കോഴിക്കോട്: ടി.പി വധക്കേസിലെ പ്രതികളെ ജയില്‍ മാറ്റേണ്ടതില്ലെന്ന് എരഞ്ഞിപ്പാലത്തെ വിചാരണക്കോടതി വ്യക്തമാക്കി. കൊടി സുനി, കിര്‍മാണി മനോജ്, എം.സി.അനൂപ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവരെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും പൂജപ്പുരയിലേക്ക് മാറ്റണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്.
രാവിലെ അപേക്ഷ പരിഗണിച്ചപ്പോള്‍ പ്രതികള്‍ക്ക് ജയിലിനകത്തും പുറത്തും രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ജയിലില്‍ ഇവര്‍ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുവെന്നും അതിനാല്‍ തന്നെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയാണ് ഏക പോംവഴിയെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
എന്നാല്‍ പ്രോസിക്യൂഷന്റെ വാദം പ്രതിഭാഗം തള്ളി. വിചാരണ അവസാന ഘട്ടത്തിലായിരിക്കുന്ന സാഹചര്യത്തില്‍ പ്രതികളെ മാറ്റുന്നത് ഉചിതമല്ലെന്ന് പ്രതിഭാഗം അഭിഭാഷകന് വാദിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയാണ് നടപടി വേണ്ടത്, പ്രതികളെ മാറ്റുകയല്ല വേണ്ടതെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
വിചാരണ കോടതിയില്‍ ഹാജരാക്കേണ്ട ആവശ്യം വന്നാല്‍ പ്രതികളെ എത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടുമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: