരിഷ്കൃതമല്ലാത്ത ഒരു കാലത്തും ജനനന്മ എന്ന വാക്ക് വിസ്മരിക്കപ്പെട്ടിരുന്നില്ല എന്നതിന്റെ തെളിവുകള്‍ ആവോളമുണ്ട്.
സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല എന്ന പരാമര്‍ശത്തിന്റെ പേരില്‍ പലതവണ സ്ത്രീവിമോചനവാദികള്‍ തൂക്കിക്കൊല്ലാന്‍ വിധിച്ച സ്മൃതികാരന് പറഞ്ഞുപോയ മറ്റ് ചിലതുകൂടി അറിയുന്നത് നന്നായിരിക്കും.
‘പലിശയ്ക്ക് പലിശ, മുതലിന്റെ ഇരട്ടി പലിശ, വാങ്ങുന്നവന്റെ അത്യാവശ്യം കണ്ട് അധികപ്പലിശ, കൂലിപ്പണി കൊണ്ടു വീട്ടേണ്ട പലിശ ഇവയൊന്നും ധാര്‍മ്മികമല്ല’. പത്ത് വര്‍ഷം കഴിഞ്ഞാല്‍ കുടികിടപ്പവകാശമെന്ന ആധുനിക നിയമം ആവിഷ്ക്കരിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇങ്ങനെയൊരു ശ്ലോകം രചിക്കപ്പെട്ടിരുന്നു.
യത് കിഞ്ചിത് ദശവര്‍ഷാണി
സന്നിധൗ പ്രേക്ഷതേ ധനീ
ഭുജ്യമാനം പരൈസ്തൂഷ്ണീം
നസ തല്ലബ്ധുമര്ഹതി
-ഏതെങ്കിലും വസ്തു ഉടയവന് കാണ്കേ അന്യര്‍ പത്ത് വര്‍ഷം അനുഭവിക്കുകയും ഉടയവന് മിണ്ടാതിരിക്കുകയും ചെയ്താല്‍ അതുപിന്നെ അയാള്‍ക്ക് തിരികെ കിട്ടാന്‍ അവകാശമില്ല- ദരിദ്രനെ സംബന്ധിച്ച് ഉപകാരപ്പെടുന്ന ഈ നിര്‍ദ്ദേശം നിസ്സഹായരുടെ മുതല്‍ പിടിച്ചെടുക്കാനുള്ള ലൈസന്സാക്കുന്നവരാണ് സമൂഹത്തില്‍ അധികവും. തനിക്ക് ലാഭമുണ്ടാക്കുന്നതൊക്കെ അംഗീകരിക്കുന്ന മനുഷ്യന് പക്ഷേ കടം കൊടുക്കുന്നതിലും വാങ്ങുന്നതിലും ഒരു നിയമവും അനുസരിക്കാന്‍ തയ്യാറല്ല.
ഒരു സമൂഹത്തിന്റെ ജീവിതനിലവാരമനുസരിച്ച് പാര്‍പ്പിടവും വസ്ത്രവും മറ്റ് സൗകര്യങ്ങളും വേണമെന്ന് ഒരാള്‍ ആഗ്രഹിച്ചാല്‍ അതിനെ കുറ്റപ്പെടുത്താനാകില്ല. പക്ഷേ ഈ ആവശ്യത്തെ ചൂഷണം ചെയ്യുന്ന ബ്ലേഡ് മാഫിയകളും ന്യൂജനറേഷന് ബാങ്കുകളും തഴച്ചുവളരുന്നത് മനുഷ്യപ്പറ്റില്ലാത്ത കച്ചവടതന്ത്രം ഒന്നു കൊണ്ട് മാത്രമാണ്. സംരക്ഷിക്കാനെത്തുന്നവര് അന്തകരാകുന്നത് തിരിച്ചറിഞ്ഞ് നിസ്സഹായരായി ജീവിതമവസാനിപ്പിക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ വ്യവസ്ഥകളുമില്ല. പകരം ജപ്തി എന്ന ഭീഷണിയുമായി ചെണ്ടകൊട്ടി കടക്കാരന്റെ വീട്ടിലെത്തണമെന്നാണ് ഭരണകൂടം നിര്‍ദ്ദേശിക്കുന്നത്.
ഈ ജീവിതദുരന്തം ആര്ക്കുമുണ്ടാകാതിരിക്കാന് മനുസ്മൃതി പറയുന്നു- ഒരുമിച്ചുകൊടുത്താല്‍ പലിശയും മുതലും ഇരട്ടിയില്‍ കവിയുന്നില്ല. ശാസ്ത്രസമ്മതമല്ലാത്ത ഒരു പലിശനിരക്കും ചുമത്താന്‍ പാടില്ല. ശാസ്ത്രസമ്മതമല്ലാത്ത പലിശ ഇടപാടില്‍ വാങ്ങുന്നവനും കൊടുക്കുന്നവനും ദണ്ഡാര്ഹരെന്ന് അര്‍ത്ഥശാസ്ത്രവും നിഷ്ക്കര്‍ഷിക്കുന്നു. മാത്രമല്ല പല കടങ്ങളുള്ള ഒരുവന്റെ പക്കല്‍ നിന്ന് എല്ലാ കടങ്ങളും ഒരുമിച്ച് ഈടാക്കാന്‍ പാടില്ലെന്നും അര്‍ത്ഥശാസ്ത്രകാരന്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുന്നുണ്ട്.
ബാങ്കുകള്‍ക്ക് വായ്പ നല്കുന്ന റിസര്‍വ്വ് ബാങ്ക് പോലും ന്യൂജനറേഷന് ബാങ്കുകള്‍ എങ്ങനെ എത്ര പലിശ വാങ്ങി ഏത് മാനദണ്ഡമനുസരിച്ച് ജനങ്ങള്‍ക്ക് അത് നല്കുന്നു എന്ന് അന്വേഷിക്കാറില്ല. വായ്പക്ക് പലിശ നിശ്ചയിക്കാനുള്ള അധികാരം അതത് ബാങ്കുകള്‍ക്ക് നല്കി തങ്ങള്‍ നല്കിയ തുകയ്ക്ക് കൃത്യമായ പലിശ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക മാത്രമാണ് റിസര്‍വ് ബാങ്കും ചെയ്യുന്നത്. ചുരുക്കത്തില്‍ ദൈനംദിനജീവിതത്തിന്റെ ഭാഗമായ ജനോപകാരകങ്ങളായ നിര്‍ദ്ദേശങ്ങളെയും ഉപദേശങ്ങളെയും പാടെ തള്ളിക്കളഞ്ഞ് പഴയതെല്ലാം പടിക്കുപുറത്തെന്ന തത്വത്തിലേക്ക് വഴുതിവീണുപോയിരിക്കുന്നു നമ്മുടെ നാട്ടിലെ വ്യവസ്ഥകളും ഭരണരീതികളും. തള്ളിപ്പറയേണ്ടതല്ല പൗരാണികതയെന്ന് തിരിച്ചറിഞ്ഞ് ധനതത്വശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ എവിടെയങ്കിലും മനുഷ്യനന്മയ്ക്കായുള്ള ചില നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കുന്ന കാലം ഇനി ഉണ്ടാകുമോ…
രതി.എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: