ബംഗളൂരു: സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കാത്തതിനാല്‍ നഗരത്തിലെ 1027 എടിഎംകൗണ്ടറുകള് പൊലീസ് അടച്ചുപൂട്ടി. സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ ഞായറാഴ്ച വൈകീട്ട് നാല് വരെയായിരുന്നു ബാങ്കുകള്‍ക്ക് സമയപരിധി നല്‍കിയിരുന്നത്. ഈ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തി എടിഎം കൗണ്ടറുകള്‍ അടച്ച് നോട്ടീസ് പതിച്ചത്.
വിവിധ ബാങ്കുകളുടെ 2580 എടിഎം കൗണ്ടറുകളില്‍ 1,050ഓളം കൗണ്ടറുകള്‍ക്ക് സുരക്ഷ ജീവനക്കാരോ, സിസിടിവി കാമറകളോ ഇല്ലെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് നിരവധി എടിഎം കൗണ്ടറുകള്‍ക്ക് ബാങ്കുകള്‍ സുരക്ഷാ ജീവനക്കാരെ നിയമിച്ചു തുടങ്ങിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാരെ നിര്‍ത്തുക, കൗണ്ടറുകളുടെ അകത്തും പുറത്തും സിസിടിവി കാമറകള്‍ സ്ഥാപിക്കുക, അപകട മുന്നറിയിപ്പ് നല്കുന്ന അലാറം സ്ഥാപിക്കുക, കൗണ്ടറുകളുടെ വാതിലുകള്‍ക്ക് മാഗ്നറ്റിക് പൂട്ട് ഘടിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊലീസ് ബാങ്കുകള്‍ക്ക് നല്‍കിയത്.
ഉപഭോക്താക്കളുടെ സുരക്ഷ ബാങ്കുകളുടെ ഉത്തരവാദിത്തമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാല്‍ പൂട്ടിയിട്ട എ.ടി.എം കൗണ്ടറുകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്നും ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ രാഘവേന്ദ്ര ഔരാദ്കര്‍ പറഞ്ഞു. ഒരാഴ്ച മുന്‍പ് നഗരത്തിലെ ഒരു എടിഎമ്മില്‍ മലയാളിയായബാങ്ക് ഉദ്യോഗസ്ഥക്ക് കവര്‍ച്ചാ ശ്രമത്തിനിടെ വെട്ടേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് സുരക്ഷാനടപടികള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ ആക്രമണ കേസിലെ പ്രതിയെ പിടികൂടാന്‍ ഇനിയും പൊലീസിനായിട്ടില്ല. പ്രതി ആന്ധ്രയില്‍ ആണെന്ന നിഗമനത്തില്‍ ബാംഗ്ലൂര്‍ പോലീസ് ആന്ധ്രപോലീസുമായി ചേര്‍ന്ന് അന്വേഷണം തുടരുകയാണ്. ആന്ധ്രയിലെ ധര്‍മവാരത്ത് സ്ത്രീയെ കൊലപ്പെടുത്തിയശേഷം എടിഎം കാര്‍ഡുകള്‍ കവര്‍ന്ന സംഭവവുമായി ഈകേസിനും സമാനതകള്‍ ഉണ്ട്. സിസിടിവിയിലെ രൂപസാദൃശ്യത്തിന് പുറമേ ആക്രമണരീതിയിലും സാദൃശ്യം ഉണ്ടെന്ന് പോലീസ് പറയുന്നു. രണ്ടുകേസിലും സ്ത്രീകളാണ് ഇരകള്‍ ആയിട്ടുള്ളതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: