പെരുമ്പാവൂര്‍: നഗരസഭയിലെ 25-ാം വാര്‍ഡില്‍ പാറപ്പുറം കാര്യേലിപ്പടി റോഡില്‍ കൊല്ലംകുടി പാലത്തിന് സമീപം നിര്‍മിക്കുന്ന പ്ലാസ്റ്റിക് നിര്‍മാണ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കമ്പനി നഗരസഭ ചെയര്‍മാന്റെ ഉടമസ്ഥതയിലുളളതാണെന്നാണ് പറയുന്നത്. കമ്പനിയുടെ നിര്‍മാണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് പരിസരവാസികള്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്കി.
മരങ്ങളുടെ വേയ്സ്റ്റുകള്‍ സംസ്കരിച്ച് മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്തുള്ള പ്ലൈവുഡ് ഉല്‍പ്പന്നങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. പാറപ്പുറം മേഖലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ വല്ലംതോടിന്റെ കൈവരി 300 മീറ്റര്‍ കയ്യേറിയാണ് ഫാക്ടറി നിര്‍മാണമെന്നും പൗരസമിതി ആരോപിക്കുന്നു. കമ്പനിയോട് ചേര്‍ന്ന് ഗാന്ധിനഗര്‍ ഹൗസിങ് കോളനി, ഗ്രീന്‍ലാന്റ് വില്ല, വല്ലം ഭാഗത്തുമായി നിരവധി ഭവനങ്ങളാണ് സ്ഥിതി ചെയ്യുന്നത്. 30 ഏക്കര്‍ സ്ഥലത്തായി സ്ഥാപിക്കേണ്ട കമ്പനി മൂന്ന് ഏക്കര്‍ സ്ഥലത്ത് ഇടുങ്ങിയ സാഹചര്യത്തിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
നഗരസഭ ചെയര്‍മാനടക്കം നാല് പേരാണ് കമ്പനിയുടെ ഉടമകളെന്ന് മുഖ്യമന്ത്രിക്ക് കണ്‍വീനര്‍ എം.എ.സിധിക്ക് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ജനരോഷത്തെ തുടര്‍ന്ന് അനുമതി നല്‍കാതിരുന്ന കമ്പനിയാണ് പെരുമ്പാവൂരില്‍ തുടങ്ങുന്നത്. ഗ്രീന്‍ ചാനല്‍ വഴിയും അധികാര ദുര്‍വിനിയോഗം വഴിയും ആണ് കമ്പനിക്ക് അനുമതി സമ്പാദിച്ചിരിക്കുന്നത്. ഇത്തരം മാരക വിഷം തുപ്പുന്ന കമ്പനികള്‍ക്ക് അനുമതി നല്കിയ നഗരസഭ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: