റായിപൂര്‍: ഛത്തീസ്ഗഢിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 75 ശതമാനം പോളിങ്ങ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി ഒരാള്‍ മരിച്ചതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച്ച രാവിലെ തുടങ്ങിയ വോട്ടെടുപ്പ് തുടക്കത്തില്‍ വളരെ മന്ദഗതിയിലാണ് മുന്നോട്ട് പോയതെങ്കിലും പത്തുമണിയോടെ പോളിങ്ങ് സ്റ്റേഷനുകളില്‍ നീണ്ടനിര ദൃശ്യമായി തുടങ്ങി. 12 മണിയോടെ കനത്ത പോളിങ് എന്ന റിപ്പോര്‍ട്ടുകളാണ് വിവിധ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ നിന്നും വന്നത്.
ഉച്ചയോടെ 35 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടു. ഉച്ച കഴിഞ്ഞാണ് സ്ത്രീ വോട്ടര്‍മാരുടെ തള്ളികയറ്റം കൂടുതലായി ഉണ്ടായത്. വോട്ടെടുപ്പ് അവസാന നിമിഷത്തോട് അടുത്തപ്പോള്‍ പോളിങ്ങ് ശതമാനത്തിലും അതിനനുസൃതമായ മാറ്റമുണ്ടായി. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ പോലും വോട്ടെടുപ്പിന് തടസ്സം നേരിട്ടില്ല. ഒടുവില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 75 ശതമാനം പോള്‍ ചെയ്യപ്പെട്ടു.
ബിമീറ്റാരാ ജില്ലയിലെ സാജാ മണ്ഡലത്തില്‍ ബിന്ധര്വാണി പോളിങ്ങ് ബൂത്തിലാണ് ഒരാള്‍ മരിക്കാനിടയായ സംഭവം ഉണ്ടായത്. മദ്യപിച്ചെത്തിയയാള്‍ പോളിങ്ങ് ബൂത്തിലേക്ക് തള്ളികയറാന്‍ ശ്രമിക്കവെ സിആര്‍പിഎഫ് സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. സംഭവത്തില്‍ മാവോയിസ്റ്റ് ബന്ധമില്ലെന്ന് സംസ്ഥാന ഡിജിപി രാം നിവാസ് അറിയിച്ചു.
മുഖ്യമന്ത്രി രമണ്‍ സിംഗിനെ ഉയര്‍ത്തി കാട്ടി ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ജയിച്ചതിനു ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഉള്പ്പാര്ട്ടിപ്പോരിനെ മറച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാക്കന്മാര് പറയുന്നു. ഒന്നും രണ്ടുംഘട്ട തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വ്യക്തമായ സ്വാധീനം ഉണ്ടെങ്കിലും അടിയൊഴുക്കുകളെ പാര്‍ട്ടി തള്ളിക്കളയുന്നില്ലതാനും. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 19 ജില്ലകളിലായി 72 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ആകെ 90 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി ഛത്തീസ്ഗഢില്‍ പ്രചാരണം നടത്തിയത് ഗുണംചെയ്യുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: