തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വന്‍ വീഴ്ച. ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ടാക്സി കാറില്‍ യാത്ര ചെയ്തു. ഇന്ന് രാവിലെ ദല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗിക വാഹനം എത്താതിരുന്നത്.
ഔദ്യോഗിക വാഹനത്തിനായി 15 മിനിട്ടോളം മുഖ്യമന്ത്രി കാത്തിരുന്നിട്ടും വരാത്തതിനെ തുടര്‍ന്ന് അദ്ദേഹം ഒരു ടാക്സി വിളിക്കുകയായിരുന്നു. വാഹനം എത്താത്തതിനാല്‍ ഐ എം ജിയില്‍ പങ്കെടുക്കേണ്ട ഒരു പരിപാടി മുഖ്യമന്ത്രി റദ്ദാക്കി. സാധാരണ ഗതിയില്‍ മുഖ്യമന്ത്രി എത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് വാഹനങ്ങള്‍ എത്തുകയും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നുമുണ്ട്. കൂടാതെ സഞ്ചരിക്കേണ്ട റൂട്ട് നിശ്ചയ്ക്കുകയും ഗതാഗത തടസ്സം നീക്കുകയും ചെയ്യണം. എന്നാല്‍ ഇതൊന്നും ഉണ്ടായില്ല.
കണ്ണൂരിലെ കല്ലേറിനു ശേഷം തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് വീഴ്ചവരുത്തിയതിനാലാണ് കല്ലേറ് കൊണ്ടതെന്നായിരുന്ന പ്രാഥമിക നിഗമനം. സംഭവത്തില്‍ കാറിന്റെ ചില്ല് പൊട്ടിയതുകൊണ്ട് ബുള്ളറ്റ് പ്രൂഫ് കാര്‍ മുഖ്യമന്ത്രിക്ക് വേണ്ടി ഒരുക്കണമെന്നുവരെ ആഭ്യന്തരവകുപ്പ് പറയുകയുണ്ടായി. എന്നിട്ടും തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനം എത്തിക്കാന്‍ ആഭ്യന്തര വകുപ്പിനായില്ല.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാവീഴ്ച സംബന്ധിച്ച് അഭ്യന്തര സെക്രട്ടറിയെ നേരിട്ട് ധരിപ്പിക്കും. അതേസമയം ഔദ്യോഗിക വാഹനം വരാത്തതില്‍ യാതൊരു സുരക്ഷാ വീഴ്ചയും ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മ ചാണ്ടി പറഞ്ഞു. ദല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് ശേഷം താന്‍ വിമാനത്താവളത്തില്‍ എത്തിയത് ടാക്സിയിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: