കൊച്ചി: സംസ്ഥാന സ്കൂള്‍ മീറ്റില്‍ നിലവാരമുള്ള പ്രകടനങ്ങള്‍ ഏറെക്കാണാന് സാധിച്ചെന്നും ഇതു ശുഭ സൂചകമാണെന്നും ഒളിംപ്യന്‍ കെ.എം. ബിനു. കായികമേളയുടെ വേദിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൗമാര പ്രതിഭകളുടെ തീപ്പൊരി പ്രകടനങ്ങള്‍ക്കാണ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. ഒരുപിടി ദേശീയ റെക്കോര്‍ഡുകള്‍ ട്രാക്കിലും ഫീല്‍ഡിലും പിറന്നു. മത്സരാര്‍ത്ഥികളെല്ലാം ഒന്നിനൊന്ന് മികച്ചുനില്ക്കുന്നു. അതിനാലാണ് ഇത്രയും ഉന്നത നിലവാരത്തിലെ ഫലങ്ങള്‍ ഉണ്ടാകുന്നത്. ഇതു നല്ല പ്രവണതയാണ്, ബിനു പറഞ്ഞു.
ഹര്‍ഡില്‍സില്‍ കുട്ടികളെല്ലാം ഒന്നിനൊന്ന് മേന്മകാട്ടി. പുത്തന്‍ താരങ്ങളുടെ വീറുംവാശിയും നിറഞ്ഞ പോരാട്ടം കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. ഏറെ ശ്രദ്ധയും ടെക്നിക്കും ആവശ്യമുള്ള ഹര്‍ഡില്‍സിലേക്ക് കൂടുതല്‍ പേര് കടന്നുവരുന്നതില്‍ സന്തോഷം.
നിരവധി സ്കൂളുകള്‍ സ്പോര്‍ട്സിന് പ്രാധാന്യം നല്‍കിത്തുടങ്ങിക്കഴിഞ്ഞു. അതിനാല്‍ കൂടുതല്‍ കുട്ടികള്‍ക്ക് അവസരം കിട്ടുന്നു. അനേകം പുതിയ പ്രതിഭകള്‍ ഉയര്‍ന്നുവരുന്നു. കേരളത്തിന്റെ കായികരംഗത്തിന് ഇതിന്റെ പ്രയോജനം ലഭിക്കും.
സ്കൂള്‍ കായികരംഗം ഇപ്പോള്‍ ഏറെ വികസിച്ചു. സ്കൂളുകള്‍ തമ്മിലെ ചില അനാവശ്യ മത്സരങ്ങള്‍ മോശംഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നത് സത്യമാണ്. എങ്കിലും പുത്തന്‍ പ്രതിഭകളെ കണ്ടെത്താനും വളര്‍ത്തിക്കൊണ്ടുവരാനും വിദ്യാലയങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. സ്കൂള്‍ മീറ്റ് പുതു നാമ്പുകള്‍ക്ക് വളര്‍ന്നുവരാനുള്ള ഏറ്റവും മികച്ച ട്രാക്കാണ്. ഞാനുള്‍പ്പെടെയുള്ള മുന്‍കാല താരങ്ങളെല്ലാം സ്കൂള്‍ കായികമേളകളുടെ സൃഷ്ടിയാണ്. മെച്ചപ്പെട്ട പരിശീലന സൗകര്യങ്ങള്‍ ലഭിച്ചാല്‍ കുട്ടിത്താരങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ഏറെ ഉയരങ്ങളില്‍ എത്താനാകുമെന്നാണ് ഈ മീറ്റിലെ മത്സരങ്ങള്‍ വെളിവാക്കുന്നതെന്നും ബിനു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: