ന്യൂദല്‍ഹി: ന്യൂദല്‍ഹി നിയമസഭയിലെ 70 മണ്ഡലങ്ങളിലേക്ക് നാളെ തെരഞ്ഞെടുപ്പ്. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ സമാപിച്ചു. നിശബ്ദ പ്രചാരണത്തിന് ഇന്ന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ വ്യക്തമായ മേല്‍ക്കയ്യോടെ വിജയം ഉറപ്പാണെന്ന് ബിജെപി ദേശീയ നേതൃത്വം മാധ്യമങ്ങളോട് വ്യക്തമാക്കി.
ആവേശകരമായ അന്തരീക്ഷത്തിലാണ് പരസ്യപ്രചാരണത്തിന് ദല്‍ഹിയില്‍ ഇന്നലെ സമാപനമായത്. മുമ്പു കണ്ടിട്ടില്ലാത്ത പ്രചാരണ പരിപാടികള്‍ക്കു കഴിഞ്ഞ ഒരു മാസമായി സാക്ഷ്യം വഹിച്ച ദല്‍ഹിയില്‍ ബിജെപി,കോണ്‍ഗ്രസ്,ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. അവസാനദിനം കൂടുതല്‍ പ്രവര്‍ത്തകരെ രംഗത്തിറക്കി പ്രചാരണം ഉഷാറാക്കാനായിരുന്നു എല്ലാ പാര്‍ട്ടികളുടേയും ശ്രമം. വിവിധ മണ്ഡലകേന്ദ്രങ്ങളില്‍ നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ അവസാനദിന പ്രചാരണം ആവേശഭരിതമാക്കി. റോഡ് ഷോകളും റാലികളും ഗൃഹസമ്പര്‍ക്ക പരിപാടികളുമായി ബിജെപിയുടെ ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് 70 നിയോജകമണ്ഡലങ്ങളിലുമായി ഇന്നലെ അണിനിരന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചതമാണെന്ന് ബിജെപി കേന്ദ്രനേതാക്കളായ സുഷമാ സ്വരാജും അരുണ്‍ ജെയ്റ്റ്ലിയും പണ്ഡിറ്റ് പന്ത് മാര്‍ഗ്ഗിലെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മികച്ച മാര്‍ജ്ജിനിലുള്ള വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. വോട്ടെണ്ണലിനു ശേഷം മികച്ച നേട്ടത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പതിനഞ്ചു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിനു ശേഷം ജനങ്ങള്‍ ബിജെപിയെ തെരഞ്ഞെടുത്തു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി വിജയിക്കാനുള്ള പരിശ്രമമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ നടത്തുന്നത്,സുഷമാ സ്വരാജ് പറഞ്ഞു.
സ്വപ്നലോകത്തു ജീവിക്കുകയാണ് ആം ആദ്മി പാര്‍ട്ടി നേതാക്കളെന്നും ദല്‍ഹിയില്‍ ജയിക്കാനുള്ള യാതൊരു സാധ്യതയും ആംആദ്മി പാര്‍ട്ടിക്കു മുന്നിലില്ലെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ജനങ്ങള്‍ കോണ്‍ഗ്രസ് ഭരണത്തില്‍ മനംമടുത്തിരിക്കുകയാണ്. ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും അരുണ്‍ ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന ന്യൂദല്‍ഹി നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രി ഷീലാദീക്ഷിത് പരാജയപ്പെടുമെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെടുകയാണ്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വിജേണ്ടര്‍ ഗുപ്തയും ആം ആദ്മിപാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളുമാണ് ഇവിടെ എതിരാളികള്‍. ന്യൂദല്‍ഹി മണ്ഡലത്തിലെ മൈതാനങ്ങളും പാര്‍ക്കുകളും നരേന്ദ്രമോദിയുടെ പരിപാടിക്കു വിട്ടുനല്കുന്നതിനു വിലക്കിക്കൊണ്ട് പരാജയമൊഴിവാക്കാന്‍ ഷീലാദീക്ഷിത് നടത്തിയ പരിശ്രമങ്ങള്‍ വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. മോദിയുടെ പരിപാടിക്കായി മൈതാനങ്ങള്‍ വിട്ടു നല്‍കാതിരുന്നതിനെതിരെ ജനങ്ങളുടെ എതിര്‍പ്പ് കോണ്‍ഗ്രസ് നേരിടുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയോടുള്ള സാധാരണ ജനങ്ങളുടെ ആഭിമുഖ്യത്തില്‍ വലിയ കുറവുണ്ടായതും ആം ആദ്മി പാര്‍ട്ടി വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് ഒതുങ്ങുമെന്ന വിലയിരുത്തലുകള്‍ ശക്തമായതും പ്രചാരണം അവസാനിച്ച ദിനത്തിലെ കാഴ്ചകളായി. 40ലേറെ സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: