ന്യൂദല്‍ഹി: നിയമവിദ്യാര്‍ത്ഥിനിയുടെ ലൈംഗിക പീഡന പരാതിയില്‍ ആരോപണ വിധേയന് ജസ്റ്റിസ് എ.കെ ഗാംഗുലി. പരാതിയില്‍ അന്വേഷണം നടത്തിയ സുപ്രീംകോടതി മൂന്നംഗ സമിതി ഗാംഗുലിയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി സദാശിവത്തിന് സമര്‍പ്പിച്ചു. ജസ്റ്റീസുമാരായ ആര്.എം ലോധ, എച്ച്.എല്‍ ദത്തു, രഞ്ജന പ്രകാശ് ദേശായി എന്നിവരടങ്ങുന്നതായിരുന്നു സമിതി.
കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയാണ് ജഡ്ജിക്കെതിരേ ആരോപണമുന്നയിച്ചത്. പഠനത്തിനും പ്രൊഫഷനിലേക്കും വേണ്ട ഉപദേശങ്ങള്‍ക്കായി സമീപിച്ച തന്നെ ജഡ്ജി പീഡിപ്പിച്ചുവെന്നായിരുന്നു ബ്ലോഗിലൂടെയുള്ള പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ആരോപണ വിധേയനായ ജഡ്ജി അടുത്ത കാലത്ത് സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചതായും ഇയാള്‍ക്ക് കീഴില്‍ താന്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വിഷയം പരിശോധിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയോഗിക്കുകയായിരുന്നു. നിലവില്‍ ഒരു എന്‍ജിഒ സംഘത്തില്‍ ജൂനിയര്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുകയാണ് പെണ്‍കുട്ടി. പരാതിയില്‍ ആരോപണ വിധേയന് ജസ്റ്റിസ് എകെ ഗാംഗുലിയാണെന്ന് സുപ്രീംകോടതി വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന് തലവനാണ് ജസ്റ്റിസ് എ കെ ഗാംഗുലി.
എന്നാല്‍ ആരോപണങ്ങളോട് ഗാംഗുലി ശക്തമായാണ് പ്രതികരിച്ചത്. ആരോപണങ്ങള്‍ കേട്ട് താന്‍ ഞെട്ടിപ്പോയെന്നും സാഹചര്യങ്ങളുടെ ഇരയാണ് താനെന്നും ഗാംഗുലി പ്രതികരിച്ചു. നിയമവിദ്യാര്ത്ഥികളെയും തന്റെ കീഴില്‍ പരിശീലനത്തിന് വരുന്ന വിദ്യാര്‍ത്ഥികളെയും മക്കളെപ്പോലെയാണ് കണ്ടിരുന്നതെന്നും ഗാംഗുലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: