മരട്: സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി പ്രണയം നടിച്ച് പണവും ആഭരണവും തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. പനങ്ങാട് പോലീസില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണ് തൃപ്പൂണിത്തുറ സിഐ ബൈജു എം. പൗലോസ് നേരിട്ട് അന്വേഷണം നടത്തി വരുന്നത്. ബിടെക് വിദ്യാര്‍ത്ഥിനിയെയാണ് മലപ്പുറം സ്വദേശിയായ യുവാവ് ‘ഫെയ്സ് ബുക്കു’വഴി പ്രണയിച്ച് വലയിലാക്കിയത്. തുടര്‍ന്നാണ് ബ്ലാക്ക് മെയിലിംഗ് തന്ത്രത്തിലൂടെ പെണ്‍കുട്ടിയുടെ പത്തുപവന്‍ ആഭരണങ്ങള്‍ തട്ടിയെടുത്തത്.
സംഭവവുമായി ബന്ധപ്പട്ട് മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം പോലീസിന്റെ വലയിലായെന്നാണ് സൂചന. ഈ സംഘത്തിലെ മുഖ്യസൂത്രധാരനാണ് പെണ്‍കുട്ടിയുമായി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ആഭരണവും മറ്റും തട്ടിയ വിരുതന്. കൂടാതെ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ ‘പാസ്വേര്ഡ്’ കൈക്കലാക്കിയ യുവാവും സംഘവും അതുപയോഗിച്ച് പെണ്‍കുട്ടിയുടെ കൂട്ടുകാരികളേയും ചാറ്റിംഗിലൂടെ വശത്താക്കി അവരേയും ബ്ലാക്ക് മെയില്‍ ചെയ്തതായും അന്വേഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവാവിന്റേയും സംഘത്തിന്റേയും ഫെയ്സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ സൈബര്‍ സെല്‍ വഴി നിരീക്ഷിച്ചാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.
ഫെയ്സ്ബുക്കില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്ന ഗൂഢസംഘങ്ങള്‍ വ്യാപകമാണെന്ന് പോലീസ് മുന്നറിയിപ്പു നല്കുന്നു. പഠനത്തില്‍ മിടുക്കികളായവര്‍ ഉള്‍പ്പെടെ നിരവധി പേര് സംഘങ്ങളുടെ വലയില്പ്പെടുന്നുണ്ടെന്നാണ് ലഭ്യമാക്കുന്ന വിവരം. സൗഹൃദം ഭാവിച്ച അടുത്തുകൂടുന്ന യുവാക്കള്‍ പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ വലയിലാക്കുന്നത്. തുടര്‍ന്ന് പണവും ആഭരണങ്ങളും തട്ടിയെടുക്കലും ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിക്കലുമാണ് നടന്നുവരുന്നതെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: