കേരളത്തോളം വരും ജയ്സാല്‍മീര്‍ നിയോജകമണ്ഡലം. 270 കിലോമീറ്റര്‍ നീളവും 187 കിലോമീറ്റര്‍ വീതിയുമുള്ള ജയ്സാല്‍മീര്‍ എന്ന ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി ജില്ലയില്‍ ആകെയുള്ളത് ഒരേയൊരു നിയോജകമണ്ഡലം മാത്രം. ജനസംഖ്യ 80,000 വരുമെങ്കിലും വോട്ടര്‍മാര്‍ വെറും 35000. കഴിഞ്ഞ പത്തു വര്‍ഷമായി ഇവിടെ ജയിച്ചു കയറുന്നത് ബിജെപി എംഎല്‍എ ഛോട്ടൂസിങ് ഭാട്ടിയാണ്. ഭാട്ടി രജപുത്ര വിഭാഗക്കാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ജയ്സാല്‍മീറില്‍ ഇത്തവണയും വിജയം ഉറപ്പാണെന്ന് ജില്ലാ ആസ്ഥാത്തു നിന്നും 90 കിലോമീറ്റര്‍ അകലെ പാക്കിസ്ഥാന് അതിര്‍ത്തിയിലെ സാക് ല ഗ്രാമത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ഛോട്ടൂസിങ് ജന്മഭൂമിയോട് പറഞ്ഞു.
സാധാരണക്കാരുടെ പ്രശ്നങ്ങളോട് പുറംതിരിഞ്ഞു നില്ക്കുന്ന സര്‍ക്കാരാണ് കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനം ഭരിച്ചത്. പാവപ്പെട്ട ഗ്രാമീണര്‍ക്ക് യാതൊരു പ്രയോജനവും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണകാലത്ത് ഉണ്ടായിട്ടില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരില്ലാത്തതു സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ല. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാന് സ്കൂളുകള്‍ ഇല്ല. കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യവും കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാകാത്തതും മണ്ഡലത്തെ വരള്‍ച്ചാബാധിത പ്രദേശമാക്കി തുടരാന്‍ നിര്‍ബന്ധമാക്കുകയാണ്. ജനങ്ങള്‍ക്ക് മതിയായ തൊഴില്‍ ലഭിക്കാത്തതു പരിഹരിക്കാനും സര്‍ക്കാരിനാവുന്നില്ല. ഇതെല്ലാം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സംസ്ഥാനത്ത് വീണ്ടും ബിജെപി സര്‍ക്കാര്‍ നിലവില്‍ വരണം, ഛോട്ടൂസിങ് പറഞ്ഞു.
ഒരു ഗ്രാമത്തില്‍ നിന്നും അടുത്ത ഗ്രാമത്തിലേക്കെത്താന്‍ കുറഞ്ഞത് അമ്പതു കിലോമീറ്ററെങ്കിലും വരുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പറയുന്നു. അതിര്‍ത്തി ഗ്രാമങ്ങളിലെ പ്രശ്നങ്ങളെല്ലാം സമാനതകളുള്ളതാണ്. അതു പരിഹരിക്കുന്നതിനു സമഗ്രമായ വികസന പദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കണം. ജനങ്ങളിലൊരാളായി അവരോടൊപ്പം പ്രവര്‍ത്തിക്കുന്നതാണ് മുന്വിജയങ്ങള്ക്ക് കാരണമായതെന്ന് ഹാട്രിക് വിജയം തേടി ഇത്തവണയും തെരഞ്ഞെടുപ്പ് ഗോദായിലേക്കിറങ്ങിയ ഛോട്ടൂസിങ് പറയുന്നു. ഗ്രാമങ്ങളിലെ പ്രധാനപ്പെട്ട വീടുകളില്‍ സമീപവാസികളെ വിളിച്ചു ചേര്‍ത്ത് ചെറു യോഗങ്ങളിലൂടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം പുരോഗമിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ ഗ്രാമീണരുടെ സ്നേഹപരിഗണനകളേറ്റുവാങ്ങി മടങ്ങുമ്പോള്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങളേപ്പറ്റിയുള്ള ഗ്രാമീണരുടെ ആശങ്കകളാണ് മനസ്സില്‍ ബാക്കിയായത്.
പാക്കിസ്ഥാനുമായി ജയ്സാല്മീറെന്ന നിയോജകമണ്ഡലം പങ്കിടുന്ന അതിര്‍ത്തി 471 കിലോമീറ്ററാണ്. തിരുവനന്തപുരത്തു നിന്നും കണ്ണൂര്‍ വരെയുള്ള ദൂരം. ഇന്ത്യനതിര്‍ത്തി പൂര്‍ണ്ണമായും കമ്പിവേലി സ്ഥാപിച്ചു സംരക്ഷിച്ചിട്ടുള്ള അതിര്‍ത്തിയാണ് രാജസ്ഥാനിലുള്ളത്. എന്നാല്‍ പലപ്പോഴും കമ്പിവേലി തകര്‍ത്തുകൊണ്ടും അതിര്‍ത്തിയിലെ നദിയിലൂടെയും പാക് നുഴഞ്ഞു കയറ്റം ഉണ്ടെന്നാണ് സാക് ലയിലെ ഗ്രാമീണര്‍ പറയുന്നത്. സിന്ധു നദിയില്‍ നിന്നും ഇന്ത്യയിലേക്ക് വെള്ളമെത്തിക്കുന്ന കനാലിലൂടെ പാക് നുഴഞ്ഞു കയറ്റം വ്യാപകമാണെന്ന് അതിര്‍ത്തിയില്‍ താമസിക്കുന്ന ഗജേന്ദ്രസിങ് പറയുന്നു. ഏറ്റവും കൂടുതല്‍ നുഴഞ്ഞു കയറ്റം നടക്കുന്നത് വേനല്‍ക്കാലത്താണ്. അധികമാരും പുറത്തിറങ്ങാത്ത സമയത്ത് കള്ളിമുള്‍ച്ചെടികള്‍ക്കിടയില്‍ ഒളിച്ചും ചെമ്മരിയാടിന് പറ്റങ്ങളുടെ ഇടയില്‍ കയറിയുമാണ് പാക് നുഴഞ്ഞു കയറ്റക്കാര്‍ അതിര്‍ത്തി കടക്കുന്നത്.
അനധികൃത നുഴഞ്ഞു കയറ്റക്കാരെ കണ്ടുപിടിച്ചു തിരിച്ചയക്കുന്നതിനു പകരം ഇവര്‍ക്ക് വോട്ടവകാശവും റേഷന്‍കാര്‍ഡും അനുവദിക്കാനുള്ള രാജസ്ഥാന് സര്‍ക്കാരിന്റെ തീരുമാനം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നുഴഞ്ഞു കയറ്റം തടയുന്നതിനായി ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് രാവും പകലും രാജ്യാതിര്‍ത്തി സംരക്ഷിക്കുകയാണ് ഇവിടുത്തെ ജനത. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സും കരസേനയുടെ പ്രധാനപ്പെട്ട ഡിവിഷനുകളും ജയ്സാല്‍മീറില്‍ ഉണ്ട്. എങ്കിലും ഗ്രാമീണരുടെ പൂര്‍ണ്ണ സഹകരണത്തോടെയുള്ള അതിര്‍ത്തി സംരക്ഷണ ദൗത്യമാണ് അതിര്ത്തിയിലുള്ളതൈന്ന് സൈനിക ഉദ്യോഗസ്ഥരും പറയുന്നു.
1965ലും 1971ലും നടന്ന ഇന്ത്യാ-പാക് യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ സഹിച്ച ജനതയാണ് ജയ്സാല്മീറിലേത്. രാജ ഭരണകാലത്തും നിരവധി യുദ്ധങ്ങള്‍ കണ്ട മണ്ണ്. യുദ്ധങ്ങള്‍ ചെയ്ത സമ്പന്നമായ പാരമ്പര്യമുള്ള ഭാട്ടി രജപുത്രന്മാരുടെ വീര്യത്തിന് ഇപ്പോഴും യാതൊരു കുറവും വന്നിട്ടില്ലെന്ന് അവരുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. അതിര്‍ത്തി കാത്തു സൂക്ഷിക്കുകയെന്ന ജന്മദൗത്യം സന്തോഷത്തോടെ നിര്‍വഹിക്കുകയാണ് തങ്ങളെന്ന് അവര്‍ ആവേശത്തോടെ പറയുമ്പോള്‍ അവിശ്വസിക്കാനാവില്ല ആര്‍ക്കും.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: