ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതി ആരോപണങ്ങള്‍ തൊടുത്തുവിട്ട അണ്ണാഹസാരെ അടവ് മാറ്റുന്നു. രാംലീല മൈതാനിയില്‍ ലോക്പാല്‍ ബില്ലിനു വേണ്ടി നടന്ന സമരത്തിന്റെ പേരില്‍ പിരിച്ചെടുത്ത മൂന്നുകോടിരൂപ ദുരുപയോഗം ചെയ്തതിനു അണ്ണാഹസാരെ അരവിന്ദ് കെജ്രിവാളിനെ കുറ്റപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. 2012 ഡിസംബറില്‍ സമരസമിതിയുടെ യോഗത്തിലെ ദൃശ്യങ്ങളടങ്ങിയ വീഡിയോയാണ് പുറത്തുവന്നത്. ലോക്പാല്‍ സമരത്തിനായി പിരിച്ചെടുത്ത പണം കെജ്രിവാള് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുകയാണെന്നായിരുന്നു ഹസാരെയുടെ ആരോപണം. എന്നാല്‍ വീഡിയോ ദൃശ്യം പുറത്തായതോടെ ഹസാരെ നിലപാട് മാറ്റുകയാണ് ചെയ്തത്. കെജ്രിവാള് അഴിമതിക്കാരനല്ലെന്നും താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഹസാരെ പറഞ്ഞു. കെജ്രിവാളുമായി കലഹമാണെന്ന് പറയുന്നതില്‍ വാസ്തവമില്ല. കെജ്രിവാള് അഴിമതി നടത്തിയിട്ടില്ലെന്നും ഹസാരെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, പിരിച്ചെടുത്ത പണം വകമാറ്റി ചെലവാക്കിയെന്ന ആരോപണത്തെക്കുറിച്ച് ഹസാരെ വ്യക്തമാക്കണമെന്ന് കെജ്രിവാള് ആവശ്യപ്പെട്ടു. ഈ ആവശ്യം ചൂണ്ടിക്കാട്ടി ഹസാരെക്ക് കെജ്രിവാള് കത്തയക്കുകയും ചെയ്തു. താന്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടു.
തന്റെ പേരില്‍ പിരിച്ച പണം കെജ്രിവാള് ദുരുപയോഗം ചെയ്യുകയാണെന്ന് ദൃശ്യങ്ങളില്‍ അണ്ണാഹസാരെ ആരോപിച്ചിരുന്നു. അഴിമതി വിരുദ്ധ സമര നായകനെന്ന പ്രതിച്ഛായയില്‍ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായ അരവിന്ദ് കെജ്രിവാളിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ആംആദ്മി പാര്‍ട്ടി വിദേശ സഹായം സ്വീകരിക്കുന്നതുള്‍പ്പെടെ കോടിക്കണക്കിനു രൂപ വാങ്ങിയെടുക്കുന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
അരവിന്ദ് കെജ്രിവാളിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പഴയ വീഡിയോയുമായി ചിലര്‍ രംഗത്തെത്തുന്നതെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ പ്രതികരണം. എന്നാല്‍ അണ്ണാ ഹസാരെയുടെ അടുത്ത അനുയായി ആയിരുന്ന കെജ്രിവാള് ഹസാരെ സംഘത്തില്‍ നിന്നും വിട്ടുമാറി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതു സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ ഭിന്നതകള്‍ മൂലമാണെന്ന വാര്‍ത്തകള്‍ പുതിയ സംഭവ വികാസത്തോടെ സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. ദല്‍ഹി തെരഞ്ഞെടുപ്പിനു രണ്ടാഴ്ച മുമ്പ് ദൃശ്യങ്ങള്‍ പുറത്തുവന്നത് തങ്ങള്‍ അഴിമതിക്കാരാണെന്ന പ്രതീതി സൃഷ്ടിക്കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് പ്രതികരിച്ചു.
എന്നാല്‍ അണ്ണാ ഹസാരെയുടെ പേര് തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ലെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു. അണ്ണാ ഹസാരെയുമായി ചേര്‍ന്ന് പ്രക്ഷോഭം നടത്തിയത് ലോക്പാല്‍ ബില്‍ കൊണ്ടുവരാന്‍ വേണ്ടിയാണെന്നും ബില്ലിന് അണ്ണാ ഹസാരെ ലോക്പാല്‍ ബില്ലെന്ന പേരാണുള്ളതെന്നും ഹസാരെയ്ക്ക് എതിര്‍പ്പുണ്ടെങ്കില്‍ വെറും ലോക്പാല്‍ ബില്ലെന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ തയാറാണെന്നും അരവിന്ദ് കെജ്രിവാള് പറഞ്ഞു. ലോക്പാല്‍ പ്രക്ഷോഭത്തിനായി പിരിച്ചെടുത്ത പണം തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചെന്ന അണ്ണാ ഹസാരെയുടെ വിഡിയോ ദൃശ്യങ്ങള്‍ വേദനിപ്പിച്ചതായും കെജ്രിവാള് പറഞ്ഞു.
അണ്ണാഹസാരെയുടെ പേര് തരെഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കെജ്രിവാളും കൂട്ടരും ഉപയോഗിക്കുന്നതിനെതിരെ ഹസാരെ നേരത്തെ മുതല്‍ രംഗത്തെത്തിയിരുന്നു. തന്റെ പേര് പ്രചാരണത്തിനുപയോഗിക്കരുതെന്നാവശ്യപ്പെട്ട് ഹസാരെ കെജ്രിവാളിനു കത്തെഴുതുകയും ചെയ്തു.
വിവാദങ്ങള്‍ക്കിടയിലും ദല്‍ഹി തെരഞ്ഞെടുപ്പു പത്രിക ആം ആദ്മി പുറത്തിറക്കി. തുച്ഛമായ വിലയില്‍ വൈദ്യുതി, അധികാരവികേന്ദ്രീകരണം തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ആംആദ്മി പാര്‍ട്ടി നടത്തിയിട്ടുണ്ട്. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം തടയും, ദല്‍ഹിയിലെ ഭരണസമ്പ്രദായം ഉടച്ചുവാര്‍ക്കും,കോളനി കമ്മറ്റികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കും തുടങ്ങിയ പ്രഖ്യാപനങ്ങളും ആംആദ്മി പാര്‍ട്ടി നടത്തിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: