ജയ്പൂര്‍: വിമാനത്താവളങ്ങള്‍ കൊണ്ടു വയറ് നിറയ്ക്കാനാകില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിലെ പുഷ്കറിലെ മേളാ മൈതാനില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡുകള്‍ നിര്‍മിച്ചും വിമാനത്താവളങ്ങള്‍ ഒരുക്കിയും വയറു നിറയ്ക്കാനാകില്ല. പാവങ്ങളും പുരോഗമിക്കണമെന്നും വിമാനത്തില്‍ യാത്ര ചെയ്യുന്ന സ്ഥിതിയില്‍ അവരെത്തണമെന്നും ആഗ്രഹമുണ്ടെന്നും രാഹുല്‍ പറഞ്ഞു. പാവങ്ങള്‍ അഭിമുഖീകരിക്കുന്ന ഓരോ തടസവും മുന്നില്‍ കണ്ട് അവര്‍ക്കു വേണ്ടിയുള്ള നയങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.
ആറന്മുളയില് പരിസരവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും എതിര്‍പ്പുകളെ വകവയ്ക്കാതെ വിമാനത്താവള നിര്‍മ്മാണവുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ തന്നെ ഇത്തരമൊരു പ്രസ്താവന നടത്തിയത് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: