വിദിശ: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പില്‍ പ്രധാന മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി ഇല്ലെന്നല്ല. പക്ഷേ ഇവിടെ മത്സരം നേര്‍ക്കുനേരാണ്. അപ്പോള്‍ പിന്നെ രണ്ടു മണ്ഡലങ്ങളായ വിദിശയും ബുധ്നിയും തമ്മില്‍ മത്സരിക്കുന്നുവെന്നു പറയുന്നതോ. അതാണ് കൗതുകകരമായ കാര്യവും.
കുറച്ചുകൂടി കൗതുകവും ഉത്കണ്ഠയും ജനിപ്പിക്കും ഇതെക്കുറിച്ചുളള വിശദീകരണങ്ങള്‍. വിദിശയും ബുധ്നിയും തമ്മിലുളള മത്സരം എന്നുപറഞ്ഞാല്‍ അത് ബിജെപിക്കാര്‍ തമ്മിലുള്ളതാണ്. പക്ഷേ കോണ്‍ഗ്രസിലെപ്പോലെ പാര്ട്ടിക്കാര് തമ്മിലുള്ളതല്ലാതാനും. കോണ്‍ഗ്രസില്‍, ടിക്കറ്റ് നിഷേധിക്കപ്പെട്ടവരും അവരുടെ ബന്ധുക്കളും മറ്റും ചേര്‍ന്ന് ഔദ്യോഗിക വിഭാഗത്തിനെതിരെ പോരാട്ടത്തിലാണ്. എന്നാല്‍ വിദിശ-ബുധ്നി പ്രശ്നം റിബലുകളുടേതല്ല.
മേല്‍പ്പറഞ്ഞ രണ്ടുമണ്ഡലങ്ങളിലും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് സ്ഥാനാര്‍ത്ഥി. മുഖ്യമന്ത്രി രണ്ടു മണ്ഡലങ്ങളില്‍നിന്ന് എംഎല്‍എ ആകാന്‍ മത്സരിക്കുമ്പോള്‍ പിന്നെ എന്തു മത്സരമെന്നാണ് ചോദ്യമെങ്കില്‍ അവിടെയാണ് സംഗതിയുടെ കിടപ്പ്. ശിരാജ് സിംഗ് ചൗഹാന്റെ ഇപ്പോഴത്തെ മണ്ഡലം ബുധ്നിയാണ്. അവിടെ മത്സരിക്കുന്നുവെന്ന് പ്രഖ്യാപനം വന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണ്. അപ്പോഴാണ് രണ്ടാമതൊരിടത്തുകൂടി ചൗഹാന് സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി പ്രഖ്യാപിച്ചത്. അതായത് പത്രിക സമര്‍പ്പിക്കേണ്ട തീയതി അവസാനിക്കുന്നതിന് ഏഴു ദിവസം മുമ്പ്. അങ്ങനെ രണ്ടു മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി മത്സരിക്കുന്നതോടെ വലിയ സംസ്ഥാനത്ത് രണ്ടിടത്ത് കേന്ദ്രീകരിച്ച് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനായി. അങ്ങനെയാണ് രണ്ടുമണ്ഡലങ്ങള്‍ മത്സരിക്കാന്‍ തുടങ്ങിയത്.
ഈ മണ്ഡലത്തിലും ബിജെപിക്ക് വിജയം ഉറപ്പ്. കോണ്‍ഗ്രസ് തന്നെയാണ് എതിരാളി. പക്ഷേ ചൗഹാന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ വിദിശയിലും ബിജെപിക്കായി വമ്പിച്ച മുന്‍തൂക്കം. അതോടെ മണ്ഡലങ്ങള്‍ തമ്മിലും ബിജെപിക്കുള്ളിലും മത്സരമായി. മുഖ്യമന്ത്രിയ്ക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ഏതു മണ്ഡലത്തില്‍നിന്ന് നേടിക്കൊടുക്കും എന്നതാണ് മത്സരം. ബിജെപിക്കാര്‍ അതിനുള്ള പോരാട്ടത്തിലാണ്.
രണ്ടു മണ്ഡലത്തിലും ചൗഹാന് വിജയിക്കുമെന്നുറപ്പാണ്. പക്ഷേ ഒരിടം ഉപേക്ഷിക്കേണ്ടിവരും. അപ്പോള്‍ കൂടുതല്‍ ഭൂരിപക്ഷമുള്ളത് നിലനിര്‍ത്തും. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ഞങ്ങളുടെ മണ്ഡലത്തില്‍ നിന്നെന്ന വാശിയിലാണ് ബിജെപിക്കാര്‍.
വിദിശയില്‍ പാര്ട്ടിക്കാര് വീടുവീടാന്തരം കയറി വോട്ടു ചോദിക്കുകയാണ്. അവര്‍ക്കു കൂട്ടിനായി ഭാഭിജി എന്ന് അവര്‍ സ്നേഹത്തോടെ വിളിക്കുന്ന സാധനയുണ്ട്. മുഖ്യമന്ത്രി ചൗഹാന്റെ ഭാര്യയാണ് സാധന. പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് പ്രചാരണത്തിനിറങ്ങി ചൗഹാന് വമ്പന്‍ വിജയം ഉറപ്പാക്കാന്‍ ഭാഭിജി വെയിലും ചൂടും മറന്ന് കാല്‍നടയായി വീടുകള്‍ കയറിയിറങ്ങുമ്പോള്‍ വിദിശക്കാര്ക്ക് ആത്മവിശ്വാസം കൂടുതല്‍.
എന്നാല്‍ ബുധ്നിക്കാര് പറയുന്നത് മറ്റൊരു വിജയ രഹസ്യമാണ്, അവര്‍ക്ക് പ്രചാരണ പരിപാടികള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് കാര്‍ത്തികേയ ആണ്-ചൗഹാന്റെ മകന്. 19 കാരന്റെ ചുറുചുറുക്കില്‍ വിജയം ബുധ്നിക്കായിരിക്കുമെന്ന് അവര്‍ പറയുന്നു. എന്തായാലും ചൗഹാന് സന്തുഷ്ടനാണ്. രണ്ടിടത്തും വിജയം അനായാസം. വിജയിച്ചു കഴിഞ്ഞ് ഏതു മണ്ഡലം നിലനിര്‍ത്തണമെന്ന് തീരുമാനിക്കാം. പക്ഷേ, ചൗഹാന് പറയുന്നത് നിശ്ചയമായും ഭൂരിപക്ഷം ഒരു മാനദണ്ഡം തന്നെയായിരിക്കുമെന്നാണ്. അതു കേള്‍ക്കുമ്പോള്‍ വിദിശയും ബുധ്നിയും തമ്മിലുള്ള മത്സരം കൂടുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: