കോഴിക്കോട്: സംസ്ഥാനത്ത് പാല് ക്ഷാമത്തിന് സാധ്യത. പാലിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിലും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ലഭ്യതയിലും വന്‍ തോതില്‍ കുറവുണ്ടാകുന്നതാണ് കാരണം. ഈ മാസം അവസാനത്തോടെ പാല് ക്ഷാമം അനുഭവപ്പെടുമെന്നാണ് സൂചന.
വേനലില്‍ പൊതുവെ പാല് ലഭ്യതയില്‍ കുറവുണ്ടാകുമെങ്കിലും ഇത്തവണ സ്ഥിതി രൂക്ഷമാക്കുന്നത് സംസ്ഥാനത്തിനകത്തും പുറത്തുമുണ്ടായിട്ടുള്ള കാലികളുടെ കൂട്ടമരണമാണ്. കുളമ്പ് രോഗമാണ് കാലികളുടെ മരണത്തിനിടയാക്കിയത്. തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ വ്യാപകമായ കുളമ്പ് രോഗം കേരളത്തിലേക്കും പടരുകയായിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ പതിനായിരത്തിലധികം കന്നുകാലികളാണ് ചത്തൊടുങ്ങിയത്. കേരളത്തില്‍ നൂറ് കണക്കിന് മരണമുണ്ടായി. ഏറ്റവും കൂടുതല്‍ നാശമുണ്ടായത് കൊല്ലം, പാലക്കാട്, വയനാട് ജില്ലകളിലാണ്.
സംസ്ഥാനത്തിനകത്തും പുറത്തും ചത്ത കാലികളില്‍ ഭൂരിഭാഗവും മികച്ച ഉല്പ്പാദനക്ഷമതയുള്ളവയുമായിരുന്നു. ഇവിടങ്ങളിലെല്ലാം പതിനായിരക്കണക്കിന് കാലികളാണ് രോഗബാധിതമായിരിക്കുന്നത്. ഇതോടെ പാലുല്‍പ്പാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഈ അവസ്ഥ കേരളത്തിന്റെ ക്ഷീരമേഖലയെയാണ് ഗുരുതരമായി ബാധിക്കുക. നിലവില്‍ ആഭ്യന്തര പാലുല്‍പ്പാദനം കേരളത്തിന്റെ ആവശ്യത്തേക്കാള്‍ കുറവാണ്. പ്രതിദിനം പന്ത്രണ്ടര ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തിനാവശ്യം. എന്നാല്‍ ഇവിടെ ക്ഷീര കര്‍ഷകരില്‍ നിന്ന് മില്‍മക്ക് സംഭരിക്കാനാകുന്നത് ഒമ്പതരലക്ഷം ലിറ്ററിനടുത്ത് മാത്രം. ബാക്കി മൂന്ന് ലക്ഷം ലിറ്റര്‍ കര്‍ണ്ണാടക, തമിഴ്നാട് എന്നിവടങ്ങളില്‍ നിന്നാണ് കേരളം കൊണ്ട് വരുന്നത്. കാലികളുടെ രോഗവും കൂട്ട മരണവും കാരണം ഈ സംസ്ഥാനങ്ങളില്‍ തന്നെ പാല് ലഭ്യത കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അവിടെ നിന്ന് കേരളത്തിന് പാല് കിട്ടുക പ്രയാസമായിരിക്കും. ഇതിന്റെ ഫലമാകട്ടെ കേരളത്തില്‍ കടുത്ത പാല് ക്ഷാമമായിരിക്കും.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: