ന്യൂദല്‍ഹി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീനെ വിട്ടു നല്കാന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെടും. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ജമ്മു കാശ്മീരിലേക്ക് കോടിക്കണക്കിനു രൂപ എത്തിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയാണ് സയ്യിദ് സലാഹുദ്ദീനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നത്.
അതിര്‍ത്തി കടന്ന് 80 കോടി രൂപ എത്തിയ കേസിലാണ് പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന ഭീകരവാദ നേതാക്കളെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നത്. കോടികള്‍ അതിര്‍ത്തി കടന്നെത്തിയ സംഭവം 2011ലാണ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് രണ്ടു വര്‍ഷമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ ശനിയാഴ്ച ദല്‍ഹി കോടതിയില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയായ സയ്യിദ് സലാഹുദ്ദീനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുന്നത്. 1989 മുതല്‍ പാക്കിസ്ഥാനില്‍ അഭയം തേടി കഴിയുന്ന സലാഹുദ്ദീനു വേണ്ടി ജാമ്യമില്ലാ വാറണ്ട് ദല്‍ഹി കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. സലാഹുദ്ദീനെ അറസ്റ്റ് ചെയ്തു കൈമാറാന്‍ ആവശ്യപ്പെട്ടുകൊണ്ട് പാക്കിസ്ഥാന് കത്തയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെയാണ് എന്‍ഐഎയ്ക്ക് അനുമതി നല്‍കിയത്.
ജമ്മുകാശ്മീര്‍ പീഡിത സഹായ ട്രസ്റ്റ് എന്ന സ്ഥാപനത്തെ ഉപയോഗിച്ചുകൊണ്ട് 13 കോടി രൂപയാണ് താഴ്വരയില് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നതെന്ന് എന്‍ഐഎ കണ്ടെത്തി. ബാക്കി തുക ഉറി അതിര്‍ത്തി വഴിയും സാധാരണ ബാങ്ക് ഇടപാടുകള്‍ വഴിയും ഹവാല പണമിടപാട് വഴിയിലുമാണ് ജമ്മുകാശ്മീരിലെത്തിച്ചിരിക്കുന്നതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രതിയായ ജമ്മു സ്വദേശിയും പാക്കിസ്ഥാനില്‍ അഭയം തേടുകയും ചെയ്ത ഹിസ്ബുള്‍ ഡപ്യൂട്ടി കമാണ്ടര്‍ ഗുലാം നബി ഖാനു വേണ്ടിയും എന്‍ഐഎ പാക്കിസ്ഥാനോട് ആവശ്യപ്പെടും. മുഹമ്മദ് ഷാഫി ഷാ, ഉമര്‍ ഫറൂഖ് ഷേരാ, മന്‍സൂര്‍ അഹമ്മദ് ദാര്‍, നസീര്‍ അഹമ്മദ് ദാര്‍, സഫര്‍ ഹുസൈന് ഭട്ട്, അബ്ദുള്‍ മജീദ് സോഫി, മുബാറക് ഷാ തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികള്‍. നിയമവിരുദ്ധ പ്രവൃത്തികള്‍ നടത്തിയതിന്റെ പേരില്‍ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: