കൊച്ചി: അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ ഇന്ന് ഏകദിന പൂരം. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിനപരമ്പരയിലെ ആദ്യ പോരാട്ടമാണ് ഇന്ന് അരങ്ങേറുന്നത്. ഉച്ചക്ക് 1.30 മുതല്‍ പകലും രാത്രിയുമായാണ് മല്‍സരം. സ്റ്റാര്‍ സ്പോര്‍ട്സില്‍ കളി തത്സമയം കാണാം.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ത്രസിപ്പിക്കുന്ന വിജയവും വെസ്റ്റിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളിലെ തകര്‍പ്പന്‍ വിജയവും നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ധോണിപ്പട ആദ്യ അങ്കത്തിന് കച്ചമുറുക്കുന്നത്. അതേസമയം ടെസ്റ്റില്‍ നിന്ന് വിഭിന്നമായി ഡ്വെയ്ന്‍ ബ്രാവോയാണ് ഏകദിനത്തില്‍ വീന്‍ഡീസ് നായകന്.
ഏകദിനത്തില്‍ നിന്ന് നേരത്തെ വിരമിച്ചെങ്കിലും ക്രിക്കറ്റ് ക്രീസിനോട് സച്ചിന് പൂര്‍ണ്ണമായും വിടപറഞ്ഞശേഷമുള്ള ആദ്യ അങ്കത്തിനാണ് ഭാഗ്യഗ്രൗണ്ടുകളില് ഒന്നായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. സച്ചിന്റെ അഭാവം ഒരു തരത്തിലും ബാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യന്‍ ക്യാമ്പ്. റണ്ണൊഴുകുന്ന പിച്ചില്‍ ടോസ് നേടിയ ടീം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ഇന്നലെ ഇരുടീമുകളും ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കഠിന പരിശീലനത്തിലേര്‍പ്പെട്ടു. രാവിലെ ഇന്ത്യയും ഉച്ചക്ക് വെസ്റ്റിന്‍ഡീസുമാണ് പരിശീലനം നടത്തിയത്. ഇന്ന് രാവിലെയും ടീമുകള്‍ പരിശീലനത്തിനിറങ്ങും.
ഇന്നലെ രാവിലെ 9.40 ഓടെ ഇന്ത്യന്‍ പേസര്‍മാരാണ് ആദ്യം സ്റ്റേഡിയത്തിലെത്തിയത്. ‘ബൗളിംഗ് മെഷീന്’ പരിഹാസം വീണ്ടുമെത്താതിരിക്കാന് മുഹമ്മദ് ഷാമിയും ഭുവനേശ്വര്‍ കുമാറും മോഹിത്ത് ശര്‍മയും ജയദേവ് ഉണ്ട്കതും വിനയ്കുമാറും നെറ്റില്‍ ശരിക്കും വിയര്‍പ്പൊക്കി. കഴിഞ്ഞ ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ കൊച്ചിയില്‍ അരങ്ങേറിയ മുഹമ്മദ് ഷാമി ഇന്നും മികച്ച പ്രകടനം നടത്താന്‍ ഉദ്ദേശിച്ച് ഏറെ സമയം ബൗളിംഗ് പരിശീലനം നടത്തി. 10.20 ഓടെ മറ്റ് ഇന്ത്യന്‍ താരങ്ങളും സ്റ്റേഡിയത്തിലെത്തി വ്യായാമം ആരംഭിച്ചു. സച്ചിന് പവലിയന്റെ ഉദ്ഘാടനത്തിന് ശേഷം ക്യാപ്റ്റന്‍ എം.എസ്. ധോണി മൈതാനത്തെത്തിയതോടെ ടീം രണ്ടായി തിരിഞ്ഞ് അരമണിക്കൂറോളം ഫുട്ബാള്‍ കളിച്ചു. ഫോം കിട്ടാതെ വലയുന്ന യുവരാജ് തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്. നിരവധി തവണ യുവി എതിര്‍ടീമിന്റെ വലകുലുക്കി. ധോണിയും മികച്ച ഷോട്ടുകളിലൂടെ കാണികളുടെ കൈയടി നേടി. ധോണി ധോണി വിളികളുമുയര്‍ന്നു. അതിനുശേഷം ബാറ്റിങ്ങിലായി ടീമിന്റെ ശ്രദ്ധ. വിരാട് കോഹ്ലിയും ശിഖര്‍ ധവാനും ധോണിയും രോഹിത് ശര്‍മ്മയും എറെ നേരം നെറ്റ്സില്‍ ചെലവിട്ടു. ഫോമില്ലായ്മയില്‍ വലയുന്ന യുവരാജ് സിംഗും സുരേഷ് റെയ്നയും കുറേനേരം ബാറ്റിംഗ് പരിശീലനം നടത്തിയെങ്കിലും പല തവണ ഇരുവരുടെയും കുറ്റിതെറിച്ചു. കൂറ്റന്‍ അടികളോടെ ധവാനാണ് കാണികളുടെ ഓമനയായത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ വിജയശില്പി രവീന്ദ്ര ജഡേജയും ഏറെനേരം ബാറ്റും ബോളുമായി നെറ്റ്സില്‍ ചിലവഴിച്ചു. 12.30 പരിശീലനം അവസാനിപ്പിച്ച് ടീം മടങ്ങി. ഇതിനുപിന്നാലെ പോലീസ് അകമ്പടിയില്‍ വെസ്റ്റിന്‍ഡീസ് ടീം എത്തി. ക്രിസ് ഗെയിലാണ് ഏറ്റവും അവസാനം മൈതാനത്തെത്തിയത്. തുടര്‍ന്ന് രണ്ട് ടീമുകളായി തിരഞ്ഞ് ഫുട്ബാള്‍ കളിച്ചു. തുടര്‍ന്ന് 20 മിനിറ്റോളം ഫീല്‍ഡിങ്ങ് പരിശീലനത്തിനായി ഇവര്‍ ചെലവിട്ടു. സാമുവല്‍സും ബ്രാവോയും ക്രിസ് ഗെയിലുമെല്ലാം ഏറെ നേരം ബാറ്റിംഗില്‍ പരിശീലനം നടത്തുകയും ചെയ്തു. ലോകോത്തര സ്പിന്നറായ സുനില്‍ നരേയ്ന് ഏറെ നേരം നെറ്റ്സില്‍ പന്തെറിഞ്ഞു.
ഇന്നലെ ടിക്കറ്റ് കൗണ്ടറുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് ടിക്കറ് വില്‍പ്പനയുണ്ടാകില്ല. അതേസമയം ആവേശത്തിരയിലും മഴ വില്ലനാവരുതേയെന്ന പ്രാര്‍ഥനയിലാണ് കൊച്ചിയും ആരാധകരും.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: