ന്യൂദല്‍ഹി: ഡിസംബര്‍ നാലിന് നടക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 630 ബൂത്തുകളില്‍ വോട്ടിംഗ് ലൈവ് ആയിരിക്കും. പ്രശ്നബാധിതമായ ഈ 630 ബൂത്തുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ദല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ ബൂത്തിനകത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നിരീക്ഷിക്കാനാകും. ഇന്ത്യയില്‍ ഇതാദ്യമായാണ് പ്രശ്നബാധിത ബൂത്തുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. പോളിംഗ് ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ അപ്പപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചുകൊണ്ടിരിക്കും. ക്യാമറകള്‍ സ്ഥാപിക്കുന്നതിനോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മൈക്രോ ഒബ്സര്വേഴ്സിനേയും ബൂത്തുകളില്‍ നിയമിച്ചിട്ടുണ്ട്. ക്യാമറയില്‍ നിന്നു ലഭിക്കുന്ന ദൃശ്യങ്ങള്‍ നേരിട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനും, തെരഞ്ഞെടുപ്പിന്റെ മേല്നോട്ടത്തിനുംവേണ്ടിയാണ് ഇവരെ നിയമിക്കുന്നത്. സുരക്ഷക്കായി 107 കമ്പനി അര്‍ദ്ധസൈനികരേയും 64,000 ദല്‍ഹി പോലീസിനേയും ബൂത്തുകളില്‍ വിന്യസിക്കുമെന്ന് ദല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അജയ് ദേവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: