തിരുവനന്തപുരം: നിര്‍ദ്ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിനുള്ള പാരിസ്ഥിതികാനുമതിക്കാര്യത്തില് രണ്ടാഴ്ചയ്ക്കകം തീരുമാനമാകും. ഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിയോഗിച്ച അനില്‍ റസ്ദാന് അധ്യക്ഷനായ വിദഗ്ദ്ധ സമിതി ഇന്നലെ നടത്തിയ തെളിവെടുപ്പ് മൂന്നു മണിക്കൂറോളം നീണ്ടു. സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. ഇത് മൂന്നാം തവണയാണ് വിദഗ്ദ്ധ സമിതി വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠന റിപ്പോര്‍ട്ട് പരിഗണിക്കുന്നത്.
മുന്‍പ് രണ്ടുതവണ പരിഗണിച്ചപ്പോഴും പുതിയ പരാതികളുമായി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് പദ്ധതിക്കെതിരേ വിദഗ്ധ സമിതിയെ സമീപിച്ചിരുന്നു. തുറമുഖം വന്നാല്‍ കോവളത്തെ വിനോദസഞ്ചാര മേഖല തകരുമെന്നാണ് ഇവരുടെ പരാതി.
തുറമുഖ പ്രദേശത്ത് റോഡ് നിര്‍മിച്ചത് തീരദേശ നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്ന് തെളിയിക്കുന്ന പരാതി അടുത്തിടെ ഇവര്‍ നല്‍കിയത് സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. അതേസമയം, ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ നിയമം ലംഘിച്ചാണ് റോഡു നിര്‍മ്മിച്ചതെന്ന റിസോര്‍ട്ട് ഉടമകളുടെ വാദം സമിതി തള്ളി. പദ്ധതി വന്നാല്‍ മണ്ണൊലിപ്പുണ്ടാകുമെന്നുള്ള റിസോര്‍ട്ട് ഉടമകളുടെ വാദവും തള്ളി. തീരദേശ നിയമലംഘനം തെളിഞ്ഞാല്‍ പദ്ധതിയുടെ അനുമതി പരിഗണിക്കുന്നത് അറുപത് ദിവസത്തേക്ക് നീട്ടിവെക്കാം. ഇത് മനസ്സിലാക്കിയ സര്‍ക്കാര്‍ കഴിഞ്ഞദിവസം അടിയന്തരമായി തുറമുഖ കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്ന് റോഡുവെട്ടിയതിന് മാപ്പുചോദിക്കുന്ന പ്രമേയം പാസാക്കിയിരുന്നു. ഇത് വിദഗ്ധസമിതിക്ക് സമര്‍പ്പിക്കും. നിയമലംഘനമുണ്ടായാല്‍ അതില്‍ ഖേദം പ്രകടിപ്പിക്കാന്‍ ഇതുസംബന്ധിച്ച നിയമത്തില്‍ വകുപ്പുണ്ട്.
മുമ്പ് നടത്തിയ ടെന്‍ഡറുകള്‍ പരാജയപ്പെട്ടതിനാല്‍ പാരിസ്ഥിതികാനുമതി കിട്ടിയശേഷം തുറമുഖ നടത്തിപ്പിനും നിര്‍മാണത്തിനുമുള്ള കമ്പനികള്‍ക്കായി ടെന്‍ഡര്‍ വിളിക്കും. സര്‍ക്കാരിന്റെ വാദങ്ങള്‍ വേണ്ടതു പോലെ അവതരിപ്പിച്ചതായി തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: