കൊച്ചി: തിരുവനന്തപുരം സായിയുടെ അഭിമാനം ട്വിങ്കിള്‍ ടോമി റെക്കോര്‍ഡ് സ്വര്‍ണ്ണം കൊയ്ത് അവസാന സ്കൂള്‍ മീറ്റ് അവിസ്മരണീയമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ 4 മിനിറ്റ് 00.45 സെക്കന്റില്‍ ഫിനിഷ് ചെയ്ത് തന്റെ പേരിലുള്ള റെക്കോര്‍ഡാണു ട്വിങ്കിള്‍ തിരുത്തിക്കുറിച്ചത്. കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് സ്ഥാപിച്ച 4 മിനിറ്റ് 00.48 സെക്കന്റിന്റേതാണ് ട്വിങ്കിളിന്റെ മുന്‍ റെക്കോര്‍ഡ്. ഇനി 800 മീറ്ററിലും മത്സരിക്കുന്ന ട്വിങ്കിള്‍ റെക്കോര്‍ഡ് ഡബിളിലും കണ്ണുവയ്ക്കുന്നു. തിരുവന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ട്വിങ്കിള്‍.
അഞ്ച് വര്‍ഷമായി സായിയിലെ ജോയി ജോസഫിന്റെ കീഴില്‍ പരിശീലിക്കുന്ന ട്വിങ്കിള്‍ കഴിഞ്ഞ ദേശീയ സ്കൂള്‍ മീറ്റില്‍ 1500 മീറ്ററില്‍ വെങ്കലവും ദേശീയ ജൂനിയര്‍ മീറ്റില്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു. കട്ടപ്പന വെട്ടിക്കുഴിക്കവല കൊല്ലാറയില്‍ കര്‍ഷകനായ ടോയി തോമസിന്റെയും മിനിയുടെയും മകനായ ഈ കൊച്ചുമിടുക്കന്റെ സ്കൂള്‍ മേളയിലെ മൂന്നാം സ്വര്‍ണമാണിത്. ഇടുക്കി വണ്ണപ്പുറം എസ്.എന്‍.എം ഹൈസ്കൂളിലെ ആനന്ദ്.കെ. മധു (4:01.69) വെള്ളിയും പാലക്കാട് മുണ്ടൂര്‍ എച്ച്.എസിലെ പി.ആര്. രാഹുല്‍ (4:04.29) വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: