ബ്രിസ്ബെന്: ചരിത്രപ്രസിദ്ധമായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ പിടിമുറുക്കി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 295 റണ്‍സിനെതിരെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 136 റണ്‍സിന് ഓള് ഔട്ടായി. 159റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കരസ്ഥമാക്കിയ ഓസ്ട്രേലിയ രണ്ടാംദിവസത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടം കൂടാതെ 65 റണ്‍സെടുത്തിട്ടുണ്ട്. 45 റണ്‍സുമായി ഡേവിഡ് വാര്‍ണറും 15 റണ്‍സുമായി റോജേഴ്സുമാണ് ക്രീസില്‍. മൂന്നു ദിവസവും പത്ത് വിക്കറ്റും കയ്യിലിരിക്കെ ഓസ്ട്രേലിയ 224 റണ്‍സിന് മുന്നിലാണ്.
എട്ടിന് 273 റണ്‍സ് എന്നനിലയില്‍ രണ്ടാം ദിവസം കളി പുനരാരംഭിച്ച ഓസ്ട്രേലിയ 22 റണ്‍സ്കൂടി കൂട്ടിച്ചേര്‍ത്തശേഷം പുറത്തായി. 78 റണ്‍സുമായി ബാറ്റിംഗ് പുനരാരംഭിച്ച ബ്രാഡ് ഹാഡിനാണ് അവസാനം പുറത്തായത്. സെഞ്ച്വറിക്ക് ആറ് റണ്‍സകലെവെച്ച് റണ്ണൗട്ടായാണ് ഹാഡിന് മടങ്ങിയത്. നാല് റണ്‍സുമായി ബാറ്റിംഗ് തുടര്‍ന്ന ഹാരിസാണ് ഇന്നലെ ആദ്യം മടങ്ങിയത്. 9 റണ്‍സെടുത്ത ഹാരിസിനെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയര്‍ പിടികൂടി. ഇംഗ്ലണ്ടിന് വേണ്ടി ബ്രോഡ് 81 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകള്‍ പിഴുതു.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ടിനെ മിച്ചല്‍ ജോണ്‍സന്റെയും റയാന് ഹാരിസിന്റെയും തീപാറുന്ന പന്തുകളാണ് തകര്‍ത്തത്. 40 റണ്‍സെടുത്ത മൈക്കല്‍ കാര്ബറിയാണ് ഇംഗ്ലണ്ട് നിരയിലെ ടോപ്സ്കോറര്‍. സ്റ്റുവര്‍ട്ട് ബ്രോഡ് 32 റണ്‍സുമെടുത്തു. 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്, 10 റണ്‍സെടുത്ത ട്രോട്ട്, 18 റണ്‍സെടുത്ത കെവിന് പീറ്റേഴ്സണ് എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാന്മാര്. ഒരുഘട്ടത്തില്‍ രണ്ടിന് 55 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. 36 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായത്. മധ്യനിരയുടെ നിരുത്തരവാദപരമായ ബാറ്റിംഗാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ഇയാന്‍ ബെല്‍ അഞ്ച് റണ്‍സെടുത്തും ജോ റൂട്ട് രണ്ട് റണ്‍സിനും മാറ്റ് പ്രയര്‍ റണ്ണൊന്നുമെടുക്കാതെയും പുറത്തായി.
ഓസ്ട്രേലിയക്ക് വേണ്ടി മിച്ചല്‍ ജോണ്സണ് 61 റണ്‍സ് നല്കി നാലും റയാന് ഹാരിസ് 28 റണ്‍സ് വഴങ്ങി മൂന്നും നഥാന്‍ ലിയോണ്‍ 17 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
159 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് ഒാപ്പണര്‍മാരായ റോജേഴ്സും വാര്‍ണറും ചേര്‍ന്ന് നല്‍കിയത്.
റോജേഴ്സ് മെല്ലെ സ്കോര്‍ നേടിയപ്പോള്‍ വാര്‍ണര്‍ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 55 പന്തില്‍ നിന്ന് വാര്‍ണര്‍ 45റണ്‍സെടുത്തപ്പോള്‍ 77 പന്തുകളില്‍ നിന്ന് 15 റണ്‍സാണ് ഹോജേഴ്സ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: