കൊച്ചി: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ വിജയംതന്നെയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ്ധോണി. ടെസ്റ്റില്‍ നേടിയ വിജയം ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും കൊച്ചിയില്‍ മികച്ച പ്രകടനം കാഴ്ചവക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിര്‍ണായക സമയത്ത് പടുത്തുയര്‍ത്തിയ കൂട്ടുകെട്ടിന്റെ കരുത്തിലാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നതോടെ ടീം ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. അതേസമയം ടെസ്റ്റിലെ പ്രകടനം നോക്കി വെസ്റ്റിന്‍ഡീസ് ടീമിനെ വിലയിരുത്താനാവില്ലെന്നും ഏകദിന ക്രിക്കറ്റില്‍ അവര്‍ തികച്ചും വ്യത്യസ്തരാണെന്നും മികച്ച ഒരു കൂട്ടം കളിക്കാരുടെ ടീമാണ് വെസ്റ്റിന്ഡീസെന്നും ധോണി കൂട്ടിച്ചേര്‍ത്തു. ഓസീസിനെതിരായ പരമ്പരയില്‍ ബൗളര്‍മാര്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ടെസ്റ്റുകളില്‍ ത്തില്‍ ബൗളര്‍മാര്‍ കഠിനാധ്വാനം ചെയ്താണ് ടീമിനു വിജയം സമ്മാനിച്ചത്. നിരന്തരം മത്സരങ്ങള്‍ വരുന്നതു ടീമിനെ പ്രയാസപ്പെടുത്തുന്നില്ല, മറിച്ച് കൂടുതല്‍ ആവേശത്തോടെ നല്ല പ്രകടനം കാഴ്ചവക്കാന്‍ ടീമംഗങ്ങളെ പ്രാപ്തരാക്കുകയാണു ചെയ്യുന്നത്.
കളിയുടെ ഗതി മാറ്റാനാവശ്യമായ കൂട്ടുകെട്ടാണു മധ്യനിരയില്‍ വേണ്ടത്. ഈ പൊസിഷനില്‍ റെയ്നയും യുവരാജും നന്നായി കളിക്കുന്നുണ്ട്. കൊച്ചിയിലെ പിച്ചിനെക്കുറിച്ചുള്ള ചോദ്യത്തിനു പിച്ചിനെപ്പറ്റി ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നും ധോണി പറഞ്ഞു. 260-270 എന്ന സ്കോര്‍ ചില സാഹചര്യങ്ങളില്‍ മാറ്റം വരുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
അതേസമയം ടെസ്റ്റിലെ തോല്‍വി കാര്യമാക്കുന്നില്ലെന്നും ഇന്നത്തെ ഏകദിനത്തില്‍ നന്നായി കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ പറഞ്ഞു. ക്രിസ് ഗെയില്‍, സാമുവല്‍ തുടങ്ങി ലോകോത്തര താരങ്ങളടങ്ങുന്ന ടീം മികച്ച പ്രതീക്ഷയാണു നല്‍കുന്നത്. ക്രിസ് ഗെയിലിന്റെ പ്രകടനം ടീമിനു കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ലോകചാമ്പ്യന്മാരെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനോടു ബഹുമാനമുണ്ട്. സച്ചിന്റെ അഭാവം ടീമിന് കനത്ത നഷ്ടം തന്നെയാണ്. എന്നാല്‍ സച്ചിന് പകരക്കാരനെ കണ്ടെത്താന്‍ കഴിയില്ലെങ്കിലും രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവര്‍ മികച്ച താരങ്ങളാണ്. ക്യാപ്റ്റന്‍ ധോണിയുടെ നേതൃത്വത്തില്‍ മികച്ച പ്രകടനമാണു ഇന്ത്യ നടത്തി വരുന്നത്. ഐപിഎല്ലില്‍ ചെന്നെ ടീമിന് വേണ്ടി ധോണിയുമായി ഒരുമിച്ച് കളിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്നത്തെ മത്സരത്തില്‍ ധോണി അവരുടെ രാജ്യത്തിനും ഞാന്‍ എന്റെ ടീമിനും വേണ്ടിയാണ് മത്സരിക്കുന്നതെന്നും ബ്രാവോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: