ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ദല്‍ഹിയില്‍ വീണ്ടും ബിജെപി തംരംഗം ഉയരുന്നു. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന സംഭവ വികാസങ്ങളാണ് വോട്ടര്‍മാരെ വീണ്ടും ബിജെപിക്കനുകൂലമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ജനപ്രീതിയില്‍ വലിയ ഇടിവുണ്ടായതും കോണ്‍ഗ്രസിന്റെ ആം ആദ്മി പാര്‍ട്ടി അനുകൂല നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടതുമാണ് ബിജെപി തരംഗം സൃഷ്ടിക്കപ്പെടാന്‍ കാരണം.
മാധ്യമങ്ങളിലൂടെ ലഭിച്ച അമിത പിന്തുണയില്‍ ആംആദ്മി പാര്‍ട്ടി നടത്തിയ പ്രചാരണങ്ങളെല്ലാം പച്ചക്കള്ളമായിരുന്നെന്ന് കുറച്ചു ദിവസങ്ങളിലായി പുറത്തു വന്ന വാര്‍ത്തകള്‍ തെളിയിക്കുന്നു. അഴിമതി നിലപാടുകള്‍ സ്വീകരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കള്‍ വിദേശത്തുനിന്നും കണക്കില്‍പ്പെടാത്ത പണം സ്വീകരിക്കുന്നതും പണം നല്കിയില് തോറ്റുകൊടുക്കാമെന്ന് വാഗ്ദാനം നല്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതും പാര്‍ട്ടിയിലുള്ള സാധാരണക്കാരുടെ വിശ്വാസങ്ങള്‍ നഷ്ടമാക്കി. അരവിന്ദ് കെജ്രിവാള് അഴിമതി വിരുദ്ധ സമരത്തിനായി ശേഖരിച്ച പണം തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാന്‍ ഉപയോഗിച്ചതും പുറത്തുവന്നിരുന്നു. സാധാരണക്കാരുടെ ഇടയില്‍ സ്വാധീനമുള്ള നേതാക്കള്‍ പലരും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയതും ക്ഷീണമായി.
ഇതിനു പുറമേ ആം ആദ്മി പാര്‍ട്ടിക്കുവേണ്ട സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത് കോണ്‍ഗ്രസ് ആണെന്ന ആരോപണങ്ങള്‍ പലതും സത്യമായതും ബിജെപിക്കനുകൂലമായ തരംഗത്തിനു കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം വരുകയാണെങ്കില്‍ ആം ആദ്മി പാര്‍ട്ടിയോട് ചേര്‍ന്ന് ഭരിക്കാന്‍ തയ്യാറാണെന്ന മുഖ്യമന്ത്രി ഷീലാദീക്ഷിതിന്റെ പ്രസ്താവന ഒരു സ്വകാര്യ ചാനലിലൂടെ പുറത്തുവന്നത് കോണ്‍ഗ്രസിന്റേയും ആം ആദ്മി പാര്‍ട്ടിയുടേയും കാപട്യം പുറത്താക്കി. ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളാരും ഷീലാദീക്ഷിതിന്റെ പ്രസ്താവനയോട് പ്രതികരിക്കാത്തതും ജനങ്ങളിലെ സംശയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
കപില്‍ സിബലിന്റെ ബന്ധുവായ തെഹല്‍ക്ക എഡിറ്റല്‍ തരുണ്‍ തേജ്പാലിന്റെ ലൈംഗീക പീഡനക്കേസും ദല്‍ഹി തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളായി ദിവസങ്ങള്‍ക്കുള്ളില്‍ മാറിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വീഴ്ചയുമായി ബന്ധപ്പെടുത്തി തേജ്പാലിന്റെയും തെഹല്‍ക്കയുടേയും കോണ്‍ഗ്രസ് ബന്ധങ്ങളും പ്രചാരണവിഷയങ്ങളായി മാറുകയാണ്.
വിവിധ വിഷയങ്ങളില്‍ പ്രത്യേകം പ്രകടന പത്രികള്‍ പുറത്തിറക്കിയും ദേശീയ-സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പ്രത്യേകം സ്ക്വാഡുകള്‍ താഴേത്തലം മുതല്‍ പ്രവര്‍ത്തന രംഗത്തിങ്ങിയും ബിജെപി തെരഞ്ഞെടുപ്പ് രംഗം കയ്യടക്കുകയാണ്. രണ്ടാഴ്ച മുമ്പത്തെ രാഷ്ട്രീയ സാഹചര്യമല്ല ദല്ഹിയിലെന്നും തെരഞ്ഞെടുപ്പ് രംഗം ബിജെപിക്കനുകൂലമായി വളരെപ്പെട്ടെന്ന് മാറിയെന്നും മാധ്യമപ്രവര്‍ത്തകരും നിരീക്ഷിക്കുന്നു.
ബിജെപി വലിയ നേട്ടത്തോടെ ഭരണത്തിലെത്തുമെന്നും രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു തുടങ്ങിയതു തന്നെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വന്ന വലിയ മാറ്റത്തിന്റെ ഫലമാണെന്ന് വിലയിരുത്തപ്പെടുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: