ജോഹനാസ്ബര്‍ഗ്ഗ്: ദക്ഷിണാഫ്രിക്ക ക്കെതിരെയുള്ള ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ പരാജയം ബോളര്‍മാരുടെ മോശം പ്രകടനത്തെ തുടര്‍ന്നാണെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി.
ബോളര്‍മാരുടെ മോശം പ്രകടനം ബാറ്റ്സ്മാന്മാരെയും സമ്മര്‍ദ്ദത്തിലാക്കിയെന്ന് ധോണി വ്യക്തമാക്കി. ഇന്ത്യന്‍ ബോളര്‍മാരെ തച്ചു തകര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര് കൊയ്തത് നാല് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ്.
ഇതിനെതിരെ ഇന്ത്യയ്ക്ക് നേടാനായതോ 217 റണ്‍സും. കളിയിലുടനീളം പ്രകടമായ മോശം പ്രകടനത്തിന്റെ തുടക്കം ബോളര്‍മാരില്‍ നിന്ന് തന്നെയാണെന്ന് ധോണി ചൂണ്ടിക്കാട്ടി. 300ലധികം സ്ക്കോര്‍ ഉയര്‍ത്താന്‍ കഴിയാത്ത പിച്ചായിരുന്നിട്ട് കൂടി മോശം പ്രകടനം കാരണം അവര്‍ക്ക് അതിന് സാധിച്ചു. ദക്ഷിണാഫ്രക്കന്‍ അവസ്ഥയിലെ പരിചയ കുറവും നിര്‍ണ്ണായകമായി.
അവര്‍ക്ക് അത് നന്നായി അനുകൂലമാക്കാനും കഴിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരായ അംലയും ക്വിന്‍ ഡി കോക്കും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 152 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. മികച്ച അടിത്തറയില്‍ തുടങ്ങിയ ദക്ഷിണാഫ്രിക്ക ഡിവില്ല്യേഴ്സിലൂടെയും ഡുമിനിയിലൂടെയും അത് ഭംഗിയായി അവസാനിപ്പിക്കുകയും ചെയ്തു.
അവസാന മൂന്ന് ഓവറില്‍ 48 റണ്‍സാണ് ഇവര്‍ അടിച്ചു കൂട്ടിയത്. ഫലമോ ഇന്തയ ദയനീയമായി പരാജയപ്പെട്ടു. ബോളര്‍മാര്‍ ഇതില്‍ നിന്ന് പാഠം ഉള്‍കൊള്ളണമെന്നും അടുത്ത മത്സരത്തിനായി ബാറ്റ്സ്മാന്മാര് മാനസികമായി തയ്യാറെടുക്കണമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: