ന്യൂദല്‍ഹി: ലൈംഗിക പീഡന കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിന് ഗോവ പോലീസിന്റെ സമന്‍സ്. എത്രയുംവേഗം പനജിയിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കാനാണ് നിര്‍ദ്ദേശം. എത്തിയില്ലെങ്കില്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കും.
തേജ്പാലിന്റെ പീഡനത്തിന് ഇരയായ സഹപ്രവര്‍ത്തകയുടെ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഗോവ പോലീസ് തേജ്പാലിന് സമന്‍സ് അയച്ചത്. പെണ്‍കുട്ടി കഴിഞ്ഞ ദിവസം ഗോവ പോലീസിന് മൊഴി നല്‍കിയിരുന്നു. പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെയാണ് മൊഴിയിലുമുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥ സുനിത സാവന്താണ് മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മുംബയിലുള്ള അമ്മായിയുടെ വീട്ടിലെത്തിയാണ് സുനിത മൊഴിയെടുത്തത്. രാവിലെ പതിനൊന്നരയോടെ തുടങ്ങിയ മൊഴിശേഖരണം രാത്രി എട്ടുവരെ നീണ്ടുനിന്നു. തേജ്പാല്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ ഗോവ പോലീസ് തുറമുഖങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. അപേക്ഷ അടിയന്തരമായി പരിഗണിക്കമണമെന്ന തേജ്പാലിന്റെ ആവശ്യം തള്ളിയാണ് വാദം കേള്‍ക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. സംഭവത്തില്‍ ആദ്യം മാധ്യമ പ്രവര്‍ത്തകയോട് നിരുപാധികം മാപ്പ് പറഞ്ഞ തേജ്പാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വയം ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: