ജയ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തീപാറും പോരാട്ടം രാജസ്ഥാനിലായിരിക്കും. ഇവിടുത്തെ പ്രധാന രണ്ട് ശക്തികളാണ് ബിജെപിയും കോണ്‍ഗ്രസും. അശോക് ഗഹ്ലോട്ടിനെ ഉയര്‍ത്തിക്കാണിച്ച് കോണ്‍ഗ്രസും വസുന്ധര രാജെ സിന്ധ്യയുടെ കീഴില്‍ ബിജെപിയുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന രാജസ്ഥാനില്‍ അഭിപ്രായ സര്‍വ്വേകള്‍ ബിജെപിക്കാണ് മുന്‍ തൂക്കം പ്രവചിക്കുന്നത്.
ഡിസംബര്‍ ഒന്നിന് പോളിങ്ങ് ബൂത്തിലേക്ക് എത്താന്‍ രാജസ്ഥാന് ജനത മനസ്സുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞു. മിസോറാം ഒഴികെയുള്ള നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ എട്ടിനായിരിക്കും പ്രഖ്യാപിക്കുക. ഏതായാലും രാജസ്ഥാനില്‍ കൊട്ടിക്കലാശം അവസാനിച്ചിരിക്കുന്നു. ഇനി നിശബ്ദ പ്രചാരണത്തിനുള്ള സമയമാണ്. അടിയൊഴുക്കുകള്‍ ഉണ്ടായാല്‍ അത് ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സംസ്്ഥാനത്ത് സജീവമായിരിക്കുന്നത്. രാജസ്ഥാന് നിയമസഭയില്‍ മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികളെ പരിശോധിക്കാം.
വസുന്ധര രാജെ സിന്ധ്യ
2013ലെ രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് വസുന്ധര രാജെ സിന്ധ്യ. 2003-08 ലെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. രാജസ്ഥാനിലെ ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയാണ് വസുന്ധര. 1953 മാര്‍ച്ച് എട്ടിന് ഗ്വാളിയോര്‍ രാജകുടുംബത്തില്‍ ജനനം. തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മുംബൈ സര്‍വ്വകലാശാലയുടെ കീഴില്‍ ധനതത്ത്വശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദവും രാജെ നേടി. വളരെ പണ്ടു മുതലെ ബിജെപി പ്രവര്‍ത്തകയായിരുന്നു ഇവര്‍. 1985-90, 2003-08, 2008-13 തുടങ്ങിയ കാലഘട്ടങ്ങളില്‍ രാജസ്ഥാന് നിയമസഭയില്‍ അംഗമായിരുന്നു. 9,10,11,12,13 എന്നീ ലോക്സഭകളിലും വസുന്ധര രാജെയുടെ സാനിധ്യം ഉണ്ടായിരുന്നു. 1985-87 ല്‍ യുവമോര്‍ച്ചയുടെ വൈസ് പ്രസിഡന്റ്, 1984 ല്‍ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം, 1987 ല്‍ ബിജെപിയുടെ വൈസ് പ്രസിഡന്റ്, 1990 ല്‍ ട്യൂറിസം മന്ത്രി, 1997 ല്‍ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയുടെയുടെ ജോയിന്റ് സെക്രട്ടറി, 1998 ല്‍ കേന്ദ്ര സഹമന്ത്രി, 2003 ല്‍ രാജസ്ഥാനിലെ ബിജെപി പ്രസിഡന്റ്, 2003 ല്‍ സംസ്ഥാന മുഖ്യമന്ത്രി, 2009 ല്‍ രാജസ്ഥാന് പ്രതിപക്ഷനേതാവ് തുടങ്ങിയ ചുമതലകള്‍ വസുന്ധര രാജെ വഹിച്ചിട്ടുണ്ട്. 2013 ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നതും വസുന്ധര തന്നെയാണ്. രാജസ്ഥാന്കാര് മുഖ്യമന്ത്രിയായി അവരുടെ രാജകുമാരിയെ മനസാ അംഗീകരിച്ചുകഴിഞ്ഞു. ഇനി വോട്ടുകുത്തിയാല്മതി.
അശോക് ഗഹ്ലോട്ട്
രാജസ്ഥാനിലെ നിലവിലെ മുഖ്യമന്ത്രിയാണ് അശോക് ഗഹ്ലോട്ട്. 1951 മെയ് 3 ന് ജനനം. 1980 ലെ ഏഴാം ലോക്സഭയില്‍ ജോദ്പൂറിനെ പ്രതിനിധീകരിച്ചാണ് ആദ്യമായി ഗഹ്ലോട്ട് അംഗമാകുന്നത്്. തുടര്‍ന്ന് 8,10,11,12 തുടങ്ങിയ ലോകസഭകളിലും ഇദ്ദേഹം അംഗമായി. ശാസ്ത്രത്തിലും നിയമത്തിലും ബിരുദവും ധനതത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഇദ്ദേഹം നേടി. 1999 ല്‍ രാജസ്ഥാന് നിയമസഭയില്‍ സര്‍ദാര്‍പുരയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ എഐസിസിയുടെ ജനറല്‍ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്. 1998 മുതല്‍ 2003 വരെയുള്ള കാലഘട്ടത്തിലാണ് ഗഹ്ലോട്ട് ആദ്യമായി രാജസ്ഥാന് മുഖ്യമന്ത്രിയാകുന്നത്. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തില്‍ ബിജെപി കോണ്‍ഗ്രസില്‍ നിന്നും അധികാരം പിടിച്ചെടുക്കുകയായിരുന്നു. 2008 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ അശോക് ഗഹ്ലോട്ട് തന്നെയായിരുന്നു മുഖ്യമന്ത്രി.
സി.പി ജോഷി
15-ാം ലോക്സഭയില്‍ ബില്‍വാരയില്‍ നിന്നും സി.പി ജോഷി അംഗമായിരുന്നു. 2009 ലെ 19 ക്യാബിനറ്റിലെ അംഗവും മുന്‍ ഗതാഗത, റെയില്‍വെ മന്ത്രിയുമായിരുന്നു. 1950 ജൂലൈ 29 ന് രാജസ്ഥാനിലെ നത്ത്ഡ്വാരയില് ജനനം. നിയമത്തില്‍ ബിരുദവും ഭൗതിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും സൈക്കോളജിയില്‍ പിഎച്ച്ഡിയും ജോഷി പൂര്‍ത്തിയാക്കി. ദീര്‍ഘകാലത്തെ അദ്ധ്യാപക വൃത്തിക്ക് ശേഷം പൂര്‍ണ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറുകയായിരുന്നു. 1973 ല്‍ മോഹന്‍ലാല്‍ സുഖാദ്യ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ്, 1980-85,1998-03 തുടങ്ങിയ കാലഘട്ടത്തില്‍ നത്ത്ഡ്വാരയില് നിന്നും അസംബ്ലിയില്‍ എംഎല്‍എ, 1998 ല്‍ ക്യാബിനറ്റ് മന്ത്രി, 2003 ല്‍ രാജസ്ഥാന് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പ്രസിഡന്റ്, 2012 ല്‍ മമതാ ബാനര്‍ജി യുപിഎ വിട്ടപ്പോള്‍ റെയില്‍വെ മന്ത്രിയായിരുന്ന മുകുള്‍ റോയി രാജിവച്ചപ്പോള്‍ ആ സ്ഥാനം ഏറ്റെടുത്തും സി.പി ജോഷിയാണ്. ഗഹ്ലോട്ടിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി സംസ്ഥാനത്തു പരാജയപ്പെടുമെന്നു വന്നപ്പോള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ദല്‍ഹിയില്‍നിന്നു കെട്ടിയിറക്കിയ ജോഷിയും ഗഹ്ലോട്ടും തമ്മിലുള്ള തര്‍ക്കവും ഏറെക്കുറേ പരസ്യമായിക്കഴിഞ്ഞ രഹസ്യ പരസ്പര വൈരാഗ്യവും സംസ്ഥാനത്ത് ബിജെപിയുടെ വിജയം കൂടുതല്‍ എളുപ്പമാക്കുന്നുവെന്നാണ് രാഷ്ട്രീയ വിശകലനക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: