തൃപ്പൂണിത്തുറ: ആര്‍എല്‍വി കോളേജില്‍ ഉന്നത വിദ്യാഭ്യാസവകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലഭാരത സംഗീത നാട്യ ചിത്രകലാ മാമാങ്കത്തിന് നാളെ തിരിതെളിയും. വിവിധ കലകളെക്കുറിച്ച് അറിവ് പകരുന്നതിന് അവയുടെ തനിമ കാത്തുസൂക്ഷിക്കുന്നതിനും നിലവാരം ഉയര്‍ത്തുന്നതിനും ഉദ്ദേശിച്ച് നടത്തുന്ന ഒരാഴ്ച നീളുന്ന കലാസംഗമത്തില്‍ ഭാരതത്തിലെ പ്രഗത്ഭരായ കലാകാരന്മാര് പങ്കെടുക്കും. കര്‍ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, വാദ്യോപകരണസംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, വിഷ്വല്‍ ആര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ എന്നിവയാണ് അരങ്ങേറുന്നത്.
21ന് രാവിലെ 10ന് കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന വിഷ്വല്‍ ആര്‍ട്ട് ഫിലിം ഫെസ്റ്റിവലോടുകൂടി കലാമാമാങ്കത്തിന് തുടക്കം കുറിക്കും. ജര്‍മ്മനിയില്‍നിന്നുള്ള ഡോറോത്തിയ മച്ചിംഗലിന്റെ ശേഖരത്തിലുള്ള ഫിലിമുകളാണ് പ്രദര്‍ശിപ്പിക്കുക. വൈകിട്ട് 6ന് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യനായ പണ്ഡിറ്റ് രൂപക് കുല്‍ക്കര്‍ണി (മഹാരാഷ്ട്ര) ഹിന്ദുസ്ഥാനി പുല്ലാങ്കുഴല്‍ കച്ചേരി അവതരിപ്പിക്കും.
രണ്ടാംദിവസം 22ന് വൈകിട്ട് 6ന് ഭരതനാട്യ നര്‍ത്തകി മൈഥിലി പ്രകാശിന്റെ (യുഎസ്എ) ഭരതനാട്യ കച്ചേരി. മൂന്നാംദിവസം 23ന് വൈകിട്ട് 6ന് ടി.വി.ശങ്കരനാരായണന്റെ സംഗീതസദസ്. 24ന് രാവിലെ 10.30ന് മധ്യപ്രദേശില്‍നിന്നുള്ള ചിത്രാംഗന അഗ്ലേ രേഷ്വാള്‍ നേതൃത്വം നല്കുന്ന താളലയക്കച്ചേരി നടക്കും. വൈകിട്ട് 6ന് കലാമണ്ഡലം ഗോപി നേതൃത്വം നല്കുന്ന ‘കാലകേയവധം’ കഥകളിയും 25ന് വൈകിട്ട് ഛത്തീസ്ഗഢില്‍ നിന്നുള്ള പ്രശസ്ത സരോദ് വിദ്വാന് പണ്ഡിറ്റ് ജോയ് ദീപ്ഘോഷ് സരോദ് കച്ചേരിയും അവതരിപ്പിക്കും. 26ന് മോഹിനിയാട്ട കച്ചേരിയില്‍ സ്മിതാ രാജന് മോഹിനിയാട്ടം അവതരിപ്പിക്കും.
സമാപനദിവസമായ 27ന് വയലിന്‍ദ്വയം പരിപാടിയില്‍ നാഗൈ മുരളീധരന്, നാഗൈ ശ്രീറാം എന്നിവരുടെ കര്‍ണാടിക് വയലിന് കച്ചേരിയില്‍ മൃദംഗവിദ്വാന്‍ മന്നാര്‍ഗുഡി ഈശ്വരന്, ഘടം വിദ്വാന് തൃപ്പൂണിത്തുറ രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. എല്ലാ പരിപാടികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ പ്രിന്‍സിപ്പല്‍ പ്രൊഫ. എം.ബാലസുബ്രഹ്മണ്യം, സി.പി.മാധവന് നമ്പൂതിരി, കെ.വി.പ്രമോദ് കുമാര്‍, ജി.സന്തോഷ് കുമാര്‍, എബ്രഹാം ജോസഫ്, കോളേജ് യൂണിയന് ചെയര്മാന് കെ.പി.മനു എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: