മാനന്തവാടി: കേരളവര്‍മ്മ വീര പഴശ്ശിരാജാവിന്റെ അനുസ്മരണദിനാചരണം വിവിധ പരിപാടികളോടെ വയനാട്ടില്‍ നടന്നു. പുഷ്പ്പാര്‍ച്ചന, തലക്കര ചന്തു അനുസ്മരണം, എടച്ചന കുങ്കന് അനുസ്മരണം, ചരിത്രസെമിനാര്‍, എക്സിബിഷന്, അഖില വയനാട് ക്വിസ് മത്സരം, കവിയരങ്ങ്, ചിത്രരചന, അമ്പെയ്ത്ത്, ഉപന്യാസ മത്സരങ്ങള്‍, സോപാനസംഗീതം, ദ്വീപശിഖാപ്രയാണം, സാമൂഹ്യനാടകം, അനുസ്മരണ റാലി, ശോഭായാത്രകള്‍, അനുസ്മരണ സമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
പഴശ്ശി ബാലമന്ദിരത്തിലെ കുട്ടികള്‍ പഴശ്ശി സമാധിയില്‍ പുഷ്പ്പാര്‍ച്ചന നടത്തി. സാംസ്ക്കാരിക ഘോഷയാത്രക്കുശേഷം നടന്ന അനുസ്മരണ സമ്മേളനം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. മന്ത്രി പി.കെ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍വഹിച്ചു. എം.ഐ.ഷാനവാസ് എംപി, എംഎല്‍എ ഐ.സി.ബാലകൃഷ്ണന്, സി.അബ്ദുള്‍ അഷ്റഫ്, എം.ജി.ബിജു എന്നിവര്‍ പ്രസംഗിച്ചു.
ബാലഗോകുലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ തീര്‍ത്ഥയാത്ര ഉച്ചകഴിഞ്ഞ് നാല് മണിക്ക് ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച് പഴശ്ശി കുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി.
സംഘടിത വോട്ട്ബാങ്കുകള്ക്ക് വേണ്ടി ദേശസ്നേഹികളെ ഒറ്റുകൊടുക്കുന്ന നിലപാടുകളാണ് കേരളത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാലഗോകുലം മേഖല അദ്ധ്യക്ഷന്‍ വി.കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ഉത്തര കേരള കാര്യവാഹ് പി.പി.സുരേഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സര വിജയികള്‍ക്ക് ആര്‍എസ്എസ് ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വനവാസി വികാസകേന്ദ്രം സംസ്ഥാന പ്രസിഡണ്ട് പള്ളിയറ രാമന്, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു. വി.കെ.സുരേന്ദ്രന് സ്വാഗതവും എം.വി.പ്രഭാകരന് നന്ദിയും പറഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച സി.കെ.ബാലകൃഷ്ണന് നായരെ അനുസ്മരിച്ചുകൊണ്ടാണ് പൊതുസമ്മേളനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: