സച്ചിന് രമേഷ് ടെന്‍ഡുല്‍ക്കര്‍ക്ക് പകരംവയ്ക്കാനാരുമില്ല. എങ്കിലും ആ പിന്‍വാങ്ങല്‍ സൃഷ്ടിച്ച വിടവ് നികത്താന്‍ ഒരാള്‍ വേണം. ആരാവും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ യഥാര്‍ത്ഥ പിന്‍ഗാമി. വിരാട് കോഹ്ലിയെന്ന ദല്ഹിക്കാരനിലും രോഹിത് ശര്‍മയെന്ന മുംബൈക്കാരനിലുമാണ് ഏവരുടെയും കണ്ണുകള്‍. തുടക്കത്തില്‍ കോഹ്ലിക്ക് അല്‍പ്പം മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും സമീപകാലത്തെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ രോഹിത് ഒപ്പമെത്തിക്കഴിഞ്ഞു. ഷോട്ടുകളുടെ ചാരുതയിലും പൂര്ണതയിലുമൊക്കെ ഇരുവരും ഏറെക്കുറെ സമന്മാരാണെന്നു പറയാം. സാഹസികതയുടെ കാര്യത്തിലും ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ പുത്തന്‍ നക്ഷത്രങ്ങള്‍ ഒട്ടുംപിന്നിലല്ല. സുനില്‍ ഗവാസ്കര്‍ അടക്കമുള്ള മുന്‍താരങ്ങള്‍ കോഹ്ലിയില് മറ്റൊരു സച്ചിനെ കാണുമ്പോള്‍ ഓസീസ് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലിപ്പോലുള്ള മറ്റുചിലര്‍ സച്ചിന്റെ പാതയിലാണ് രോഹിതെന്നു വിലയിരുത്തുന്നു.
സച്ചിന്റെ പിന്മുറക്കാരാവാന് സാധ്യതയുള്ളവരെ ഇത്ര നേരത്തെ പ്രവചിക്കുന്നതിലെ ഔചിത്യം ചോദ്യചെയ്യപ്പെട്ടേക്കാം. പ്രത്യേകിച്ച് രോഹിത്തിന്റെ കാര്യത്തില്‍. സച്ചിനൊഴികെയുള്ള മുംബൈ താരങ്ങളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന അലസതയായിരുന്നു ഒരുസമയത്ത് രോഹിത്തിന്റെ മുഖമുദ്ര. സ്ഥിരതയില്ലെന്ന പഴി ഏറെക്കേട്ടു. എന്നാല്‍ തന്റെ ദൗത്യം തിരിച്ചറിഞ്ഞെന്നോണമാണ് സമീപകാലത്ത് രോഹിത്തിന്റെ പ്രകടനങ്ങള്‍.
ആക്രമണോത്സുകതയില്ലാത്തവന് എന്ന വിമര്‍ശനത്തിന്റെ മുനയൊടിച്ചുകളഞ്ഞു ഉശിരന്‍ ബാറ്റിങ്ങിലൂടെ രോഹിത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത്തിലെ ബാറ്റ്സ്മാന് മികവിന്റെ പാരമ്യതയില്‍ എത്തി. 42, 141, 11, 79, 209 എന്നിങ്ങനെ മുംബൈ താരം റണ്‍സ് കൊയ്തു.
ഏതു ഷോട്ടും കളിക്കാനുള്ള ധൈര്യം രോഹിത്തിനെ വ്യത്യസ്തനാക്കുന്നു. പിച്ചിന്റെ സ്വഭാവം മനസിലാക്കിയശേഷം വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്നതാണ് ശൈലി. വലിയ ഇന്നിങ്ങ്സുകള്ക്കും പ്രാപ്തനെന്ന് തെളിയിച്ചുകഴിഞ്ഞു മുംബൈ താരം. ടൈമിങ്ങിലും പ്ലേസ്മെന്റിലും ഷോട്ട് സെലക്ഷനിലും പിഴവുവരാതിരിക്കാനും രോഹിത് ഏറെ ശ്രദ്ധിക്കുന്നുണ്ട്. 108 മത്സരങ്ങളില്‍ നിന്ന് 3049 റണ്‍സാണ് ഇതുവരെയുള്ള സമ്പാദ്യം. നാലു സെഞ്ചുറികളും 19 അര്‍ധ സെഞ്ചുറികളും അതില്‍ ഉള്‍പ്പെടും. രണ്ടു ടെസ്റ്റുകളില്‍ രണ്ടു സെഞ്ചുറികളോടെ 288 റണ്‍സുകളും നേടിക്കഴിഞ്ഞു.
കോഹ്ലിയുടെ കരിയറിന്റെ ആരംഭത്തിലും കല്ലുകടികള്‍ ഏറെയുണ്ടായി. ചൂടന്‍ സ്വഭാവത്തിലൂടെ ദല്ഹിക്കാരന് അനിഷ്ടങ്ങള്‍ ഏറ്റുവാങ്ങി. കളത്തിനു പുറത്തെ അച്ചടക്കമില്ലാത്ത ജീവിതവും കോഹ്ലിക്കു പ്രശ്നക്കാരന്റെ പരിവേഷം നല്കി. ഏങ്കിലും കോഹ്ലിയിലെ കളിക്കാരന് അധികം ചോദ്യംചെയ്യപ്പെട്ടില്ല.
വ്യക്തിജീവിതത്തിലെ അച്ചടക്കം തിരിച്ചുപിടിച്ച് കളിയില്‍ പൂര്‍ണമായി ശ്രദ്ധപുലര്‍ത്താന്‍ തുടങ്ങിയതോടെ കോഹ്ലിയുടെ റണ്സ്വേട്ടയുടെ വേഗം വര്‍ധിച്ചു. 115 നോട്ടൗട്ട്, 68, 100 നോട്ടൗട്ട്, 61, 68 നോട്ടൗട്ട്, 14, 115, 2, 31, 102,0 എന്നിങ്ങനെ പോകുന്നുഅവസാന പത്തു ഏകദിനങ്ങളില്‍ വിരാടിന്റെ പ്രകടനം. ആദ്യ ഏകദിന സെഞ്ചുറി കുറിക്കാന്‍ സച്ചിന് 79 ഇന്നിങ്ങ്സുകളെടുത്തെങ്കില് 115 മത്സരങ്ങളില്‍ നിന്ന് കോഹ്ലി നേടിയത് 17 സെഞ്ചുറികള്‍. കോഹ്ലി ശതകം കുറിച്ച പത്തു മത്സരങ്ങളില്‍ ഇന്ത്യ സ്കോര്‍ പിന്തുടര്ന്നു ജയിച്ചു.
കളിയോടുള്ള അര്‍പ്പണ മനോഭാവമാണ് കോഹ്ലിയെ സമകാലികരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. കോപ്പിബുക്ക് ഷോട്ടുകള്‍ അനായാസം തൊടുക്കാന്‍ കോഹ്ലിക്കാകുന്നു. എതിര് ബൗളര്‍മാരെ പെരുമനോക്കാതെ കൈകാര്യം ചെയ്യാനും കോഹ്ലി മിടുക്കന് തന്നെ. കളിയുടെ ഏതു രൂപത്തിലും ബാറ്റിങ് ശൈലി ഇണങ്ങുമെന്നതും കോഹ്ലിയുടെ പ്രധാന സവിശേഷത. 119 ഏകദിനങ്ങളില്‍ നിന്ന് 4919 റണ്‍സ് കോഹ്ലിയുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്; 20 ടെസ്റ്റുകളില്‍ നാലു സെഞ്ചുറിയടക്കം 1235ഉം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: