ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പുരുഷന്മാര്ക്കൊപ്പം സ്ത്രീകളും മത്സരിക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചില കണക്കുകള്‍ വെളിപ്പെടുത്തുന്നത് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികള്‍ കുറവാണെന്നാണ്. 2008ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി മത്സരിക്കുന്നത് 7000 വനിതാ സ്ഥാനാര്‍ത്ഥികളാണ്. 2008ല്‍ 7520 പേരാണ് മത്സരിക്കാനുണ്ടായിരുന്നത്. അതായത് 2008ല്‍ എട്ടു ശതമാനം ഉണ്ടായിരുന്നത് 2013 -ല്‍ ഏഴായി കുറഞ്ഞു.
വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന ദല്‍ഹിയില്‍ 51 ലക്ഷം വനിതകളാണ് ഉള്ളത്. എന്നാല്‍ ഡിസംബര്‍ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വെറും 17 വനിതകളാണ് മത്സരിക്കുന്നത്. 2008ല്‍ 81 സ്ഥാനാര്‍ത്ഥികളാണ് ദല്‍ഹി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കോണ്‍ഗ്രസും, ബിജെപിയും, ആംആദ്മിയും തമ്മിലാണ് ഇത്തവണ ദല്‍ഹിയില്‍ മത്സരിക്കുന്നത്. ഇതില്‍ കോണ്‍ഗ്രസിന് ആറ് വനിതാ സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. ബിജെപിക്കും, ആംആദ്മി പാര്‍ട്ടിക്കും മൂന്ന് വീതം. ബാക്കി പ്രാദേശിക പാര്‍ട്ടികളുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍. വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ പാസാകാത്തതു തന്നെയാണ് വനിതകളുടെ രാഷ്ട്രീയ അധികാരത്തിന് തടസം സൃഷ്ടിക്കുന്നതെന്ന് ബിജെപി-കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ പറയുന്നു. വിജയമാണ് പ്രധാനഘടകം. അല്ലാതെ സ്ഥാനാര്‍ത്ഥി ആണോ, പെണ്ണോ എന്നതല്ല എന്നും ഇവര്‍ പറയുന്നു.
ദല്‍ഹിയെ അപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങള്‍ തന്നെയാണ് ഇക്കാര്യത്തില്‍ ഭേദം. രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢില്‍ 85 വനിതാ സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. 2008ല്‍ ഒമ്പതു ശതമാനമായിരുന്നു വനിതാ സ്ഥാനാര്‍ത്ഥികള്‍. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ 190 വനിതകളാണ് മത്സരിക്കുന്നത്. 2008ല്‍ 226 പേരാണ് മത്സരിക്കാനുണ്ടായിരുന്നത്. മിസോറാമില്‍ 2.8ശതമാനം വനിതകള്‍ മത്സരിക്കുമ്പോള്‍ രാജസ്ഥാനില്‍ 168 വനിതകളാണ് മത്സരിക്കുന്നത്. 2008ല്‍ 154 പേരാണ് ഇവിടെ മത്സരിച്ചത്. പുരുഷന്മാരെ അപേക്ഷിച്ച് ഓരോ തെരഞ്ഞെടുപ്പുകള്‍ നടക്കമ്പോഴും വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം തെരഞ്ഞെടുപ്പില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും 2008നെ അപേക്ഷിച്ച് വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ കുറവാണ് കാണുന്നതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
വനിതാ സ്ഥാനാര്‍ത്ഥികളുടെ കണക്ക് വിവരങ്ങള്‍
സംസ്ഥാനം- 2013 – 2008
മിസോറാം-2.8 % – 4%
ദല്‍ഹി – 3% – 9%
മധ്യപ്രദേശ് -7.3% – 8%
രാജസ്ഥാന് -8.04%- 7%
ഛത്തീസ്ഗഢ് -8.5% – 9%
പ്രതികരിക്കാൻ ഇവിടെ എഴുതുക: