കൊച്ചി: വൈറ്റിലയില്‍ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന എമറാള്‍ഡ് ഹോട്ടലിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. മൂന്ന് വര്‍ഷമായി ഈ ഹോട്ടലിനെതിരെ നടപടിയെടുക്കാന്‍ സാധിച്ചില്ലെന്ന് കൗണ്‍സിലര്‍ അനില്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ സംയുക്തമായി തീരുമാനം എടുക്കുന്നതിന് മീറ്റിങ് വിളിക്കുമെന്ന് മേയര്‍ ടോണി ചമ്മണി അറിയിച്ചു. അനധികൃത കെട്ടിടം ആണെന്ന് അറിഞ്ഞിട്ടും ഹോട്ടലിന് അനുകൂല വിധി നല്കിയ ട്രൈബ്യൂണലിനെതിരെ ആക്ഷേപം ഉണ്ടെന്നും മേയര്‍ പറഞ്ഞു. എമറാള്‍ഡ് ഹോട്ടലുമായി ബന്ധപ്പെട്ട വിഷയം ഗുരുതരമാണെന്നും ഉദ്യോഗസ്ഥരാണ് ഇതിന് കൂട്ടുനില്‍ക്കുന്നതെന്നും കൗണ്‍സിലര്‍ ടി.ജെ.വിനോദ് അഭിപ്രായപ്പെട്ടു. ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് സെക്രട്ടറിയോട് അടിയന്തരമായി ലൈസന്‍സ് റദ്ദാക്കാന്‍ ആവശ്യപ്പെടണമെന്ന് കൗണ്‍സിലര്‍ മഹേഷ് പറഞ്ഞു.
പച്ചാളം മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ സ്പെഷ്യല്‍ കൗണ്‍സില്‍ ചേരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ചേര്‍ന്നില്ലെന്നും ജനങ്ങള്‍ ദുരിതത്തിലാണെന്നും കൗണ്‍സിലര്‍ ഡെലീന പിന് ഹീറോ പറഞ്ഞു. പാലത്തിന്റെ അലൈന്മെന്റ് തയ്യാറാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കൗണ്‍സിലിനെ തന്നെ വെല്ലുവിളിക്കുന്ന ഉദ്യോഗസ്ഥരാണ് നഗരസഭയിലുള്ളതെന്ന് കൗണ്‍സിലര്‍ സി.എ.ഷക്കീര്‍ പറഞ്ഞു. അഴിമതിക്ക് കൂട്ടു നില്ക്കുന്ന വക്കീലിനെ മാറ്റണമെന്നും ഡപ്യൂട്ടി സെക്രട്ടറി, ഹെല്‍ത്ത് ഓഫീസര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം കോര്പ്പറേഷന് മുന്നില്‍ താന്‍ ഒറ്റയ്ക്ക് സമരം നടത്തുമെന്നും ഷക്കീര്‍ പറഞ്ഞു.
നഗരത്തില്‍ പട്ടിശല്യം രൂക്ഷമാണെന്ന് കൗണ്‍സിലര്‍ പ്രേം കുമാര്‍ പറഞ്ഞു. ഫോര്‍ട്ട് കൊച്ചി ബീച്ചിലേക്ക് വിനോദസഞ്ചാരികള്‍ കൂടുതല്‍ വരുന്ന സാഹചര്യത്തില്‍ ഈ വിഷയം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലക്കാലത്ത് ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്താന്‍ പോലും സാധിക്കാത്ത സ്ഥിതിവിശേഷമാണ് നായ ശല്യം കാരണം ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
തേവരയില്‍ യുപി പാലത്തിനടിയില്‍ സെപ്റ്റിക് മാലിന്യം കൊണ്ട് നിക്ഷേപിക്കുന്നതായും പള്ളുരുത്തിയിലേക്കുള്ള കുടിവെള്ള ടാങ്കിന്റെ മുകളിലേക്കാണ് ഇത് ഇടുന്നതെന്നും കൗണ്‍സിലര്‍ റെനീഷ് ആരോപിച്ചു. മാലിന്യ നിര്‍മാര്‍ജനത്തിന് നടപടി സ്വീകരിക്കുണമെന്നും അദ്ദേഹം പറഞ്ഞു.
തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവയെ പിടികൂടി വന്ധീകരണം നടത്താനുള്ള നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും മേയര്‍ പറഞ്ഞു. നായ്ക്കളെ പിടികൂടാന്‍ ആളെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നായശല്യം നിയമ വശം നോക്കാതെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്മാന് ടി.കെ.അഷറഫ് പറഞ്ഞു. ആനിമല്‍ ബര്‍ത്ത് കണ്ട്രോളിംഗ് പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊതുക് നിവാരണ പദ്ധതികള്‍ ഫലപ്രദമല്ലെന്ന് കണ്‍സിലര്‍മാര്‍ പറഞ്ഞു. കൊതുക് നിവാരണത്തിനായി വാര്‍ഡ് തലത്തില്‍ 50,000 രൂപ നല്‍കുമെന്നും ഡിസംബറില്‍ തന്നെ വിതരണം ചെയ്യുമെന്നും മേയര്‍ പറഞ്ഞു.
പച്ചാളം മേല്‍പ്പാലം സംബന്ധിച്ച പ്രശ്നം ആലോചന യോഗങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ലാതെ കാര്യമായി ഒന്നും നടക്കുന്നില്ലെന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കൗണ്‍സിലര്‍ മണികണ്ഠന് പറഞ്ഞു.
ജനസേവ കേന്ദ്രത്തില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയിട്ടില്ലെന്ന് കൗണ്‍സിലര്‍ എം.പി മഹേഷ് കുമാര്‍ പറഞ്ഞു. എളംകുളം പാലത്തില്‍ അറ്റക്കുറ്റപ്പണികള്‍ എത്രയും വേഗം നടത്തണമെന്ന് കൗണ്‍സിലര്‍ സോജന് ആന്റണി ആവശ്യപ്പെട്ടു. നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും ശ്യാമള എസ്.പ്രഭു ആവശ്യപ്പെട്ടു.
മെട്രോയുടെ കാര്യത്തില്‍ ചില സ്ഥാപിത താല്പര്യക്കാരുടെ ഇടപെടല്‍ മൂലം ഗതാഗത തടസ്സം ഉണ്ടാകുന്ന സ്ഥിതിവിശേഷമാണെന്ന് കൗണ്‍സിലര്‍ റെനീഷ് പറഞ്ഞു. ഇന്ദിര ഗാന്ധിസഹകരണ ആശുപത്രിയിലെ നഴ്സുമാര്‍ ദുരിതത്തിലാണ്. ഇവിടെ സംയുക്ത സമരം നടക്കുന്നു. വിഷയം കൗണ്‍സില്‍ ചര്‍ച്ച ചെയ്യണമെന്നും റെനീഷ് ആവശ്യപ്പെട്ടു. ട്രാഫിക് വാര്ഡന് പത്മിനിയെ ആക്രമിച്ച കേസില്‍ മേയര്‍ നിലപാട് വ്യക്തമാക്കണമെന്ന് കൗണ്‍സിലര്‍ ഷഫീഖ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: